നിതി ആയോഗ്
“ഗവേഷണ-വികസന പ്രവർത്തനങ്ങൾ ലളിതമാക്കൽ” എന്ന വിഷയത്തിൽ എട്ടാമതു മേഖലാ കൂടിയാലോചനായോഗം തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽ നടന്നു
പോസ്റ്റഡ് ഓണ്‍:
02 NOV 2025 12:43PM by PIB Thiruvananthpuram
“ഗവേഷണ-വികസന പ്രവർത്തനങ്ങൾ ലളിതമാക്കൽ” എന്ന വിഷയത്തിലുള്ള എട്ടാമതു മേഖലാ കൂടിയാലോചനായോഗം 2025 ഒക്ടോബർ 30നും 31നും തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽ (NCESS) നടന്നു. നിതി ആയോഗാണു യോഗം സംഘടിപ്പിച്ചത്. ഇന്ത്യയുടെ ഗവേഷണ-വികസന ആവാസവ്യവസ്ഥയ്ക്കു കരുത്തേകുന്നതിനുള്ള ആഴത്തിലുള്ള ചർച്ചകൾക്കായി സ്ഥാപനമേധാവികൾ, വൈസ് ചാൻസലർമാർ, ശാസ്ത്ര മന്ത്രാലയ/വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കൂടിയാലോചനായോഗത്തിൽ പങ്കെടുത്തു.
NCESS ഡയറക്ടർ പ്രൊഫ. N V ചലപതി റാവു സ്വാഗതം ആശംസിച്ചു. ശാസ്ത്രീയാന്വേഷണത്തിനു പ്രാപ്തമാക്കുന്ന അന്തരീക്ഷത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതനാശയാധിഷ്ഠിതവികസനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രാദേശിക ഗവേഷണസ്ഥാപനങ്ങളുടെ പങ്ക് അദ്ദേഹം എടുത്തുകാട്ടി. നിതി ആയോഗിലെ പ്രൊഫ. വിവേക് കുമാർ സിങ് യോഗത്തിന്റെ പശ്ചാത്തലം വിശദീകരിച്ചു. ROPE (Removing Obstacles, Promoting Enablers - തടസ്സങ്ങൾ നീക്കൽ, സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ) ചട്ടക്കൂട് അദ്ദേഹം അവതരിപ്പിച്ചു. ഗവേഷകർ നേരിടുന്ന സ്ഥാപനപരവും നയപരവുമായ വെല്ലുവിളികൾ തിരിച്ചറിയുന്നതിനും, അതോടൊപ്പം ശാസ്ത്രീയ പുരോഗതിക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പൊരുത്തപ്പെടൽ, ഏജൻസികൾ തമ്മിലുള്ള സഹകരണം, ശേഷിവർധന തുടങ്ങിയ പിന്തുണാസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ചട്ടക്കൂടു ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണത്തിന്റെ കാര്യക്ഷമതയും സ്വാധീനവും വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾ ഭൗമശാസ്ത്ര സെക്രട്ടറി ഡോ. എം രവിചന്ദ്രൻ മുന്നോട്ടുവച്ചു. വിരമിച്ച ശാസ്ത്രപ്രതിഭകളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക, സർവകലാശാല-വ്യവസായ-ഗവണ്മെന്റ് (UIG) ആവാസവ്യവസ്ഥയ്ക്കു കരുത്തേകുക, ഒറ്റപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നതിനുപകരം സ്ഥാപനങ്ങളിലുടനീളം കൂടുതൽ ഡേറ്റ പങ്കിടൽ പരിപോഷിപ്പിക്കുക, ഗവേഷണഫലങ്ങൾ സമൂഹവുമായി കൂടുതൽ കൂട്ടിയിണക്കാൻ ശാസ്ത്ര ആശയവിനിമയം മെച്ചപ്പെടുത്തുക എന്നിവ അദ്ദേഹം ശുപാർശ ചെയ്തു.
ഗവേഷണ വികസനം സുഗമമാക്കുന്നത് രണ്ടു നിർണായകഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നു നിതി ആയോഗ് അംഗം ഡോ. V K സാരസ്വത് പറഞ്ഞു. ഗവേഷണസ്ഥാപനങ്ങളുടെ ഘടന, ഭരണം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നത് ആന്തരികഘടകങ്ങളാണെങ്കിൽ, നിയന്ത്രണ തടസ്സങ്ങൾ, ധനസഹായ സംവിധാനങ്ങൾ, വിവിധ മേഖലകളുടെ ഏകോപനം എന്നിവയെ ഉൾക്കൊള്ളുന്നതാണു ബാഹ്യഘടകങ്ങൾ. ഗവേഷണത്തിലും നൂതനാശയങ്ങളിലും ആഗോളതലത്തിൽ മുൻനിരയിലെത്തുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിന് ഈ രണ്ടു മാനങ്ങളെയും ഒരുമിച്ച് അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ യോഗത്തിൽ പങ്കെടുത്തു. “ഗവേഷണ-വികസന പ്രവർത്തനങ്ങൾ ലളിതമാക്കൽ” ജനങ്ങളുടെ ജീവിതം സുഗമമാക്കുക എന്ന വിശാലമായ ലക്ഷ്യവുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയും ജനകേന്ദ്രീകൃതവികസനവുമായി ചേർന്നു പ്രവർത്തിക്കണമെന്നും സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഗവണ്മെന്റുകൾ എന്നിവയ്ക്കിടയിലുള്ള സഹകരണസമീപനം ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. “സംസ്ഥാനങ്ങളുടെ വികസനമാണു ദേശീയ വികസനത്തിലേക്കു നയിക്കുന്നത്” എന്നു ഗവർണർ പറഞ്ഞു. ഇതിലൂടെ പ്രാദേശികമായി വേരൂന്നിയ നവീകരണ ആവാസവ്യവസ്ഥയ്ക്കു കരുത്തുപകരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു ദിവസത്തെ യോഗത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ-ഗവേഷണശാലകൾ-ഗവണ്മെന്റ് പ്രതിനിധികളുമായുള്ള സംവേദനാത്മക സെഷനുകളും കൂടിയാലോചനകളും നടന്നു. ഇന്ത്യയിൽ സൗകര്യപ്രദവും കാര്യക്ഷമവും സഹകരണാത്മകവുമായ ഗവേഷണ-വികസന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചാണു യോഗം അവസാനിച്ചത്.

-AT-
( റിലീസ് ഐ.ഡി: 2185478)
സന്ദര്‍ശക കൗണ്ടര്‍ : 31