ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

" സമൂഹങ്ങളെ ശാക്തീകരിക്കുന്ന ഗ്രന്ഥശാലകൾ - ആഗോള വീക്ഷണം " എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ വെർച്വലായി അഭിസംബോധന ചെയ്തു.

Posted On: 02 NOV 2025 1:28PM by PIB Thiruvananthpuram
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പി. എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച "ഗ്രന്ഥശാലകൾ സമൂഹങ്ങളെ ശാക്തീകരിക്കുന്നു - ആഗോള വീക്ഷണം" എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഒരു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
 
ഇന്ത്യൻ ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനത്തിന്റെ കുലപതി എന്നറിയപ്പെടുന്ന ശ്രീ പി. എൻ. പണിക്കരുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാക്ഷാത്കരിക്കപ്പെട്ട കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
 
വായനാ സംസ്കാരം, ഡിജിറ്റൽ സാക്ഷരത, വിജ്ഞാന വ്യാപനത്തിലൂടെ സാമൂഹ്യ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പി. എൻ. പണിക്കർ ഫൗണ്ടേഷൻ നൽകുന്ന സുസ്ഥിരമായ സംഭാവനകളെ ഉപരാഷ്ട്രപതി തന്റെ സന്ദേശത്തിൽ പ്രകീർത്തിച്ചു.
 
വായിച്ചു വളരുക എന്ന ഫൗണ്ടേഷന്റെ മുദ്രാവാക്യം സമൂഹത്തെ പ്രബുദ്ധമാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്നതിനും വഴിതെളിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ഗ്രന്ഥശാലകളെ പഠനത്തിന്റെ ക്ഷേത്രങ്ങളാണെന്ന് വിശേഷിപ്പിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, വിമർശനാത്മക ചിന്തയെ പരിപോഷിപ്പിക്കുന്നതും വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്നതുമായ ഇടങ്ങളാണവയെന്നും അഭിപ്രായപ്പെട്ടു.
 
ശ്രീ ആദി ശങ്കരാചാര്യർ ഭാരതത്തിലുടനീളം സഞ്ചരിച്ച് ആത്മീയ അവബോധം ഉണർത്താനും വൈവിധ്യമാർന്ന ചിന്തകളെ ഏകീകരിക്കാനും ശ്രമിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എണ്ണമറ്റ മറ്റ് ഋഷിമാരും ചിന്തകരും അവരുടെ ജ്ഞാനം, കാരുണ്യം, ദർശനം എന്നിവയാൽ നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ഇന്ത്യയുടെ പുരാതന സംസ്കാരത്തിന്റെ ധാർമ്മികതയെ അനുസ്മരിച്ച ഉപരാഷ്ട്രപതി, ഇതിഹാസങ്ങൾ മുതൽ ആധുനിക ലൈബ്രറികൾ വരെയുള്ള രാജ്യത്തിന്റെ പഠന പാരമ്പര്യം രാജ്യത്തിന്റെ വൈജ്ഞാനിക അന്വേഷണത്തിനും സാമൂഹിക പുരോഗതിയ്ക്കും പ്രചോദനം നൽകുന്നതായും നിരീക്ഷിച്ചു.
 
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, വ്യക്തികൾക്ക് ആധികാരിക വിവരങ്ങൾ നേടാനും തെറ്റായ വിവരങ്ങൾക്കെതിരെ പ്രതികരിക്കാനും സഹായിക്കുന്ന വൈജ്ഞാനിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകൾ വർത്തിക്കുന്നുവെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. വിവരങ്ങളിലേക്ക് സുഗമമായ പ്രവേശനം സാങ്കേതികവിദ്യ നൽകുമ്പോൾ, ലൈബ്രറികൾ സമൂഹത്തിൽ ആഴമേറിയ ചിന്തകൾ, അർത്ഥവത്തായ സംഭാഷണം എന്നിവ വളർത്തിയെടുക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.
 
വിദ്യാഭ്യാസത്തിലും സാക്ഷരതയിലും കേരളത്തിന്റെ അസാധാരണമായ പാരമ്പര്യത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു. ഓരോ പൗരനെയും പുസ്തകങ്ങളുമായും പഠനവുമായും ബന്ധിപ്പിക്കുന്ന ഊർജ്ജസ്വലമായ സാമൂഹ്യ കേന്ദ്രങ്ങളാക്കി ഗ്രന്ഥശാലകളെ പരിവർത്തനം ചെയ്ത ശ്രീ പി.എൻ. പണിക്കർക്ക് അദ്ദേഹം ആദരം അർപ്പിച്ചു.
 
 
പഠനത്തിന്റെയും ഉൾപ്പെടുത്തലിന്റെയും നവീകരണത്തിന്റെയും ചലനാത്മക ഇടങ്ങളാണ് ഗ്രന്ഥശാലകൾ എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അറിവിന്റെ കരുത്തിലൂടെ വ്യക്തികളെ ശാക്തീകരിക്കുന്നതിന് രാജ്യത്തുടനീളമുള്ള പൊതു, സാമൂഹ്യ ഗ്രന്ഥശാലകളുടെ ശൃംഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
 സമ്മേളനത്തെക്കുറിച്ച്:
 
"സമൂഹങ്ങളെ ശാക്തീകരിക്കുന്ന ഗ്രന്ഥശാലകൾ - ആഗോള വീക്ഷണം" എന്ന വിഷയത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ 2025 നവംബർ 2 മുതൽ 3 വരെ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം, വിജ്ഞാന സമൂഹത്തിൽ ലൈബ്രറികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. വിദഗ്ധർ, നയരൂപകർത്താക്കൾ, ലൈബ്രറി പ്രൊഫഷണലുകൾ, അക്കാദമിക വിദഗ്ധർ, ഡിജിറ്റൽ നൂതനാശയ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
 
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ ആഘോഷിക്കുന്ന ഈ സമ്മേളനം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ പ്രാപ്യത, സുസ്ഥിര വിജ്ഞാന ആവാസവ്യവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.
 
****

(Release ID: 2185575) Visitor Counter : 9