ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

‘വികസിത ഇന്ത്യ @2047’-നായി ഗവേഷണത്തിലും നൂതനാശയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം: ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ


ഉപരാഷ്ട്രപതി തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സന്ദർശിച്ചു

അച്യുതമേനോൻ ആരോഗ്യ ശാസ്ത്ര പഠന കേന്ദ്രത്തിൽ (AMCHSS), SCTIMST ഗവേഷകരും സ്റ്റാർട്ടപ്പ് കമ്പനികളും വികസിപ്പിച്ചെടുത്ത വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം ​ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

തദ്ദേശീയ വൈദ്യശാസ്ത്ര ഉപകരണങ്ങളിൽ SCTIMST-യുടെ നൂതനാശയങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിനെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു

ഗവേഷണം വികസിപ്പിക്കാനും സേവനം ലഭിക്കാത്തവരിലേക്ക് അവബോധം വ്യാപിപ്പിക്കാനും ശ്രീ സി പി രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു

പിഎം സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്കു (PMSSY) കീഴിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ആശുപത്രി മന്ദിരം ഉദ്ഘാടനം ചെയ്തതിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു

Posted On: 04 NOV 2025 2:33PM by PIB Thiruvananthpuram


ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ ഇന്ന് തിരുവനന്തപുരത്തെ പ്രശസ്തമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) സന്ദർശിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് SCTIMST. സംയോജിത വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ, നൂതന ആരോഗ്യ സംരക്ഷണം എന്നിവയിൽ ഗണ്യമായ സംഭാവനകൾ നൽകുന്നതിൽ ഈ സ്ഥാപനം പ്രശസ്തമാണ്.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ഗവേഷകരും സ്റ്റാർട്ടപ്പ് കമ്പനികളും വികസിപ്പിച്ചെടുത്ത വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം തിരുവനന്തപുരത്തെ അച്യുത മേനോൻ ആരോഗ്യ ശാസ്ത്ര പഠന കേന്ദ്രത്തിൽ (AMCHSS) ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വൈദ്യശാസ്ത്രവും ബയോമെഡിക്കൽ സാങ്കേതികവിദ്യയും സംയോജിപ്പിച്ച് 40 വർഷത്തിലേറെയായി രാഷ്ട്രസേവനം നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാരമ്പര്യത്തെ അഭിസംബോധനയിൽ ഉപരാഷ്ട്രപതി പ്രശംസിച്ചു. ഇന്ത്യയിലെ മറ്റു നിരവധി സ്ഥാപനങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ആഗോളതലത്തിൽ അംഗീകാരം നേടിയ, കുറഞ്ഞ ചെലവിൽ നിർമിച്ച ചിത്ര ഹൃദയവാൽവ്, ചിത്ര രക്തബാഗ്, ക്ഷയരോഗം കണ്ടെത്താനുള്ള സ്പോട്ട് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ തുടങ്ങിയ തദ്ദേശീയ ചികിത്സ ഉപകരണ വികസനത്തിലെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.

പേറ്റന്റ് അപേക്ഷകൾ, രൂപകൽപ്പന രജിസ്ട്രേഷനുകൾ, വിജയകരമായ സാങ്കേതികവിനിമയങ്ങൾ എന്നിവയിൽ ഇൻസ്റ്റിറ്റ്യൂട്ട് കൈവരിച്ച റെക്കോർഡ് നേട്ടത്തെ ശ്രീ സി പി രാധാകൃഷ്ണൻ പ്രശംസിച്ചു. ‘വികസിത ഇന്ത്യ @2047’ എന്ന കാഴ്ചപ്പാടിനു കീഴിൽ വിഭാവനം ചെയ്തതുപോലെ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിൽ ഗവേഷണത്തിന്റെയും നൂതനാശയത്തിന്റെയും പങ്കിന് അദ്ദേഹം ഊന്നൽ നൽകി. സേവനങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാനും സമൂഹത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്നതിനുമായി ഗവേഷണം വിപുലീകരിക്കാൻ അദ്ദേഹം ഗവേഷകരോട് ആഹ്വാനം ചെയ്തു. 

​ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (SCTIMST) അടുത്തിടെ ഉദ്ഘാടനം ചെയ്ത ഒമ്പതുനിലകളുള്ള പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) ബ്ലോക്കും ശ്രീ സി പി. രാധാകൃഷ്ണൻ സന്ദർശിച്ചു. ഓപ്പറേഷൻ തിയറ്ററുകൾ, കാത്ത് ലാബുകൾ, CTസ്കാനറുകൾ, വികസിപ്പിച്ച ICU സൗകര്യങ്ങൾ തുടങ്ങിയ ഉയർന്ന നിലവാരമുള്ള ചികിത്സ അടിസ്ഥാനസൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പ്രകാരം ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി ആശുപത്രി മന്ദിരം ഉദ്ഘാടനം ചെയ്തതിനെ ഉപരാഷ്ട്രപതി പ്രശംസിച്ചു.

കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-വിനോദസഞ്ചാര സഹമന്ത്രി ശ്രീ സുരേഷ് ഗോപി; കേരള ധനകാര്യമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ; SCTIMST ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, വൈസ് ചാൻസലർമാർ, ഡയറക്ടർമാർ, സ്റ്റാറ്റ്യൂട്ടറി ബോഡി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.

-SK-

(Release ID: 2186333) Visitor Counter : 10