ഉപരാഷ്ട്രപതിയുടെ കാര്യാലയം
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് , പദ്ധതി നിർവഹണ മന്ത്രാലയം (MoSPI), നിതി ആയോഗ് എന്നിവയുടെ സംരംഭങ്ങൾ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അവലോകനം ചെയ്തു.
प्रविष्टि तिथि:
21 NOV 2025 8:20PM by PIB Thiruvananthpuram
സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണ (സ്വതന്ത്ര ചുമതല) ,ആസൂത്രണ (സ്വതന്ത്ര ചുമതല) , സാംസ്കാരിക വകുപ്പ് സഹമന്ത്രി ശ്രീ റാവു ഇന്ദർജിത് സിംഗ്, നിതി ആയോഗ് സി.ഇ.ഒ ശ്രീ ബി. വി. ആർ. സുബ്രഹ്മണ്യം, സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണ മന്ത്രാലയം (MoSPI) സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഇന്ന് പാർലമെൻ്റ് ഹൗസിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ , നിതി ആയോഗിൻ്റെ പ്രവർത്തനങ്ങൾ, പ്രധാന സംരംഭങ്ങൾ, വരാനിരിക്കുന്ന പദ്ധതികൾ എന്നിവയേക്കുറിച്ചും വികസിത ഭാരതം @2047 എന്ന ലക്ഷ്യത്തിനായുള്ള കാഴ്ചപ്പാടും തന്ത്രപരമായ രൂപരേഖ സംബന്ധിച്ച വിശദീകരണവും ഉപരാഷ്ട്രപതിക്ക് നല്കി.
നയരൂപീകരണ ചട്ടക്കൂടുകൾ, പദ്ധതികളുടെ രൂപകൽപ്പന, വിവിധ മേഖലകളിലെ അടിസ്ഥാന നിർവ്വഹണം എന്നിവ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാന സർക്കാരുകളുമായും നിതി ആയോഗ് നടത്തിയ സജീവ ഇടപെടലിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം പോലുള്ള സ്ഥാപനത്തിൻ്റെ മുൻനിര സംരംഭങ്ങളെ അദ്ദേഹം പ്രശംസിച്ചു.
MoSPI യുടെ ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനത്തിൻ്റെ ഘടനയേക്കുറിച്ചും പ്രവർത്തനങ്ങളേക്കുറിച്ചും ഉപരാഷ്ട്രപതിക്ക് വിശദീകരണം ലഭിച്ചു. ഡാറ്റ ശേഖരണം, സമാഹരണം, ജി.ഡി.പി. സംഗ്രഹങ്ങൾ, ഉപഭോക്തൃ വില സൂചിക (CPI), വ്യാവസായിക ഉൽപ്പാദന സൂചിക (IIP) പോലുള്ള പ്രധാന ദേശീയ സൂചകങ്ങളുടെ പ്രസിദ്ധീകരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ നിർമ്മിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശക്തമായ മാനദണ്ഡങ്ങളും മികച്ച രീതികളും ഉയർത്തിപ്പിടിക്കുന്നതിൽ MoSPI നടത്തുന്ന ശ്രമങ്ങളെ ശ്രീ സി.പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. ഫലപ്രദമായ നയരൂപീകരണം, ഭരണപരമായ കാര്യക്ഷമത, രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വികസനം എന്നിവയുടെ അടിത്തറയായി ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവും സമയബന്ധിതവുമായ ഡാറ്റയുടെ നിർണായക പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. 2047 ഓടെ വികസിത ഭാരതം എന്ന ദേശീയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ തന്ത്രപരമായ ആസൂത്രണത്തിൻ്റേയും ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കലിൻ്റേയും പ്രാധാന്യം ഉപരാഷ്ട്രപതി ആവർത്തിച്ചു.
***
(रिलीज़ आईडी: 2192755)
आगंतुक पटल : 8