പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
നാലാമത് ദേശവ്യാപക ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രചാരണ പരിപാടി ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് 2025 നവംബര്‍ 5 ന് ഉദ്ഘാടനം ചെയ്യും.
Posted On:
04 NOV 2025 3:53PM by PIB Thiruvananthpuram
2025 നവംബര്‍ 1 മുതല്‍ 30 വരെ ഇന്ത്യയിലുടനീളമുള്ള 2000 ജില്ലകള്‍ / ഉപവിഭാഗങ്ങള്‍ / നഗരങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര പെന്‍ഷന്‍, പെന്‍ഷന്‍കാരുടെ ക്ഷേമ വകുപ്പ് (ഡിഒ പിപിഡബ്ല്യു) നടത്തുന്ന നാലാമത് ദേശവ്യാപക ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രചാരണ പരിപാടി 2025 നവംബര്‍ 5ന് ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും.
പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ പെന്‍ഷന്‍ധാരികള്‍ പ്രതിവര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. പരമ്പരാഗതമായി ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടെത്തി(ഭൗതിക രീതിയില്‍) സമര്‍പ്പിക്കേണ്ടി വന്നിരുന്നത് പെന്‍ഷന്‍കാര്‍ക്ക് അസൗകര്യമായിരുന്നു. പെന്‍ഷന്‍ സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുകയും പെന്‍ഷന്‍കാര്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുകയും അതുവഴി അവരുടെ ജീവിതസൗഖ്യം വളരെയധികം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014 നവംബറില്‍, ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ജീവന്‍ പ്രമാണ്‍ എന്ന ഒരു പദ്ധതി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആരംഭിച്ചു. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകളുടെ പ്രയോജനങ്ങളെക്കുറിച്ചും അവ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കായി ഡിഎല്‍സി പ്രചാരണവും നടത്തി.
ഇത്തരത്തിലുള്ള പ്രഥമ പ്രചാരണം 2022 നവംബര്‍ 1 മുതല്‍ 30 വരെ 37 നഗരങ്ങളിലായാണ് നടന്നത്. 2023 നവംബറില്‍ 100 നഗരങ്ങളിലെ 597 സ്ഥലങ്ങളിലായി രണ്ടാമത് ഡിഎല്‍സി പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഇതിന് കീഴില്‍ ആകെ 1.47 കോടി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചു. അവരില്‍ 45.46 ലക്ഷം പേര്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരായിരുന്നു.
നവംബര്‍ 1 മുതല്‍ 30 വരെ 845 നഗരങ്ങളിലും ജില്ലകളിലുമായി നടന്ന മൂന്നാമത്തെ ഡിഎല്‍സി പ്രചാരണത്തിന്റെ ഭാഗമായി ആകെ 1.62 കോടി ഡിഎല്‍സികളാണ് തയ്യാറാക്കിയത്. അതില്‍ 49.75 ലക്ഷം പേര്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരായിരുന്നു.
90 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാരാണ് 85,200ലധികം ഡിഎല്‍സികള്‍ സമര്‍പ്പിച്ചത്, അതില്‍ 2200ലധികം പേര്‍ 100 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാരായിരുന്നു. മുഖം തിരിച്ചറിയല്‍ സാങ്കേതിക സംവിധാനം ഉപയോഗിച്ച് 52.73 ലക്ഷം ഡിഎല്‍സികളാണ് തയ്യാറാക്കപ്പെട്ടത്.
