ഉപരാഷ്ട്രപതിയുടെ കാര്യാലയം
പുട്ടപർത്തിയിലെ ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗിൻ്റെ 44-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു.
Posted On:
22 NOV 2025 8:13PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള പ്രശാന്തി നിലയത്തിൽ നടന്ന ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗിൻ്റെ 44-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു.
സേവനം ഒരു ബാധ്യതയല്ല, മറിച്ച് ഒരു ജീവിതരീതിയാണെന്ന് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ശ്രീ സത്യസായി ബാബയുടെ സങ്കല്പമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നിസ്വാർത്ഥത, ഉദ്ഗ്രഥനം, മികവ് എന്നിവയാൽ പ്രതിജ്ഞാബദ്ധരായ നേതാക്കളെ വളർത്തിയെടുക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ശ്രീ സത്യസായി ബാബ സ്ഥാപിച്ച,സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെ യും പ്രതീകമായി നിലകൊള്ളുന്ന സർവ്വധർമ്മ സ്തൂപമടങ്ങുന്ന സർവകലാശാലാ ചിഹ്നത്തിൻ്റെ പ്രാധാന്യം ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സ്വഭാവരൂപീകരണം, ജ്ഞാനം, എല്ലാ മതങ്ങളോടും പാരമ്പര്യങ്ങളോടും ഉള്ള ആദരം എന്നിവയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യേകം ശ്രദ്ധ നൽകുന്നതിനെ അദ്ദേഹം പ്രകീർത്തിച്ചു.
ഇന്ത്യയുടെ പരിവർത്തനാത്മക വളർച്ചയെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, രാജ്യം അഭൂതപൂർവമായ പുരോഗതിയുടെ പാതയിൽ ആണെന്നും നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായും സുസ്ഥിര വികസനത്തിൻ്റെയും സമാധാനത്തിൻ്റെയും ഒരു ദീപസ്തംഭമായും മാറുന്നതായും പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങൾ പ്രത്യേകിച്ച്, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 - സമഗ്രമായ അധ്യാപക വികസനം, ഗണ്യമായ അടിസ്ഥാന സൗകര്യ നിക്ഷേപം, ഡിജിറ്റൽ ഉപകരണങ്ങളുടെ സ്വീകാര്യത, മെച്ചപ്പെട്ട പഠന ഫലങ്ങൾ എന്നിവയിലൂടെ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിയതായി അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹു വിഷയ ഗവേഷണത്തിലേക്കും മികവിലേക്കും അതിവേഗം മുന്നേറുന്നുണ്ടെന്നും, ജ്ഞാനോൽപാദനം,സാങ്കേതിക പുരോഗതി, സമഗ്ര അക്കാദമിക പുരോഗതി എന്നിവയിൽ ഇന്ത്യയെ ആഗോള നേതൃനിരയിൽ സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവേഷണത്തിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ ഭാവി തലമുറ രാജ്യത്തിൻ്റെ ധാർമ്മികതയിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ - നിർമിത ബുദ്ധി, ബിഗ് ഡാറ്റ, ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെ സ്വീകരിക്കണമെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അദ്ദേഹം അനുസ്മരിച്ചു.ഇന്ത്യ സ്വയം വാക്സിൻ സൃഷ്ടിച്ചത് രാജ്യത്തിനുവേണ്ടി മാത്രമല്ല , മനുഷ്യരാശിയുടെയാകെ ക്ഷേമത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി അദ്ദേഹം അതിനെ വിശേഷിപ്പിച്ചു.
കാരുണ്യവും കൂടിയുണ്ടെങ്കിൽ മാത്രമേ സാമ്പത്തിക ശക്തിക്ക് മൂല്യമുണ്ടാകുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങൾക്ക് സൗജന്യമായി വാക്സിനുകൾ നൽകിക്കൊണ്ട് ഇന്ത്യ ഇത് തെളിയിച്ചു. ഇന്ത്യ ലോകത്തിലെ ഒന്നാമത് സമ്പദ്‌വ്യവസ്ഥയായി മാറുമ്പോൾ, ആഗോള ക്ഷേമത്തിന് കൂടുതൽ സംഭാവന നൽകാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്നിൻ്റെ പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത അദ്ദേഹം, "മയക്കുമരുന്നിനോട് വേണ്ട എന്ന് പറയുക" എന്ന സന്ദേശം ആവർത്തിച്ചു. ഭാരതത്തിൻ്റെ ആത്മീയ ധാർമ്മികത, മാനവികത, അച്ചടക്കം, പ്രതിജ്ഞാബദ്ധമായ ജീവിതരീതി എന്നിവയുടെ അംബാസഡർമാരാകാൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത 2047 ലെ വികസിത ഭാരതം എന്ന ദർശനവുമായി പൊരുത്തപ്പെടാനും രാജ്യത്തിൻ്റെ പുരോഗതിക്ക് അർത്ഥവത്തായ സംഭാവന നൽകാനും അദ്ദേഹം ബിരുദധാരികളോട് അഭ്യർത്ഥിച്ചു.
"മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം" എന്ന ശ്രീ സത്യസായി ബാബയുടെ വാക്കുകൾ ഉപരാഷ്ട്രപതി അനുസ്മരിച്ചു. മൂല്യമേറിയ ഈ സന്ദേശത്തെ ജീവിതത്തിൻ്റെ ഭാഗമാക്കാൻ ബിരുദധാരികളായ വിദ്യാർത്ഥികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
****
(Release ID: 2193034)
Visitor Counter : 5