പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവംബർ 25-ന് പ്രധാനമന്ത്രി അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും


ഈ സുപ്രധാന വേളയിൽ, ശ്രീരാമ ജന്മഭൂമി ക്ഷേത്ര ​ഗോപുരത്തിൽ പ്രധാനമന്ത്രി ആചാരപരമായി കാവി നിറത്തിലുള്ള പതാക ഉയർത്തും.

ഭഗവാൻ ശ്രീരാമൻ്റെ മഹിമയും വീര്യവും രാമരാജ്യത്തിൻ്റെ ആദർശങ്ങളും പ്രതിനിധാനം ചെയ്യുന്ന, കോവിദാര വൃക്ഷവും 'ഓം' എന്ന അക്ഷരവും ആലേഖനം ചെയ്തിരിക്കുന്ന പ്രകാശമാനമായ സൂര്യൻ പതാകയുടെ സവിശേഷതയാണ്

ശ്രീരാമൻ്റെയും സീതാ മാതാവിൻ്റെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത്ത് മുഹൂർത്തത്തിൽ പതാക ഉയർത്തും

വസിഷ്ഠ മഹർഷി, വിശ്വാമിത്ര മഹർഷി, അഗസ്ത്യ മഹർഷി, വാൽമീകി മഹർഷി, അഹല്യാ ദേവി, നിഷാദ്‌രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുള്ള സപ്തമന്ദിരവും പ്രധാനമന്ത്രി സന്ദർശിക്കും.

Posted On: 24 NOV 2025 11:45AM by PIB Thiruvananthpuram

രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക-ആത്മീയ മണ്ഡലത്തിലെ ഒരു സുപ്രധാന മുഹൂർത്തം അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 25-ന് ഉത്തർപ്രദേശിലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.

രാവിലെ 10 മണിയോടെ വസിഷ്ഠ മഹർഷി, വിശ്വാമിത്ര മഹർഷി, അഗസ്ത്യ മഹർഷി, വാൽമീകി മഹർഷി, അഹല്യാ ദേവി, നിഷാദ്‌രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുള്ള സപ്തമന്ദിരം പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് അദ്ദേഹം ശേഷാവതാര ക്ഷേത്രത്തിലും ദർശനം നടത്തും.

രാവിലെ 11 മണിയോടെ പ്രധാനമന്ത്രി മാതാ അന്നപൂർണ്ണ ക്ഷേത്രം സന്ദർശിക്കും. അതിനുശേഷം രാം ദർബാർ ഗർഭഗൃഹത്തിൽ ദർശനവും പൂജയും നടത്തും, തുടർന്ന് രാം ലല്ല ഗർഭഗൃഹത്തിൽ ദർശനം നടത്തും.

ഉച്ചയ്ക്ക് 12 മണിയോടെ, ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായതിൻ്റെ പ്രതീകമായി, സാംസ്കാരിക ആഘോഷത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ​ഗോപുരത്തിൽ പ്രധാനമന്ത്രി ആചാരപരമായി കാവി നിറത്തിലുള്ള പതാക ഉയർത്തും. ഈ ചരിത്ര അവസരത്തിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.

മാർഗ്ഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനത്തിലാണ് ഈ പരിപാടി നടക്കുക. ഇത് ശ്രീരാമൻ്റെയും സീതാ മാതാവിൻ്റെയും വിവാഹ പഞ്ചമിയുമായി ഒത്തുചേരുന്ന അഭിജിത്ത് മുഹൂർത്തത്തിലാണ്. ഈ ദിവസം ദിവ്യമായ സംയോജനത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ, 17-ാം നൂറ്റാണ്ടിൽ അയോധ്യയിൽ 48 മണിക്കൂർ തടസ്സമില്ലാതെ ധ്യാനിച്ച ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനവും ഇതേ ദിവസമാണ്. ഇത് ഈ ദിവസത്തിൻ്റെ ആത്മീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

പത്ത് അടി ഉയരവും ഇരുപത് അടി നീളവുമുള്ള ലംബകോൺ ത്രികോണാകൃതിയിലുള്ള ഈ പതാകയിൽ, ഭഗവാൻ ശ്രീരാമൻ്റെ മഹിമയും വീര്യവും പ്രതിനിധാനം ചെയ്യുന്ന തേജസ്സുള്ള സൂര്യൻ്റെ ചിത്രവും കോവിദാര വൃക്ഷത്തിൻ്റെ ചിത്രത്തോടൊപ്പം 'ഓം' എന്ന ലിഖിതവും ആലേഖനം ചെയ്തിട്ടുണ്ട്. ഈ പവിത്രമായ കാവി പതാക, രാമരാജ്യത്തിൻ്റെ ആദർശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അന്തസ്സ്, ഐക്യം, സാംസ്കാരികപരമായ തുടർച്ച എന്നിവയുടെ സന്ദേശം നൽകും.

പരമ്പരാഗത ഉത്തരേന്ത്യൻ ഭാരതീയ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ​ഗോപുരത്തിന് മുകളിലായിരിക്കും പതാക ഉയർത്തുക. ക്ഷേത്രത്തിന് ചുറ്റും ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലിയിൽ രൂപകൽപ്പന ചെയ്ത 800 മീറ്റർ ചുറ്റളവിലുള്ള പർക്കോട്ട ക്ഷേത്രത്തിൻ്റെ വാസ്തുവിദ്യാ വൈവിധ്യം പ്രദർശിപ്പിക്കുന്നു.

പ്രധാന ക്ഷേത്രത്തിൻ്റെ ചുറ്റുമതിലുകളിൽ വാൽമീകി രാമായണത്തെ അടിസ്ഥാനമാക്കി, സൂക്ഷ്മമായി കൊത്തിയെടുത്ത, ഭഗവാൻ ശ്രീരാമൻ്റെ ജീവിതത്തിലെ 87 എപ്പിസോഡുകൾ ക്ഷേത്ര സമുച്ചയത്തിൻ്റെ പ്രത്യേകതയാണ്. കൂടാതെ, ചുറ്റുമതിലിനോട് ചേർന്ന് ഇന്ത്യൻ സംസ്കാരത്തിൽ നിന്നുള്ള 79 വെങ്കല എപ്പിസോഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം സന്ദർശകർക്ക് ഭഗവാൻ ശ്രീരാമൻ്റെ ജീവിതത്തെയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്ന അർത്ഥവത്തായതും വിജ്ഞാനപ്രദവുമായ അനുഭവമായിരിക്കും.

***

AT


(Release ID: 2193467) Visitor Counter : 10