വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ച ചർച്ചകൾ 2025 നവംബർ 3 മുതൽ 7 വരെ ന്യൂഡൽഹിയിൽ നടന്നു.

Posted On: 07 NOV 2025 8:33PM by PIB Thiruvananthpuram

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA)  സംബന്ധിച്ച ചർച്ചകൾക്കായി വിദഗ്ദ്ധരടങ്ങിയ യൂറോപ്യൻ യൂണിയൻ (EU) സംഘം 2025 നവംബർ 3 മുതൽ 7 വരെ ന്യൂഡൽഹി സന്ദർശിച്ചു. സമഗ്രവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ വ്യാപാര കരാർ സാധ്യമാക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായിരുന്നു ഒരാഴ്ച നീണ്ടുനിന്ന സന്ദർശനം. ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപം, വ്യാപാരം, സുസ്ഥിര വികസനം,  മൂല നിയമങ്ങൾ, സാങ്കേതിക വ്യാപാര തടസ്സങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു.

ചർച്ചകളുടെ ഭാഗമായി, വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ, യൂറോപ്യൻ കമ്മീഷൻ ഡയറക്ടർ ജനറൽ ഫോർ ട്രേഡ് ശ്രീമതി സബീൻ വെയാൻഡുമായി വിശദമായ കൂടിക്കാഴ്ച നടത്തി. നിരന്തര ചർച്ചകളിലൂടെ കൈവരിച്ച പുരോഗതി ഇരുവരും വിലയിരുത്തി. 2025 നവംബർ 5-6 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ദ്വിദിന സ്റ്റോക്ക്‌ടേക്ക് മീറ്റിംഗുകൾ (പ്രത്യേക കരാറിലേക്കോ ലക്ഷ്യത്തിലേക്കോ ഉള്ള പുരോഗതി അവലോകനം ചെയ്യുന്ന യോഗങ്ങൾ) ഇന്ത്യ-യൂറോപ്യൻ യൂണിയൻ FTAചർച്ചകളിലെ പ്രധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്തു. സന്തുലിത വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ  ത്വരിതപ്പെടുത്താൻ ഇരുപക്ഷവും തീരുമാനിച്ചു.

സാമ്പത്തിക വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നേട്ടങ്ങളുടെ ന്യായവും സന്തുലിതവുമായ വിതരണം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വാണിജ്യ സെക്രട്ടറി ആവർത്തിച്ച് വ്യക്തമാക്കി. കാർബൺ ബോർഡർ അഡ്ജെസ്റ്റ് മെൻ്റ് മെക്കാനിസം (CBAM), നിർദ്ദിഷ്ട സ്റ്റീൽ നിയന്ത്രണം എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന EU നിയന്ത്രണ നടപടികളിൽ വ്യക്തതയും പ്രവചനാത്മകതയും ഉണ്ടായിരിക്കേണ്ടതിൻ്റെ  ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.


ചർച്ചയിലൂടെ ഒട്ടേറെ മേഖലകളിൽ പുരോഗതി കൈവരിക്കാനായതിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തുകയും ഇതിൻ്റെ  ഗതിവേഗം നിലനിർത്താൻ ധാരണയിലെത്തുകയും ചെയ്തു. ഭിന്നതകൾ കുറയ്ക്കാൻ ചർച്ചകൾ സഹായിച്ചു. പല വിഷയങ്ങളിലും പൊതുവായ ധാരണയിലെത്തി. ശേഷിക്കുന്ന ഭിന്നതകൾ പരിഹരിക്കുന്നതിനും ഇന്ത്യ-EU  സ്വതന്ത്ര വ്യാപാര ചർച്ചകൾ എത്രയും വേഗം അന്തിമമാക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതിനും വരും ആഴ്ചകളിൽ സാങ്കേതികതല ഇടപെടൽ തുടരേണ്ടതിൻ്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു വ്യക്തമാക്കി.


സ്ഥിരതയാർന്നതും, സുസ്ഥിരവും,  സർവ്വാശ്ലേഷിയുമായ  സാമ്പത്തിക വളർച്ച സാധ്യമാക്കുന്നതിനുള്ള അഭിലാഷപൂർണ്ണവും ഭാവിസജ്ജവുമായ കരാർ അന്തിമമാക്കുന്നതിനും ഇന്ത്യ-EU പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉള്ള ഇരുപക്ഷത്തിൻ്റെയും ശക്തമായ പ്രതിബദ്ധതയാണ് ചർച്ചകളിലും സ്റ്റോക്ക്‌ടേക്ക് മീറ്റിംഗുകളിലും പ്രതിഫലിച്ചത്.

 

****


(Release ID: 2187703) Visitor Counter : 8