ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ഛത്തീസ്‌ഗഢ് രജത് മഹോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി
Posted On:
05 NOV 2025 7:54PM by PIB Thiruvananthpuram
ഇന്ന് നവ റായ്പൂരിൽ നടന്ന ഛത്തീസ്‌ഗഢ് രജത് മഹോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ വിശിഷ്ട അതിഥിയായി സംബന്ധിച്ചു. 2000ത്തിൽ സംസ്ഥാനമായി രൂപംകൊണ്ട ഛത്തീസ്‌ഗഢ് 25 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ സംസ്ഥാനത്തിൻ്റെ രൂപീകരണയാത്രയും പുരോഗതിയും സാംസ്കാരിക പാരമ്പര്യവും വിളംബരം ചെയ്യുന്നതായിരുന്നു ഈ മഹോത്സവം.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചരിത്രപ്രാധാന്യമുള്ള ഈ രജത ജൂബിലി ആഘോഷത്തിൽ ഛത്തീസ്‌ഗഢിലെ ജനങ്ങൾക്കൊപ്പം പങ്കുചേരാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഉപരാഷ്ട്രപതി പറഞ്ഞു. അഞ്ച് ദിവസങ്ങളിലായി നടന്ന ഈ മഹോത്സവത്തിൽ, ഛത്തീസ്‌ഗഢിൻ്റെ സമ്പന്നമായ സംസ്കാരവും അതുല്യമായ സാമൂഹ്യ-സാമ്പത്തിക പരിവർത്തനത്തിൻ്റെ പ്രതിഫലനങ്ങളും ജനങ്ങൾ അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
2000 നവംബർ ഒന്നിന് സംസ്ഥാനത്തിൻ്റെ രൂപീകരണത്തിന് ദീർഘവീക്ഷണമുള്ള നേതൃത്വം നൽകിയ അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയിയെ അഭിമാനത്തോടെ ഉപരാഷ്ട്രപതി അനുസ്മരിച്ചു. സംസ്ഥാന പുനഃസംഘടനാ ബില്ലിനെ പിന്തുണച്ചിരുന്ന മുൻ ലോക്‌സഭാ അംഗമായ തൻ്റെ അന്നത്തെ പ്രവർത്തനങ്ങളും അനുഭവങ്ങളും ഉപരാഷ്ട്രപതി ഓർത്തെടുത്തു. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായ ഛത്തീസ്‌ഗഢ്, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ഭരണപര മേഖലകളിൽ മാതൃകാപരമായ പുരോഗതിയിലൂടെ പിന്നിട്ട അസാധാരണമായ 25 വർഷത്തെ യാത്രയെ അദ്ദേഹം പ്രശംസിച്ചു.
നക്സലിസത്തിൻ്റെ ഭീഷണി ഇല്ലാതാക്കുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടത്തെ ശ്രീ സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെയും ദൃഢനിശ്ചയമുള്ള നേതൃത്വത്തിനും സംസ്ഥാന സർക്കാരിൻ്റെയും സുരക്ഷാ സേനയുടെയും പ്രാദേശിക സമൂഹങ്ങളുടെയും കൂട്ടായ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഛത്തീസ്‌ഗഢിൽ ഭയത്തിനും അക്രമത്തിനും പകരം വികസനത്തിൻ്റെയും വിശ്വാസത്തിൻ്റെയും പുതിയ അധ്യായം സ്‌ഥാപിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്‌ഗഢിൻ്റെ വിജയത്തിന് അടിത്തറ പാകിയ കർഷകർ, ഗോത്ര സമൂഹങ്ങൾ, സംരംഭകർ, അധ്യാപകർ, യുവാക്കൾ എന്നിവരെ ഉപരാഷ്ട്രപതി പ്രശംസിച്ചു. 72 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്ന സംസ്ഥാനത്തിൻ്റെ മാതൃകാപരമായ പൊതുവിതരണ സംവിധാനത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയതിൽ നിർണായക പങ്ക് വഹിച്ച മുൻ മുഖ്യമന്ത്രി ഡോ. രാമൻ സിങ്ങിനെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
