രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ദ്രൗപദി മുർമു ബോട്സ്വാന പാർലമെന്റിനെ അഭിസംബോധന ചെയ്തു.

Posted On: 12 NOV 2025 9:08PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 നവംബർ 12) ഗാബറോണെയിലെ ബോട്സ്വാന നാഷണൽ  അസംബ്ലി സന്ദർശിച്ച് പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയെ നാഷണൽ അസംബ്ലി സ്പീക്കർ H.E ദിതപെലോ എൽ കിയോറപെറ്റ്സെ , ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്  എന്നിവർ ചേർന്ന് സ്വീകരിച്ചു.

ബോട്സ്വാനയുടെ ഏക സഭാ സംവിധാനത്തിലുള്ള പാർലമെന്റിലെ ഏക നിയമനിർമ്മാണ സഭയാണ് നാഷണൽ അസംബ്ലി. രാഷ്ട്രപതിയും ദേശീയ സഭയും ചേർന്നതാണ് ഈ സഭ. ഗോത്ര മേധാവികളുടെ ഒരു കൗൺസിലായ എൻ‌ടി‌ലോ യാ ഡിക്‌ഗോസിയാണ് ഈ സഭയ്ക്ക് ഉപദേശം നൽകുന്നത് .1966-ൽ ബോട്സ്വാന സ്വാതന്ത്ര്യം നേടിയതിനുശേഷം, സ്ഥിരമായ ബഹുകക്ഷി തിരഞ്ഞെടുപ്പുകളും സമാധാനപരമായ  അധികാര കൈമാറ്റങ്ങളും നടന്നു വരുന്നു.

ജനാധിപത്യത്തിന്റെയും സദ്ഭരണത്തിന്റെയും ഫലപ്രദമായ നേതൃത്വത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് ബോട്സ്വാനയെന്ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. ജനാധിപത്യ സംവിധാനം സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി  പൂർണ്ണമായി പ്രവർത്തിക്കുമ്പോൾ;രാജ്യത്തിന്റെ സമഗ്ര വികസനത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനുമായി  ദേശീയ വിഭവങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ, അതിലൂടെ  ഒരു രാജ്യത്ത് എന്തെല്ലാം സാധ്യമാകുമെന്ന് ബോട്സ്വാന തെളിയിച്ചുകഴിഞ്ഞുവെന്ന് രാഷ്ട്രപതി പറഞ്ഞു.  .

ഇന്ത്യയും ബോട്സ്വാനയും തമ്മിൽ  വിശ്വാസം , ബഹുമാനം , പൊതു മൂല്യം  , ജനാധിപത്യത്തിലും മാനുഷിക അന്തസ്സിലുമുള്ള പൊതുധാരണ  എന്നിവയിൽ  അധിഷ്ഠിതമായ സ്വാഭാവിക സൗഹൃദം പങ്കിടുന്ന രാജ്യങ്ങളാണെന്ന്  രാഷ്ട്രപതി പറഞ്ഞു. പതിറ്റാണ്ടുകളായി, നമ്മുടെ പങ്കാളിത്തം  മുൻകാല സഹകരണത്തിലൂടെ മാത്രമല്ല, അതിന്റെ ശോഭനമായ ഭാവിയുടെ വാഗ്ദാനത്തിലൂടെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, കൃഷി, പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നിങ്ങനെ നിരവധി മേഖലകളിൽ ഇന്ത്യ-ബോട്സ്വാന സഹകരണം വ്യാപിച്ചിരിക്കുന്നുവെന്ന് അവർ അടിവരയിട്ടു.

രാജ്യശേഷി വികസനത്തിലും മനുഷ്യവിഭവശേഷി വികസനത്തിലും  ഏറു രാജ്യങ്ങളും തുടരുന്ന സഹകരണത്തെ ഇന്ത്യ അഭിമാനത്തോടെ കാണുന്നതായി രാഷ്ട്രപതി പറഞ്ഞു.ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആയിരത്തിലധികം ബോട്സ്വാന യുവാക്കൾ ഇന്ത്യയിൽ പഠനവും പരിശീലനവും നേടി, പുതിയ കഴിവുകളും വിപുലമായ അറിവും ദീർഘകാല സൗഹൃദങ്ങളും പങ്കിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങിയതായും അവർ സൂചിപ്പിച്ചു. ഇന്ന് യുവാക്കൾക്ക് വിദ്യാഭ്യാസവും നൈപുണ്യവും മാത്രമല്ല, തൊഴിൽമേഖല രൂപപ്പെടുത്താനും അവരുടെ സൃഷ്ടിപരമായ ഊർജം രാഷ്ട്രനിർമ്മാണത്തിലേക്ക് നയിക്കാനും അവസരങ്ങൾ ആവശ്യമുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി. അതിനായി പരിസ്ഥിതി സൗഹൃദവും  ദീർഘകാലം നിലനിൽക്കുന്നതുമായ  സാമ്പത്തിക വളർച്ച ഉറപ്പാക്കേണ്ടതുണ്ടെന്ന് ശ്രീമതി മുർമു  ഊന്നിപ്പറഞ്ഞു.

