വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള നാലാം റൗണ്ട് ചർച്ചകൾ വിജയകരമായി പര്യവസാനിച്ചു.

Posted On: 08 NOV 2025 10:55AM by PIB Thiruvananthpuram
ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അഞ്ച് ദിവസത്തെ ക്രിയാത്മകവും ഭാവിസജ്ജവുമായ ചർച്ചകൾക്ക് ശേഷം, ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) നാലാം റൗണ്ട് ചർച്ചകൾ ഇന്ന് ഓക്ക്‌ലൻഡിലും റൊട്ടോറുവയിലും വിജയകരമായി പര്യവസാനിച്ചു.
 
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ശ്രീ ടോഡ് മക്ലേയും നാലാം റൗണ്ടിൽ കൈവരിക്കാനായ സ്ഥിരതയാർന്ന പുരോഗതി അംഗീകരിക്കുകയും ആധുനികവും സമഗ്രവും ഭാവിസജ്ജവുമായ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്തു.
 
ചരക്ക് വ്യാപാരം, സേവന വ്യാപാരം, സാമ്പത്തിക, വ്യാപാര സഹകരണം, മൂല നിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇരു പക്ഷവും വിശദമായ ചർച്ചകൾ നടത്തി. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ഥിരതയാർന്നതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സുസ്ഥിരവുമായ വളർച്ചയെ പിന്തുണയ്ക്കുന്ന പരസ്പര പ്രയോജനകരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള സംയുക്ത അഭിലാഷമാണ് ചർച്ചകളിൽ പ്രതിഫലിച്ചത്.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ആഗോള അഭിവൃദ്ധിക്കും സുരക്ഷിതമായ വിതരണ ശൃംഖലകൾക്കും സംഭാവന നൽകുന്ന ശക്തമായ സാമ്പത്തിക പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നിർദ്ദിഷ്ട FTA വ്യാപാര വിനിമയങ്ങളും നിക്ഷേപ ബന്ധങ്ങളും ഗണ്യമായി വർദ്ധിപ്പിക്കുകയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക് പ്രവചനാത്മകതയും വിപണി പ്രവേശനവും ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിമാർ അഭിപ്രായപ്പെട്ടു.
 
പ്രക്രിയ വേഗത്തിലാക്കാനും കരാറിൻ്റെ സന്തുലിതവും പരസ്പരം പ്രയോജനകരവുമായ സമാപനം അതിവേഗം യാഥാർത്ഥ്യമാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ.
 
2024–25 സാമ്പത്തിക വർഷത്തിൽ ന്യൂസിലൻഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 1.3 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇത് ഏകദേശം 49 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. കൃഷി, ഭക്ഷ്യ സംസ്‌ക്കരണം, പുനരുപയോഗ ഊർജ്ജം, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നിർദ്ദിഷ്ട FTA കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
 
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിൽ എത്രയും വേഗം സമവായമുണ്ടാക്കാനും, സമാനമായ ദൃഢനിശ്ചയത്തോടെ, എല്ലാ അധ്യായങ്ങളിലും വിശദമായ ചർച്ചകൾ തുടരാനും, ഇൻ്റർ-സെഷണൽ പ്രവർത്തനങ്ങളിലൂടെ വേഗത നിലനിർത്താനും ഇരുപക്ഷവും സമ്മതിച്ചു.
 
 
 
***

(Release ID: 2187817) Visitor Counter : 8