വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
“ഇന്റർകണക്ഷൻ സംബന്ധമായ നിലവിലുള്ള ട്രായ് ചട്ടങ്ങളുടെ അവലോകനം” എന്ന വിഷയത്തിൽ TRAI ഒരു ആലോചനാപത്രം (Consultation Paper) പുറത്തിറക്കി.
Posted On:
10 NOV 2025 3:27PM by PIB Thiruvananthpuram
“ഇന്റർകണക്ഷൻ സംബന്ധമായ നിലവിലുള്ള ട്രായ് ചട്ടങ്ങളുടെ അവലോകനം” എന്ന വിഷയത്തിൽ TRAI ഒരു ആലോചനാപത്രം (Consultation Paper) പുറത്തിറക്കി.
1997ലെ TRAI നിയമത്തിലെ വകുപ്പ് 11(1)(b) പ്രകാരം, സേവനദാതാക്കൾ തമ്മിലുള്ള ഇന്റർകണക്ഷൻ സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുക, സാങ്കേതിക പൊരുത്തം ഉറപ്പാക്കുക, വിവിധ സേവനദാതാക്കൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നീ മേഖലകളിൽ TRAI-യ്ക്ക് അധികാരമുണ്ട്.
നിലവിലുള്ള ഒമ്പത് ഇന്റർകണക്ഷൻ റെഗുലേഷൻസിന്റെയും സമഗ്രമായ അവലോകനം ട്രായ് ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യയുടെ പരിണാമവും ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ മാറ്റങ്ങളും റെഗുലേറ്ററി ചട്ടക്കൂട് കണക്കിലെടുക്കുന്നുണ്ടെന്ന് അവലോകനത്തിലൂടെ ഉറപ്പാക്കും. അതോടൊപ്പം, ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഭാവിപുരോഗതിയും നൂതനാശയങ്ങളും സ്വീകരിക്കാൻ സജ്ജവുമായ, ഫലപ്രദമായ ഇന്റർകണെക്ഷൻ ചട്ടക്കൂട് രൂപപ്പെടുത്തുക എന്നതും ഈ അവലോകനത്തിന്റെ ലക്ഷ്യമാണ്.
ഒട്ടേറെ നിയന്ത്രണ നടപടികളിലൂടെയാണ് രണ്ട് പതിറ്റാണ്ടിലേറെയായി, ഇന്റർകണക്ഷൻ റെഗുലേറ്ററി ചട്ടക്കൂട് വികാസം പ്രാപിച്ചത്. 1999ലെ ‘ഇന്റർകണക്ട് എഗ്രിമെന്റ്സ് റെഗുലേഷൻസ് രജിസ്റ്റർ’ മുതൽ ഏറ്റവും പുതിയ ‘ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ റെഗുലേഷൻസ്, 2018’ വരെ, ഒട്ടേറെ റെഗുലേഷനുകൾ TRAI നടപ്പിലാക്കി. കൂടാതെ, ഈ രണ്ട് റെഗുലേഷനുകളും, വിവിധ ഇന്റർകണക്ഷൻ റെഗുലേഷനുകളും കാലികമായ ഭേദഗതികൾക്ക് വിധേയമായി. ‘ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (രണ്ടാം ഭേദഗതി) റെഗുലേഷൻസ്, 2020’ ആയിരുന്നു ഏറ്റവും അവസാനത്തെ ഭേദഗതി. ഇത് 2020 ജൂലൈ 10-ന് വിജ്ഞാപനം ചെയ്തു.
