ഉപരാഷ്ട്രപതിയുടെ കാര്യാലയം
ദക്ഷിണാംനായ ശൃംഗേരി ശാരദാ പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖര ഭാരതി സന്നിധാനത്തിനായുള്ള പൗരസ്വീകരണ ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധനചെയ്തു
प्रविष्टि तिथि:
24 NOV 2025 8:59PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്റെറിൽ നടന്ന ദക്ഷിണാംനായ ശൃംഗേരി ശാരദാ പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖര ഭാരതി സന്നിധാനത്തിനായുള്ള പൗരസ്വീകരണ ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധനചെയ്തു.
ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യരുടെ അവിരാമമായ ആത്മീയ പരമ്പരയിലെ നിയുക്ത പിൻഗാമിയാണ് സ്വാമിജിയെന്നും, ആദരണീയമായ ദക്ഷിണാംനായ ശ്രീ ശാരദാ പീഠത്തിൽ നിന്നുള്ള അദ്വൈത വേദാന്തത്തിന്റെ ഉജ്ജ്വല പാരമ്പര്യമാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ആദിശങ്കരാചാര്യരുടെ പൈതൃകത്തെ അനുസ്മരിച്ചുകൊണ്ട്, സനാതന ധർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും വിവിധ ദാർശനിക ധാരകളെ ഏകോപിപ്പിക്കുന്നതിനുമായി ഭാരതത്തിലുടനീളം സഞ്ചരിച്ച ആ മഹാനായ തത്വചിന്തകൻ, ശൃംഗേരിയിൽ നാല് ആമ്നായ പീഠങ്ങളിൽ ആദ്യത്തേത് സ്ഥാപിച്ചതിനെക്കുറിച്ച് ഉപരാഷ്ട്രപതി പരാമർശിച്ചു. പന്ത്രണ്ട് നൂറ്റാണ്ടിലധികമായി ശൃംഗേരി മഠം കരുണയുടെയും നിസ്വാർത്ഥതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും, ഹിന്ദു ചിന്താഗതിയെയും ആചാരങ്ങളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും കൃത്യമായ പഠനം, സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കൽ, ശാസ്ത്രീയ കലകളെ പരിപോഷിപ്പിക്കൽ, പണ്ഡിതന്മാർ, ആചാര്യന്മാർ, അന്വേഷകർ എന്നിവരെ പരിശീലിപ്പിക്കൽ തുടങ്ങി അമൂല്യമായ പാരമ്പര്യങ്ങൾ ശൃംഗേരി മഠം സംരക്ഷിച്ചുവരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ വിഭാഗങ്ങളിൽപെട്ട ആളുകളെ സ്വാഗതം ചെയ്തുകൊണ്ട്, 'ലോകം ഒരു കുടുംബമാണ്' (വസുധൈവ കുടുംബകം) എന്ന വൈദിക ആദർശമാണ് ഈ പീഠങ്ങൾ ഉൾക്കൊള്ളുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പ്രഭാഷണത്തിനായി ഇന്ത്യ ഫൗണ്ടേഷൻ തിരഞ്ഞെടുത്ത വിഷയം ഇന്ന് വളരെ പ്രസക്തമാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. മനുഷ്യസേവയാണ് മാധവസേവ എന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നുവെന്നും, മഠങ്ങൾ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, പീഠങ്ങൾ എന്നിവ ഭാരതീയ സംസ്കൃതിയുടെ ജീവനാഡിയായി വർത്തിക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇവ ധർമ്മത്തെ സംരക്ഷിക്കുന്നതിനും, പുരാതന വിജ്ഞാന സമ്പ്രദായങ്ങളെ പരിപോഷിപ്പിക്കുന്നതിനും, സമൂഹത്തെ സേവിക്കുന്നതിനും, എല്ലാ വിശ്വാസങ്ങൾക്കിടയിലും ഐക്യം വളർത്തുന്നതിനും സഹായിക്കുന്നു.
ഇന്ത്യയുടെ പാരമ്പര്യങ്ങളും ആചാരങ്ങളും എല്ലായ്‌പ്പോഴും സന്തുലനത്തെ കേന്ദ്രീകരിച്ചുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനതായ നാഗരിക സ്വഭാവമുള്ള ഭാരതം, പല മതങ്ങളുടെയും ജന്മസ്ഥലമായിരിക്കെത്തന്നെ, അഭയം തേടിയെത്തിയ എല്ലാ പാരമ്പര്യങ്ങളെയും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ "ഹിന്ദു മതസ്ഥാപനങ്ങൾ: പാരമ്പര്യങ്ങൾ, ആചാരങ്ങൾ, മതാന്തര ഇടപെടലുകൾ" എന്ന വിഷയത്തിൽ ദക്ഷിണാംനായ ശൃംഗേരി ശാരദാ പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖര ഭാരതി സന്നിധാനത്തിന്റെ ആത്മീയ പ്രഭാഷണവും പൗരസ്വീകരണ ചടങ്ങും ഇന്ത്യ ഫൗണ്ടേഷനാണ് സംഘടിപ്പിച്ചത്.
****
(रिलीज़ आईडी: 2193966)
आगंतुक पटल : 5