ഘന വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സിൻ്റേർഡ് റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റുകളുടെ (REPM) നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ ₹7,280 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം


REPM ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനും ആഗോള REPM വിപണിയിലെ ഒരു പ്രധാന ശക്തിയായി ഇന്ത്യയെ സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആദ്യ സംരംഭം

ഈ പദ്ധതി 6,000 MTPAയുടെ സിൻ്റേർഡ് REPM-ൻ്റെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ഓട്ടോമോട്ടീവ്, പ്രതിരോധം, എയറോസ്പേസ് മേഖലകൾക്കുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും ആത്മനിർഭർ ഭാരത് അഭിയാൻ, ഇന്ത്യയുടെ നെറ്റ് സീറോ 2070 പ്രതിബദ്ധത എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും

Posted On: 26 NOV 2025 4:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് ₹7,280 കോടി ചെലവിൽ സിൻ്റേർഡ് റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. ഇന്ത്യയിൽ പ്രതിവർഷം 6,000 മെട്രിക് ടൺ (MTPA ) സംയോജിത റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റ് (REPM) നിർമ്മിക്കുക എന്നതാണ് ഈ ആദ്യ സംരംഭത്തിന്റെ ലക്ഷ്യം. ഇത് രാജ്യത്തിൻ്റെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുകയും ആഗോള REPM വിപണിയിൽ ഇന്ത്യയെ ഒരു പ്രധാന ശക്തിയായി സ്ഥാപിക്കുകയും ചെയ്യും.

REPM-കൾ ഏറ്റവും ശക്തമായ സ്ഥിരകാന്തങ്ങളിൽ ഒന്നാണ്. ഇത് ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജം, ഇലക്ട്രോണിക്സ്, എയറോസ്പേസ്, പ്രതിരോധ ആവശ്യങ്ങൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്. റെയർ എർത്ത് ഓക്സൈഡുകൾ ലോഹങ്ങളായും ലോഹങ്ങൾ ലോഹസങ്കരങ്ങളായും ലോഹസങ്കരങ്ങൾ കുറ്റമറ്റ REPM-കളായും പരിവർത്തനം ചെയ്യുന്ന സംയോജിത REPM നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഈ പദ്ധതി പിന്തുണ നൽകും.

ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജം, വ്യാവസായിക ആവശ്യങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, ഇന്ത്യയുടെ REPM ഉപഭോഗം 2025-ൽ നിന്ന് 2030-ഓടെ രണ്ട് ഇരട്ടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഇറക്കുമതിയിലൂടെയാണ് ഇന്ത്യയുടെ REPM ആവശ്യം പ്രധാനമായും നിറവേറ്റുന്നത്. ഇന്ത്യ ഈ സംരംഭത്തിലൂടെ രാജ്യത്തെ ആദ്യ സംയോജിത REPM നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും 2070-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.

പദ്ധതിയുടെ ആകെ സാമ്പത്തിക വിഹിതം 7280 കോടി രൂപയാണ്. ഇതിൽ അഞ്ച് വർഷത്തേക്ക് REPM വിൽപ്പനയിൽ 6450 കോടി രൂപയുടെ വിൽപ്പന-ബന്ധിത പ്രോത്സാഹനങ്ങളും 6,000 MTPA REPM നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 750 കോടി രൂപയുടെ മൂലധന സബ്‌സിഡിയും ഉൾപ്പെടുന്നു. 
ആഗോള മത്സരാധിഷ്ഠിത ലേല പ്രക്രിയയിലൂടെ അഞ്ച് ഗുണഭോക്താക്കൾക്ക് മൊത്തം ഉത്പാദന ശേഷി അനുവദിക്കുന്നതാണ് പദ്ധതി. ഓരോ ഗുണഭോക്താവിനും 1,200 MTPA വരെ ഉത്പാദന ശേഷി അനുവദിക്കും.

അനുവദിച്ച തീയതി മുതൽ 7 വർഷമായിരിക്കും പദ്ധതിയുടെ ആകെ കാലാവധി, ഇതിൽ ഒരു സംയോജിത REPM നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള 2 വർഷത്തെ സ്ഥാപന കാലയളവും REPM വിൽപ്പനയിൽ പ്രോത്സാഹന വിതരണത്തിനുള്ള 5 വർഷവും ഉൾപ്പെടുന്നു.

ആഭ്യന്തര REPM നിർമ്മാണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ആഗോള വിപണികളിൽ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണിത്. REPM ഉത്പാദനത്തിൽ തദ്ദേശീയ കഴിവുകൾ വളർത്തുന്നതിലൂടെ, ഈ പദ്ധതി ആഭ്യന്തര വ്യവസായങ്ങൾക്കുള്ള വിതരണ ശൃംഖല സുരക്ഷിതമാക്കുക മാത്രമല്ല, രാജ്യത്തിൻ്റെ നെറ്റ് സീറോ 2070 പ്രതിബദ്ധതയെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് വികസിത ഭാരത് @2047 എന്ന കാഴ്ചപ്പാടിന് അനുസൃതമായി സാങ്കേതികമായി സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതും സുസ്ഥിരവുമായ ഒരു വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ​ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ ഉൾക്കൊള്ളുന്നു.

***

AT


(Release ID: 2194767) Visitor Counter : 6