|
പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
ഹരിത ഹൈഡ്രജന്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് (ഐസിജിഎച്ച് 2025) നവംബര്‍ 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ കേന്ദ്ര നവപുനരുപയോഗ ഊര്‍ജ മന്ത്രാലയം ആതിഥേയത്വം വഹിക്കും
Posted On:
04 NOV 2025 6:16PM by PIB Thiruvananthpuram
കേന്ദ്ര നവപുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിത ഹൈഡ്രജന്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം നവംബര്‍ 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിക്കും. കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ, ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ മന്ത്രി ശ്രീ. പ്രള്‍ഹാദ് ജോഷി, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എന്നിവരടക്കം മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, പ്രതിനിധികള്‍, വ്യാവസായിക പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സമ്മേളനത്തില്‍ ഒത്തുചേരും. ഹരിത ഹൈഡ്രജന്‍ വികസനം, വിവിധ മേഖലകളിലെ പ്രയോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. സമ്മേളനത്തിന്റെ സമയക്രമവും രജിസ്‌ട്രേഷന്‍ വിവരങ്ങളും www.icgh.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തെ മുന്നോട്ടുനയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് സമ്മേളനം. ഹരിത ഹൈഡ്രജന്‍ ഉല്പാദന വിപുലീകരണത്തിലെ പ്രായോഗിക മാര്‍ഗങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആവശ്യകതയിലെ വര്‍ധന, ആഗോള സഹകരണത്തിന്റെ പ്രോത്സാഹനം എന്നിവ സംബന്ധിച്ച് അറിവ് പ്രചരിപ്പിക്കാന്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലൂടെയും വട്ടമേശ സമ്മേളനങ്ങളിലൂടെയും സമ്മേളനം ലക്ഷ്യമിടുന്നു. ധനസഹായം, സാക്ഷ്യപ്പെടുത്തല്‍, തുറമുഖ സജ്ജീകരണം, നൈപുണ്യ വികസനം, സാങ്കേതികവിദ്യയുടെ പ്രാദേശികവല്‍ക്കരണം, ഭൂമിശാസ്ത്രപരമായ വിവിധ സാഹചര്യങ്ങളിലെ പ്രസക്തി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെഷനുകള്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഹരിത ഹൈഡ്രജന്‍ സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
സംശുദ്ധവും, താങ്ങാവുന്നതും തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതുമായ ഊര്‍ജം ഉറപ്പാക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളില്‍ ഹരിത ഹൈഡ്രജന്‍ പ്രധാന ഭാഗമായിരിക്കുമെന്ന് സമ്മേളനത്തെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര നവ പുനരുപയോഗ ഊര്‍ജമന്ത്രാലയ സെക്രട്ടറിയും എസ്ഇസിഐ ചെയര്‍മാനുമായ ശ്രീ. സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു. വളര്‍ന്നുവരുന്ന ഈ മേഖലയെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പ്, ചെലവ് പ്രവണതകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അനിവാര്യത, ആവശ്യകത സൃഷ്ടിക്കല്‍ എന്നിവയില്‍ വ്യക്തതയുണ്ടാക്കേണ്ടത് ഏറെ പ്രധാനമാണ്. ദൗത്യനിര്‍വഹണം ഏകോപിപ്പിച്ച് മുന്നോട്ടുപോകുന്നതിന് സര്‍ക്കാരിന്റെയും വ്യാവസായിക ഗവേഷണ മേഖലയുടെയും മുന്‍ഗണനകള്‍ ക്രോഡീകരിക്കാന്‍ സമ്മേളനം വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവ പുനരുപയോഗ ഊര്‍ജം, വൈദ്യുതി, തുറമുഖം, സ്റ്റീല്‍, രാസവളം, ശാസ്ത്ര സാങ്കേതികവിദ്യ എന്നീ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അന്താരാഷ്ട്ര പുനരുപയോഗ ഊര്‍ജ ഏജന്‍സി (ഐആര്‍ഇഎന്‍എ), ഹൈഡ്രജന്‍ യൂറോപ്പ്, എച്ച്2 ഗ്ലോബല്‍ ഫൗണ്ടേഷന്‍, കൊറിയ ഹൈഡ്രജന്‍ സഖ്യം, പോര്‍ട്ട് ഓഫ് റോട്ടര്‍ഡാം അതോറിറ്റി എന്നിവ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങളിലുള്‍പ്പെടുന്നു.
***
(Release ID: 2186477)
|