ഈ വര്‍ഷം, കേന്ദ്ര പെന്‍ഷന്‍, പെന്‍ഷന്‍കാരുടെ ക്ഷേമ വകുപ്പ് 2025 നവംബര്‍ 1 മുതല്‍ 30 വരെ ഇന്ത്യയിലുടനീളമുള്ള 2000 ജില്ലകള്‍/ഉപ ഡിവിഷനുകള്‍/നഗരങ്ങള്‍ എന്നിവിടങ്ങളിലായി നാലാമത് ദേശീയ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രചാരണപരിപാടി സംഘടിപ്പിക്കും. ഇതിനായി, 2025 ജൂലൈ 30ന് ഓഫീസ് മെമ്മോറാണ്ടം വഴി വകുപ്പ്, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രചാരണപരിപാടി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി 2000 ജില്ലകള്‍/ഉപ ഡിവിഷനുകള്‍, 2500 ക്യാമ്പ് കേന്ദ്രങ്ങള്‍, 1230 നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ മാപ്പിങ് ഉള്‍പ്പെടുന്ന സമര്‍പ്പിത ഡിഎല്‍സി പോര്‍ട്ടല്‍ സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിദൂര കോണുകളിലുള്ള എല്ലാ പെന്‍ഷന്‍കാരിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ, 19 പെന്‍ഷന്‍ വിതരണ ബാങ്കുകള്‍, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി), പെന്‍ഷന്‍കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള കൂട്ടായ്മകള്‍, കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് (സിജിഡിഎ), ടെലികോം വകുപ്പ്, റെയില്‍വേ, എന്നിവയുമായി സഹകരിച്ചാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. എല്ലാ തത്പരകക്ഷികളുമായും വിപുലമായ സേവനാവബോധ യോഗങ്ങളും പരിശീലനങ്ങളും നടത്തിയിട്ടുണ്ട്. ഈ പ്രചാരണ സമയത്ത് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം, യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( UIDAI) എന്നിവ പൂര്‍ണ്ണ സാങ്കേതിക പിന്തുണ നല്‍കും.
1.8 ലക്ഷം പോസ്റ്റ്മാന്‍മാരുടെയും ഗ്രാമീണ ഡാക് സേവകരുടെയും വിപുലമായ ശൃംഖലയിലൂടെ 1600 ജില്ലകള്‍/ഉപ ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ക്യാമ്പുകള്‍ നടത്തും. രാജ്യത്തുടനീളമുള്ള എല്ലാ വിഭാഗം പെന്‍ഷന്‍കാര്‍ക്കും ലഭ്യമായ വാതില്‍പ്പടി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ ഐപിപിബി ലഭ്യമാക്കുന്നു.
19 പെന്‍ഷന്‍ വിതരണ ബാങ്കുകള്‍ 250 നഗരങ്ങളിലെ 1250 ലധികം കേന്ദ്രങ്ങളിലായി ക്യാമ്പുകള്‍ നടത്തും. വയോധികര്‍/ഭിന്ന ശേഷിക്കാര്‍/രോഗികള്‍ എന്നിവര്‍ക്കായി വീടുകളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തും. അതുവഴി അവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാവും. എല്ലാ പെന്‍ഷന്‍കാര്‍ക്കും പ്രചാരണത്തില്‍ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നത്. കൂടാതെ ഏറെ മുതിര്‍ന്ന (സൂപ്പര്‍ സീനിയര്‍)/വൈകല്യമുള്ള പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്.
പെന്‍ഷന്‍, പെന്‍ഷന്‍കാരുടെ ക്ഷേമ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 57 പെന്‍ഷന്‍കാരുടെ ക്ഷേമ സംഘടനകള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെയും ഐപിപിബിയും പെന്‍ഷന്‍ വിതരണ ബാങ്കുകളും നടത്തുന്ന ക്യാമ്പുകളിലേക്ക് പെന്‍ഷന്‍കാരെ അണിനിരത്തുന്നതിലൂടെയും പ്രചാരണപരിപാടിയില്‍ നിര്‍ണായക പങ്ക് വഹിക്കും.
പ്രധാനമായും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പ്രചാരണത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയവും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും സാങ്കേതിക സഹായം നല്‍കും. മുഖം തിരിച്ചറിയല്‍ സംവിധാനം മുതിര്‍ന്ന പെന്‍ഷന്‍ധാരികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുഗമവുമാക്കപ്പെട്ടിട്ടുണ്ട്. ഇത് ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാം. 'ജീവന്‍ പ്രമാണ്‍' എന്ന ഡിജിറ്റല്‍ രീതിയിലുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന്റെ ഗുണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍, ഇപിഎഫ്ഒ, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ മറ്റു സംഘടനകളിലെ പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.
ഓഡിയോ, ദൃശ്യ, പ്രിന്റ് മാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ (ആകാശവാണി), പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) സംഘങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്. പ്രചാരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എസ്എംഎസ്സുകള്‍, ട്വീറ്റുകള്‍, ജിംഗിളുകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവയിലൂടെയും ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള സമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
എല്ലാ വിഭാഗം പെന്‍ഷന്‍കാരിലേക്കും പരമാവധി എത്തിച്ചേരല്‍ ലക്ഷ്യമിടുന്ന ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡിജിറ്റല്‍ ശാക്തീകരണ പ്രചാരണ പരിപാടിയായിരിക്കും ഇത്.
****
(Release ID: 2186466)
Visitor Counter : 4