നമ്മുടെ സമ്പദ്‌വ്യവസ്ഥകൾ ആധുനികവൽക്കരിക്കപ്പെടുകയും വൈവിധ്യവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ, പുതിയ അവസരങ്ങൾ ഉയർന്നുവരുമെന്ന് രാഷ്ട്രപതി  ചൂണ്ടിക്കാട്ടി. ഈ അവസരങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തണമെന്ന് അവർ നിർദേശിച്ചു. ബോട്സ്വാനയിലെ വജ്രം, ഊർജ്ജം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ  ഇന്ത്യൻ കമ്പനികൾ സജീവമാണെന്നും പുനരുപയോഗ ഊർജ്ജം,ഡിജിറ്റൽ നവീകരണം, ഫാർമസ്യൂട്ടിക്കൽസ്, ഖനനം എന്നീ മേഖലകളിലും സഹകരണത്തിന് വലിയ സാധ്യതകൾ ഉണ്ടെന്നും  ശ്രീമതി മുർമു  വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും  വ്യവസായ സമൂഹങ്ങൾ സാമ്പത്തിക പങ്കാളിത്തത്തിന്റെ പൂർണ്ണ സാധ്യതകൾ  പ്രയോജനപ്പെടുത്താൻ കൈകോർക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.

കൂടുതൽ നീതിയുക്തവും സുസ്ഥിരവുമായ ഒരു ലോകക്രമത്തിന് മികച്ച  സംഭാവനകൾ നൽകാൻ പരസ്പര സഹകരണത്തിലൂടെ ഇരുരാജ്യങ്ങൾക്കും കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സൗഹൃദം പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തെ  പിന്തുണയ്ക്കുന്നതോടൊപ്പം അർത്ഥവത്തായ ആഗോള ദക്ഷിണ സഹകരണത്തെ   ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു:

ആഫ്രിക്ക ഭാവിയുടെ   ഭൂഖണ്ഡമാണെന്ന് പറഞ്ഞ രാഷ്ട്രപതി, യുവജനങ്ങളുടെ പങ്കാളിത്തവും സമൃദ്ധമായ പ്രകൃതിവിഭവങ്ങളും കൊണ്ട് ഈ ഭൂഖണ്ഡം ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ശക്തി പകരുമെന്നും  വ്യക്തമാക്കി. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകജനസംഖ്യയുടെ 40 ശതമാനമായ 2.8 ബില്യൺ ജനങ്ങളുടെ ഊർജം വെളിപ്പെടുത്താൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. “വിക്സിത് ഭാരത് 2047” എന്ന ഇന്ത്യയുടെ ദർശനവും ആഫ്രിക്കയുടെ “അജണ്ട 2063” എന്ന കാഴ്ചപ്പാടും  ഇരു രാജ്യങ്ങളും തമ്മിൽ സജീവ സഹകരണത്തിനുള്ള വലിയ അവസരം തുറന്നുകാട്ടുന്നതായും രാഷ്ട്രപതി പറഞ്ഞു .

ഇന്ത്യയും ബോട്സ്വാനയും തമ്മിലുള്ള സൗഹൃദം വെറും ഗവൺമെന്റുകൾ തമ്മിലുള്ളതല്ലെന്നും പരസ്പരം ബഹുമാനിക്കുകയും സമാധാനപരവും സമൃദ്ധവുമായ ഭാവിക്കായി ഒരേ പ്രതീക്ഷകൾ പങ്കിടുകയും ചെയ്യുന്ന ജനങ്ങൾ തമ്മിലുള്ള സൗഹൃദമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഇരു രാജ്യങ്ങളെയും സമ്പന്നമാക്കുകയും ലോകത്തിന്റെ  ക്ഷേമത്തിന്  മഹത്തായ  സംഭാവന നൽകുകയും ചെയ്യുന്ന ഒരു സൗഹൃദം കെട്ടിപ്പടുക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി അഭ്യർത്ഥിച്ചു.

നേരത്തെ, രാഷ്ട്രപതി  ബോട്സ്വാന ഡയമണ്ട് ട്രേഡിംഗ് കമ്പനി (DTCB) സന്ദർശിച്ചു.അവിടെ ,ബോട്സ്വാനയുടെ ധാതു-ഊർജ്ജ  മന്ത്രി ശ്രീമതി ബൊഗോളോ കെനെവെൻഡോയും ,അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും മന്ത്രി ഡോ. ഫെനിയോ ബ്യൂട്ടാലെയും  ചേർന്ന് രാഷ്ട്രപതിയെ   സ്വീകരിച്ചു. ബോട്സ്വാനയുടെ സമ്പദ്‌വ്യവസ്ഥയിൽ വജ്ര മേഖലയുടെ പ്രാധാന്യത്തെ  അവർ ശ്രീമതി മുർമുവിനെ ബോധ്യപ്പെടുത്തി .കൂടാതെ അസംസ്കൃത ഡയമണ്ടുകളുടെ തരംതിരിക്കൽ, മൂല്യനിർണ്ണയം തുടങ്ങിയ പ്രവർത്തനങ്ങളെ വിശദമാക്കുകയും ചെയ്തു .

പിന്നീട്, രാഷ്ട്രപതി ദ്രൗപദി മുർമു, ഗബോറോണിലെ ത്രീ ഡിക്‌ഗോസി സ്മാരകം സന്ദർശിക്കുകയും ബോട്‌സ്വാനയുടെ സ്വാതന്ത്ര്യ സമരത്തിൽ നിർണായക  സ്വാധീനം ചെലുത്തിയ  ബംഗ്‌വാട്ടോയിലെ ഖാമ മൂന്നാമൻ, ബക്‌വേനയിലെ സെബെലെ ഒന്നാമൻ, ബാംഗ്‌വാകെറ്റ്‌സെയിലെ ബത്തോൻ ഒന്നാമൻ എന്നീ മൂന്ന് ഗോത്രമേധാവികളുടെ പ്രതിമകളിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി  ക്ലിക്ക് ചെയ്യുക
 
SKY
 
 
*****

(Release ID: 2189526) Visitor Counter : 14