നിലവിലുള്ള ഒൻപത് ഇന്റർകണക്ഷൻ റെഗുലേഷനുകളുടെ പട്ടിക ചുവടെ ചേർക്കുന്നു:
ദി ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ റെഗുലേഷൻസ്, 2018
ദി ഷോർട്ട് മെസേജ് സർവീസസ് (SMS) ടെർമിനേഷൻ ചാർജ്സ് റെഗുലേഷൻസ്, 2013
ഇന്റലിജന്റ് നെറ്റ്‌വർക്ക് സർവ്വീസസ് ഇൻ മൾട്ടി-ഓപ്പറേറ്റർ, മൾട്ടി-നെറ്റ്‌വർക്ക് സീനാരിയോ റെഗുലേഷൻസ്, 2006
TRAI (BSNL-ന്റെ സെൽ വൺ ടെർമിനേറ്റിംഗ് ട്രാഫിക്കിനായുള്ള ട്രാൻസിറ്റ് ചാർജുകൾ) റെഗുലേഷൻസ്, 2005
ദി ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ യൂസേജ് ചാർജസ് റെഗുലേഷൻസ്, 2003
ദി ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (റഫറൻസ് ഇന്റർകണക്ട് ഓഫർ) റെഗുലേഷൻസ്, 2002
ദി ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (ചാർജസ് ആൻഡ് റവന്യൂ ഷെയറിംഗ്) റെഗുലേഷൻസ്, 2001
ദി ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (പോർട്ട് ചാർജസ്) റെഗുലേഷൻസ്, 2001
ദി ഇന്റർകണക്ട് എഗ്രിമെന്റ്സ് റെഗുലേഷൻസ് രജിസ്റ്റർ, 1999
നീതിയുക്തമായ മത്സരം, വിവേചനരാഹിത്യം, ഫലപ്രദമായ ഇന്റർകണക്ഷൻ, ചെലവ് അടിസ്ഥാനമാക്കിയുള്ള നിരക്കുനിർണ്ണയം, മൾട്ടി-ഓപ്പറേറ്റർ പരിതസ്ഥിതിയിൽ തടസ്സരഹിതമായ സേവനവിതരണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിൽ കാലാനുസൃതമായി ഭേദഗതി ചെയ്യപ്പെട്ട ഈ ചട്ടക്കൂടുകൾ നിർണ്ണായക പങ്ക് വഹിച്ചു. ഇതിലൂടെ ഉപഭോക്തൃ കേന്ദ്രീകൃതമായ ടെലികോം ആവാസവ്യവസ്ഥയ്ക്കും വളർച്ചക്കും വികസനത്തിനും മേൽപ്പറഞ്ഞ ചട്ടങ്ങൾ ഗണ്യമായ സംഭാവന നൽകി.
ഇന്ത്യയിലെ ടെലികോം വ്യവസായം ദ്രുതഗതിയിലുള്ള സാങ്കേതിക പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിലുള്ള ഇന്റർകണക്ഷൻ സംവിധാനത്തിലെ ചില ഘടകങ്ങൾക്ക് സാങ്കേതിക പ്രസക്തി നഷ്ടപ്പെട്ടു. ആയതിനാൽ ഭാവി ആവശ്യങ്ങൾക്കനുപൂരകമായ ഒരു റെഗുലേറ്ററി പുനഃപരിശോധന അനിവാര്യമായി വന്നു.