സംസ്ഥാനത്തിൻ്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന് ഗോത്ര സമൂഹങ്ങളോട് ശ്രീ സി.പി. രാധാകൃഷ്ണൻ ബഹുമാനം പ്രകടിപ്പിച്ചു. പാരിസ്ഥിതികവും സാമൂഹികവുമായ പ്രാധാന്യം വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഗോത്ര സമൂഹങ്ങളുടെ ജ്ഞാനം, സംസ്കാരം തുടങ്ങിയവ സുസ്ഥിര ജീവിതരീതി കൈവരിക്കുന്നതിൽ വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദൂര ജില്ലകളെ ദേശീയ വിപണികളുമായി ബന്ധിപ്പിക്കുന്ന വിപുലമായ റോഡ്, റെയിൽ, എക്സ്പ്രസ് വേ, വിമാനത്താവള കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ശ്രദ്ധേയമായ അടിസ്ഥാന സൗകര്യ വികസനത്തെയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് നഗരമെന്ന നിലയിൽ ഐടി ഹബ്, ഫാർമ ഹബ്, എഐ ഡാറ്റ സെൻ്റർ പാർക്ക്, നൂതന ആരോഗ്യ സംരക്ഷണത്തിനായുള്ള ലോകോത്തര മെഡിസിറ്റി തുടങ്ങിയ നവയുഗ സംരംഭങ്ങളിലൂടെ ആഗോള മികവിൻ്റെ കേന്ദ്രമായി നവ റായ്പൂർ വളർന്നുവരികയാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
വളർന്നുവരുന്ന സാങ്കേതികവിദ്യകളെ ആഗോള ദർശനത്തോടെ ഛത്തീസ്‌ഗഢ് ഏറ്റെടുത്തിരിക്കുന്നതിനെ ഉപരാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു. അൻജോർ വിഷൻ @2047 എന്ന പദ്ധതിയുടെ ഭാഗമായി സെമികണ്ടക്ടർ നിർമ്മാണം, ഡിജിറ്റൽ ഗവർണൻസ് പരിഷ്കാരങ്ങൾ തുടങ്ങിയ പുതിയ സംരംഭങ്ങൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ച, മനുഷ്യവിഭവ വികസനം, സ്ഥിരതയുള്ള ഭരണനിർവഹണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരതം എന്ന ദേശീയകാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന നിലയിൽ സംസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ മുന്നേറുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഛത്തീസ്‌ഗഢിൻ്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ ഉദ്‌ഘോഷിച്ച ഉപരാഷ്ട്രപതി, പാന്തി, കർമ്മ തുടങ്ങി സംസ്ഥാനത്തിൻ്റെ പരമ്പരാഗത നൃത്ത ശൈലികളെയും സമ്പന്നമായ ഗോത്ര കലകളെയും കരകൗശല വസ്തുക്കളെയും പ്രശംസിച്ചു. സാംസ്കാരിക സംരക്ഷണവും ആധുനികവൽക്കരണവും പരസ്പരം കൈകോർക്കുന്ന ഇന്ത്യയുടെ 'നാനാത്വത്തിൽ ഏകത്വം' എന്ന ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന സംസ്ഥാനമാണെന്ന് ഛത്തീസ്‌ഗഢ് എന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
യഥാർത്ഥ പുരോഗതിയുടെ അർത്ഥം ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു, "പുരോഗതി അളക്കുന്നത് ജിഡിപിയെ കൊണ്ടുമാത്രമല്ല; ജനങ്ങളുടെ മുഖത്തെ പുഞ്ചിരിയിലും ഭരണ സംവിധാനത്തോടുള്ള അവരുടെ വിശ്വാസത്തിലും ഓരോ കുട്ടിയുടെ കണ്ണുകളിൽ തെളിയുന്ന പ്രതീക്ഷയിലുമാണ്.”
നിർമ്മിതബുദ്ധി, ഹരിത സാങ്കേതികവിദ്യകൾ, ആഗോള വിപണികൾ എന്നിവയിലെ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ധൈര്യം, സർഗ്ഗാത്മകത, അനുകമ്പ എന്നിവയോടെ രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാനും തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഉപരാഷ്ട്രപതി ഛത്തീസ്‌ഗഢിലെ യുവാക്കളോട് അഭ്യർത്ഥിച്ചു.
സംസ്‌ഥാനത്തിൻ്റെ രജത ജൂബിലി ആഘോഷത്തെ വെറും ഭൂതകാലത്തിൻ്റെ ആഘോഷമായി കാണരുത്, മറിച്ച് ഭാവിയിലേക്കുള്ള ഒരു പ്രതിജ്ഞയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിൻ്റെ സാക്ഷാത്കാരത്തിനും, ജനാധിപത്യത്തെ ശാക്തീകരിക്കുന്നതിനും സംസ്കാരത്തെ ആദരിക്കുന്നതിനും വരുംതലമുറകൾക്ക് കൂടുതൽ പ്രകാശമാനമായ നാളെയെ സൃഷ്ടിക്കുന്നതിനുമുള്ള പ്രതിജ്ഞയാണ് വികസിത ഛത്തീസ്‌ഗഢിലൂടെ ലക്ഷ്യമിടുന്നതെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
****
(Release ID: 2186794)
Visitor Counter : 10