ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

നിര്‍മിതബുദ്ധിയെക്കുറിച്ച് മനസിലാക്കാൻ എല്ലാവരെയും സഹായിക്കുന്ന 'യുവ എഐ ഫോർ ഓൾ' സൗജന്യ ദേശീയ കോഴ്‌സിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ

Posted On: 18 NOV 2025 6:45PM by PIB Thiruvananthpuram
യുവജനങ്ങളടക്കം ഇന്ത്യക്കാർക്കെല്ലാം നിര്‍മിതബുദ്ധി (എഐ) പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആദ്യമായി 'യുവ എഐ ഫോർ ഓൾ' എന്ന സവിശേഷ സൗജന്യ കോഴ്‌സിന് ഇന്ത്യ-എഐ ദൗത്യത്തിന് കീഴിൽ കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം തുടക്കം കുറിച്ചു.  

വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും മറ്റ് പഠിതാക്കൾക്കും നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാനും  ലോകത്തെ എഐ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന്  തിരിച്ചറിയാനുമായി  4.5 മണിക്കൂർ ദൈർഘ്യത്തില്‍ രൂപകല്പന ചെയ്ത സ്വയം പഠിക്കാനാവുന്ന കോഴ്‌സാണിത്.  ലളിതവും പ്രായോഗികവുമായ കോഴ്സ് കൂടുതൽ എളുപ്പവും രസകരവുമാക്കാന്‍ യഥാർത്ഥ ഇന്ത്യൻ ഉദാഹരണങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

ഫ്യൂച്ചർ സ്കിൽസ് പ്രൈം, ഐ-ജിഒടി കർമയോഗി എന്നിവയ്ക്കൊപ്പം മറ്റ് പ്രമുഖ വിദ്യാഭ്യാസ-സാങ്കേതിക പോർട്ടലുകളിലും  മുൻനിര ഓണ്‍ലൈന്‍ പഠന വേദികളിലും കോഴ്‌സ് സൗജന്യമായി ലഭ്യമാണ്. കോഴ്‌സ് പൂർത്തീകരിക്കുന്ന  പഠിതാക്കള്‍ക്കെല്ലാം കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക സാക്ഷ്യപത്രവും ലഭിക്കും.

ലളിതമായ ആറ് മൊഡ്യൂളുകളിലൂടെ പഠിതാക്കൾക്ക്:

എഐ എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസിലാക്കാനാവുന്നു.  

വിദ്യാഭ്യാസം, സർഗാത്മകത, തൊഴില്‍ എന്നിവയെ എഐ എങ്ങനെ പരിവര്‍ത്തനം ചെയ്യുന്നുവെന്ന് പഠിക്കാനാവുന്നു.  

എഐ സംവിധാനങ്ങള്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും എങ്ങനെ ഉപയോഗിക്കാമെന്ന് തിരിച്ചറിയാനാവുന്നു.

ഇന്ത്യയിലെ മികച്ചതും യഥാർത്ഥവുമായ എഐ ഉപയോഗ സാഹചര്യങ്ങളെ പര്യവേക്ഷണം ചെയ്യാനാവുന്നു.

എഐയുടെ ഭാവി സംബന്ധിച്ചും വരുംകാലത്തെ പുതിയ അവസരങ്ങളെക്കുറിച്ചും മനസ്സിലാക്കാനാവുന്നു.

എന്തുകൊണ്ട് 'യുവ എഐ ഫോർ ഓൾ'?

ഇത് 100% സൗജന്യവും എല്ലാവർക്കും ലഭ്യവുമാണ്.

എപ്പോഴും എവിടെയും സ്വന്തം സൗകര്യാര്‍ത്ഥം പഠിക്കാൻ  അവസരമൊരുക്കുന്നു.  

പഠിതാക്കള്‍ക്ക് കേന്ദ്ര സർക്കാരിൻ്റെ സാക്ഷ്യപത്രം നേടാം.

ഭാവിസജ്ജമായ നൈപുണ്യങ്ങള്‍ കരസ്ഥമാക്കാന്‍  സാധിക്കുന്നു.

എഐ-അധിഷ്ഠിത രാഷ്ട്രമായി മാറാന്‍ ഇന്ത്യ നടത്തുന്ന യാത്രയുടെ ഭാഗമാണിത്.

ഇന്ത്യയുടെ എഐ ഭാവി കെട്ടിപ്പടുക്കുന്നു

ഒരു കോടി (10 മില്യൺ) പൗരന്മാർക്ക് അടിസ്ഥാനപരമായ എഐ കഴിവുകൾ നൽകാനാണ് ഈ സംരംഭത്തിലൂടെ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം ലക്ഷ്യമിടുന്നത്.  ഡിജിറ്റൽ വിഭജനം നികത്താനും ധാർമിക എഐ ഉപയോഗം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ തൊഴിലാളി സമൂഹത്തെ ഭാവി സജ്ജമാക്കാനും ഇത്  സഹായിക്കുന്നു.

രാജ്യത്തിന്റെ നാനാ കോണുകളിലേക്കും ഈ കോഴ്‌സ് എത്തിക്കുന്നതിനായി സംഘടനകള്‍ക്കും വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇന്ത്യ-എഐ ദൗത്യത്തില്‍ പങ്കുചേരാം. കോഴ്‌സ് സംയോജിപ്പിക്കാനും പഠിതാക്കള്‍ക്കിടയില്‍ പ്രചാരം നല്‍കാനും സാക്ഷ്യപത്രങ്ങളില്‍ സംയുക്ത ബ്രാൻഡിംഗ് നടത്താനും ഇതുവഴി പങ്കാളികൾക്ക് സാധിക്കുന്നു.  

പ്രമുഖ എഐ വിദഗ്ധനും ഗ്രന്ഥകാരനും എഐ ആന്‍ഡ് ബിയോന്‍ഡ്, ടെക് വിസ്പര്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ജസ്പ്രീത് ബിന്ദ്ര  ഇന്ത്യ-എഐ ദൗത്യത്തിനുവേണ്ടി വികസിപ്പിച്ച ഈ കോഴ്‌സ് ആഗോള  വിജ്ഞാനത്തെ ഇന്ത്യൻ സാഹചര്യങ്ങളുമായി സമന്വയിപ്പിക്കുകയും ധാർമികവും ഉത്തരവാദിത്തപൂര്‍ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

കോഴ്‌സ് ലഭിക്കാന്‍: https://www.futureskillsprime.in/course/yuva-ai-for-all/
 
SKY
 
**********

(Release ID: 2191510) Visitor Counter : 8