ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സന്നിഹിതനായി

Posted On: 23 NOV 2025 2:22PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള ശ്രീ സത്യസായി ഹിൽ വ്യൂ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ  ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു.

ദൈവത്തിൻ്റേയും സമാധാനത്തിൻ്റേയും സ്നേഹത്തിൻ്റേയും നിസ്വാർത്ഥ സേവനത്തിൻ്റേയും മഹാനായ ദൂതനായിരുന്നു ശ്രീ സത്യസായി ബാബയെന്ന് സദസ്സിനെ അഭിസംബോധന ചെയത് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. അദ്ദേഹത്തിൻ്റെ സന്ദേശവും ദൗത്യവും ജാതി, മതം, വർഗ്ഗം, ദേശീയത എന്നിവയുടെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു. "എല്ലാവരേയും സ്നേഹിക്കുക, എല്ലാവരേയും സേവിക്കുക", "എപ്പോഴും സഹായിക്കുക, ഒരിക്കലും വേദനിപ്പിക്കരുത്" തുടങ്ങിയ ബാബയുടെ മാർഗ്ഗദർശക തത്വങ്ങളാണ് അദ്ദേഹം ഏറ്റെടുത്ത എല്ലാ സംരംഭങ്ങളേയും അതോടൊപ്പം അദ്ദേഹം സ്പർശിച്ച ഓരോ ജീവിതത്തേയും രൂപപ്പെടുത്തിയെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

ശ്രീ സത്യസായി ബാബ തൻ്റെ ജീവിതം മുഴുവൻ മനുഷ്യരാശിയെ സ്നേഹിക്കുന്നതിനും സേവിക്കുന്നതിനുമായി സമർപ്പിച്ചുകൊണ്ട് കാലാതീതമായ സത്യത്തിൻ്റെ പ്രതീകമായി മാറിയെന്ന്  സന്യാസ കവിയായ തിരുവള്ളുവരുടെ തിരുക്കുറലിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഉപരാഷ്ട്രപതി  ചൂണ്ടിക്കാട്ടി.

സത്യം, ധർമ്മം, സമാധാനം, സ്നേഹം, അഹിംസ എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ബാബയുടെ  സന്ദേശങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഐക്യവും പുരോഗമനവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഈ ശാശ്വത മൂല്യങ്ങൾ ഇന്നും അനിവാര്യമാണെന്ന് കൂട്ടിച്ചേർത്തു. അനിശ്ചിതത്വവും സംഘർഷവും നിറഞ്ഞ ഇന്നത്തെ ലോകത്ത് ഈ മൂല്യങ്ങളുടെ പ്രസക്തി വളരെ വലുതാണെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു. പൊരുത്തക്കേടുകളെ ഐക്യം കൊണ്ടും സ്വാർത്ഥതയെ ത്യാഗം കൊണ്ടും മാറ്റിസ്ഥാപിക്കാൻ മനുഷ്യരാശിയെ പ്രേരിപ്പിക്കുന്ന ബാബയുടെ സന്ദേശം ഉപരാഷ്ട്രപതി അടിവരയിട്ടു.

പൊതുജീവിതത്തിലും സത്യം, കടമ, സഹാനുഭൂതി, ധാർമ്മിക ഉത്തരവാദിത്തം എന്നീ ഗുണങ്ങൾ മാർഗ്ഗദർശകമായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശ്രീ സത്യസായി ബാബ ആഴത്തിൽ പ്രചരിപ്പിച്ച സദ്ഗുണങ്ങളാണിവ.

ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ ദൂരവ്യാപകമായ സ്വാധീനം എടുത്തുകാണിച്ചുകൊണ്ട് ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിലെ വിപുലമായ സംരംഭങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിദൂര സമൂഹങ്ങളുടെ സുപ്രധാന ജീവനാഡിയായി പ്രവർത്തിക്കുന്ന ട്രസ്റ്റിൻ്റെ മൊബൈൽ  ഗ്രാമീണ ആരോഗ്യ സേവനങ്ങളേയും ലോകോത്തരവും മൂല്യാധിഷ്ഠിതവും ഫീസ് രഹിതവുമായ വിദ്യാഭ്യാസം നൽകുന്ന ട്രസ്റ്റിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

കുടിവെള്ള പദ്ധതികൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, നിരവധി മാനുഷിക സേവനങ്ങൾ എന്നിവയിലൂടെ ട്രസ്റ്റ് സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നത് തുടരുകയാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ചെന്നൈ നഗരത്തിൽ കുടിവെള്ള വിതരണം ഉറപ്പാക്കിയ തെലുങ്ക് ഗംഗാ കനാൽ പുനരുജ്ജീവിപ്പിച്ചതിൽ ശ്രീ സത്യസായി ബാബ നല്കിയ സുപ്രധാന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾ എന്നെന്നും ഓർമ്മിക്കുന്ന ഒരു സേവനമാണിത്. സേവനത്തിലൂടെ പ്രകടിപ്പിക്കുന്ന സ്നേഹത്തിന് സമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്യാമെന്നതിൻ്റെ ശാശ്വത ഉദാഹരണങ്ങളായി ഈ സംരംഭങ്ങൾ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ശുഭകരമായ വേളയിൽ, ആവശ്യമുള്ളവർക്ക് സഹായഹസ്തം നീട്ടിക്കൊണ്ടും കുടുംബങ്ങളിലും, സമൂഹങ്ങളിലും, രാജ്യത്തും സമാധാനം പരിപോഷിപ്പിച്ചും ബാബയുടെ പൈതൃകത്തെ  പ്രവൃത്തിയിലൂടെ ആദരിക്കാൻ എല്ലാ ഭക്തരോടും പൗരന്മാരോടും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

മുഴുവൻ സായി സമൂഹത്തിനും ആശംസകൾ നേർന്നുകൊണ്ട് "സമസ്ത ലോകാ സുഖിനോ ഭവന്തു!" എന്ന സാർവത്രിക പ്രാർത്ഥനയോടെ അദ്ദേഹം ഉപസംഹരിച്ചു. "ഏറ്റവും വലിയ ആരാധന സേവനമാണ്, ഏറ്റവും വലിയ സമർപ്പണം സ്നേഹമാണ്" എന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീ സത്യസായി ബാബയുടെ സന്ദേശങ്ങൾ മനുഷ്യരാശിയുടെ പാതയെ പ്രകാശിപ്പിക്കുന്നത് തുടരുമെന്ന് ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.  

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ, ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള ശ്രീ സത്യസായി ഹിൽ വ്യൂ സ്റ്റേഡിയത്തിൽ നടന്ന ആഘോഷപരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക അവതരണവും ഉപരാഷ്ട്രപതി വീക്ഷിച്ചു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു, ത്രിപുര ഗവർണർ ശ്രീ എൻ. ഇന്ദ്രസേന റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി ശ്രീ എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് എച്ച്ആർഡി, ഐ.ടി., ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, ആർടിജി വകുപ്പ് മന്ത്രി ശ്രീ നാരാ ലോകേഷ്, തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രി ശ്രീ ശേഖർ ബാബു, ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ശ്രീ ആർ.ജെ. രത്നാകർ, ശ്രീ സത്യസായി സേവാ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡൻ്റ്  ശ്രീ നിമിഷ് പാണ്ഡ്യ, ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗ് ചാൻസലർ ശ്രീ കെ. ചക്രവർത്തി, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

***


(Release ID: 2193189) Visitor Counter : 7