വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കും

Posted On: 04 NOV 2025 7:21PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ 2025 നവംബര്‍ 5 ന് ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കും. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) യുമായി ബന്ധപ്പെട്ട് ന്യൂസിലാന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയുമായി അദ്ദേഹം ചര്‍ച്ച നടത്തും. എഫ്ടിഎ നടപടികള്‍ വേഗത്തിലാക്കാനും കൂടുതല്‍ സമഗ്രവും പരസ്പരം പ്രയോജനകരവുമായ സാമ്പത്തിക പങ്കാളിത്തം സൃഷ്ടിക്കാനുമുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ എഫ്ടിഎയുമായി ബന്ധപ്പെട്ട നാലാം ഘട്ട ചര്‍ച്ചകള്‍ 2025 നവംബര്‍ 3 ന് ഓക്ക്‌ലാന്‍ഡില്‍ ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര, സാമ്പത്തിക സംഭാഷണങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ചര്‍ച്ചകള്‍.

 ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, നൂതനാശയ ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനായുള്ള ഉന്നതതല യോഗങ്ങളില്‍ ശ്രീ. ഗോയല്‍ പങ്കെടുക്കും. പ്രമുഖ ന്യൂസിലാന്‍ഡ് ബിസിനസ്സ് സംരംഭങ്ങളുമായി ഇന്ത്യന്‍ ബിസിനസ്സ് പ്രതിനിധി സംഘം പ്രത്യേകം ആശയവിനിമയം നടത്തും. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.

 ഉച്ചകഴിഞ്ഞ് ഓക്ക്‌ലന്‍ഡില്‍ ന്യൂസിലാന്‍ഡ്-ഇന്ത്യ ബിസിനസ് ഫോറം നടക്കും. തുടര്‍ന്ന് ഇന്ത്യന്‍ പ്രവാസി സമൂഹവുമായി ആശയവിനിമയ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ശ്രീ പിയൂഷ് ഗോയലും ന്യൂസിലാന്‍ഡിന്റെ വ്യാപാര മന്ത്രി ശ്രീ. ടോഡ് മക്ലേയും തമ്മില്‍ നടക്കുന്ന അനൗപചാരിക ചര്‍ച്ചയില്‍ ഓക്ക്‌ലന്‍ഡ് ബിസിനസ് ചേംബര്‍ സിഇഒ സൈമണ്‍ ബ്രിഡ്ജസ് മോഡറേറ്ററാകും. വ്യാപാര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും, സാമ്പത്തിക സംയോജനത്തിന്റെ പുതിയ മേഖലകള്‍ തിരിച്ചറിയുന്നതിലും, നൂതനാശയം, സാങ്കേതികവിദ്യ, സുസ്ഥിര വളര്‍ച്ച എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും ഈ സംഭാഷണം ശ്രദ്ധ കേന്ദ്രീകരിക്കും.

വ്യവസായ നേതാക്കള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തം പരിപാടിയില്‍ പ്രതീക്ഷിക്കുന്നു. ഇത് ഗുണകരമായ ഉഭയകക്ഷി ബന്ധം വര്‍ദ്ധിക്കുന്നതിന്റെയും ഭാവി കേന്ദ്രീകൃതമായ കരുത്തുറ്റ സാമ്പത്തിക പങ്കാളിത്തത്തിനായുള്ള ഇരു രാജ്യങ്ങളുടെയും  പൊതുവായ കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നു.

****


(Release ID: 2186488) Visitor Counter : 4