ഈ അവലോകനം, മറ്റു പല കാര്യങ്ങളോടൊപ്പം, പ്രധാനമായും ഐപി അധിഷ്ഠിത ഇന്റർകണക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 4G/5G സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുകയും മികച്ച സേവന നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നതിന് ഐപി അധിഷ്ഠിത ഇന്റർകണക്ഷൻ അനിവാര്യമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ, മൊബൈൽ നെറ്റ്‌വർക്ക് ഇന്റർകണക്ഷനുകൾക്ക് നിലവിലുള്ള LSA (ലൈസൻസ്ഡ് സർവീസ് ഏരിയ) തലങ്ങളിലും, ഫിക്സഡ്-ലൈൻ ടെലിഫോൺ നെറ്റ്‌വർക്ക് ഇന്റർകണക്ഷനുകൾക്ക് ജില്ലാ/താലൂക്ക് തലങ്ങളിലും ഉള്ള നിലവാരം കൂടുതൽ പ്രസക്തമാകുന്നു. നിലവിലെ അവലോകനം, ഉപഗ്രഹ അധിഷ്ഠിത ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ പോലുള്ള ഉയർന്നുവരുന്ന പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട ഇന്റർകണക്ഷൻ പ്രശ്‌നങ്ങളും പരിശോധിക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ പ്രധാനമായും പോയിന്റ് ഓഫ് ഇന്റർകണക്റ്റ് (POI) ഗുണങ്ങൾ, അവയുടെ സ്ഥാനം, സാറ്റലൈറ്റ് എർത്ത് സ്റ്റേഷൻ ഗേറ്റ്‌വേകൾ, മറ്റ് ഉപഗ്രഹ, മൊബൈൽ, ഫിക്സഡ്-ലൈൻ നെറ്റ്‌വർക്കുകളുമായുള്ള ഇന്റർകണക്ഷൻ എന്നിവയും ഉൾപ്പെടുന്നു.
ഇന്റർകണക്ഷൻ ചാർജുകൾ, ഇന്റർകണക്ഷൻ ഉപയോഗ ചാർജുകൾ (ഒർജിനേഷൻ ചാർജുകൾ, ട്രാൻസിറ്റ് ചാർജുകൾ, കാരിയേജ് ചാർജുകൾ, ട്രാൻസിറ്റ് കാരിയേജ് ചാർജുകൾ, ടെർമിനേഷൻ ചാർജുകൾ, ഇന്റർനാഷണൽ ടെർമിനേഷൻ ചാർജുകൾ), റഫറൻസ് ഇന്റർകണക്ട് ഓഫർ (RIO) ചട്ടക്കൂട് എന്നിങ്ങനെ സേവന ദാതാക്കൾ തമ്മിലുള്ള ഇന്റർകണക്ഷൻ സമയത്ത് ബാധകമാകുന്ന വിവിധ ചാർജുകളുമായി ബന്ധപ്പെട്ട നിയന്ത്രണ വശങ്ങളും കൺസൾട്ടേഷൻ പേപ്പറിലൂടെ പരിശോധിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട്, പങ്കാളികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി 2025 ഏപ്രിൽ 3-ന് ഒരു പ്രീ-കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കിയിരുന്നു. പ്രീ-കൺസൾട്ടേഷനിൽ ലഭിച്ച അഭിപ്രായങ്ങളും TRAI-യുടെ അനന്തര വിശകലനവും അടിസ്ഥാനമാക്കി, “ഇന്റർകണക്ഷൻ വിഷയങ്ങളിൽ നിലവിലുള്ള TRAI നിയന്ത്രണങ്ങളുടെ അവലോകനം” എന്നത് സംബന്ധിച്ച ഒരു കൺസൾട്ടേഷൻ പേപ്പർ TRAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.trai.gov.in) മുഖേന പ്രസിദ്ധീകരിച്ചു. കൺസൾട്ടേഷൻ പേപ്പറിൽ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള അഭിപ്രായങ്ങൾ 2025 ഡിസംബർ 8-നകം സമർപ്പിക്കണമെന്നും, അഭിപ്രായ വ്യത്യാസങ്ങൾ 2025 ഡിസംബർ 22-നകം അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.
അഭിപ്രായങ്ങളും/പ്രതികരണങ്ങളും ഇലക്ട്രോണിക് രൂപത്തിൽ adv-nsl1@trai.gov.in എന്ന വിലാസത്തിൽ അയയ്ക്കാവുന്നതാണ്. കൂടുതൽ വ്യക്തതയ്ക്കും വിവരങ്ങൾക്കും TRAI യുടെ ഉപദേഷ്ടാവായ ശ്രീ സമീർ ഗുപ്തയെ +91-11-20907752 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
*****
(Release ID: 2188505)
Visitor Counter : 6