തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

ഇപിഎഫ്ഒ-യുടെ 2025-ലെ എംപ്ലോയീസ് എൻറോൾമെൻ്റ് പദ്ധതിയ്ക്ക് തുടക്കം

Posted On: 01 NOV 2025 6:19PM by PIB Thiruvananthpuram

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇപിഎഫ്ഒ) 2025-ലെ എംപ്ലോയീസ് എൻറോൾമെൻ്റ് പദ്ധതിയ്ക്ക് തുടക്കമായി. ന്യൂഡല്‍ഹിയില്‍  ഇപിഎഫ്ഒ-യുടെ 73-ാം സ്ഥാപക ദിനാഘോഷത്തിലാണ് കേന്ദ്ര തൊഴിൽ ഉദ്യോഗ യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സ്വമേധയാ പദ്ധതിയുടെ ഭാഗമാകുന്നത് പ്രോത്സാഹിപ്പിക്കാനും യോഗ്യരായ ജീവനക്കാർക്കെല്ലാം സാമൂഹ്യ സുരക്ഷാ പരിരക്ഷ വിപുലീകരിക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച പ്രത്യേക സംരംഭമാണിത്.

2017 ജൂലൈ 1-നും 2025 ഒക്ടോബർ 31-നും ഇടയിൽ ഇപിഎഫ് പരിരക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ട യോഗ്യരായ ജീവനക്കാരെ സ്വമേധയാ പദ്ധതിയില്‍ ചേർക്കാൻ 2025-ലെ എംപ്ലോയീസ് എൻറോൾമെൻ്റ് പദ്ധതി  തൊഴിലുടമകൾക്ക് പ്രത്യേക അവസരം നൽകുന്നു. ഒപ്പം 1952-ലെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്സ് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് നിയമപ്രകാരം  തൊഴിലാളികളുടെ മുൻകാല നടപടികൾ ക്രമപ്പെടുത്താനും പദ്ധതി  വഴിയൊരുക്കുന്നു.  

സുതാര്യത പ്രോത്സാഹിപ്പിക്കാനും എല്ലാവരെയും ഇപിഎഫ് പരിധിയിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാനും മുൻകാല ക്രമീകരണങ്ങൾ ലളിതവല്‍ക്കരിക്കാനും സംരംഭം ലക്ഷ്യമിടുന്നു. 2025 നവംബർ 1 മുതൽ 2026 ഏപ്രിൽ 30 വരെ ആറ് മാസത്തേക്ക് പദ്ധതി നിലവിലുണ്ടാവും.  

പദ്ധതിയ്ക്ക് കീഴിൽ നിലവിലെ ഇപിഎഫ് പരിരക്ഷ പരിഗണിക്കാതെ എല്ലാ സ്ഥാപനങ്ങൾക്കും 2017 ജൂലൈ 1-നും 2025 ഒക്ടോബർ 31-നും ഇടയിൽ ജോലിക്ക് ചേർന്ന ഏതൊരു ജീവനക്കാരെയും ഇപിഎഫ്ഒ പോർട്ടൽ വഴി പദ്ധതിയുടെ ഭാഗമാക്കാം. ഇത്തരം ജീവനക്കാരുടെ കാര്യത്തിൽ നേരത്തെ വേതനത്തിൽ നിന്ന് വിഹിതം കുറച്ചിട്ടില്ലെങ്കിൽ പ്രസ്തുത കാലയളവിലെ ജീവനക്കാരുടെ വിഹിതം ഒഴിവാക്കപ്പെടും. തൊഴിലുടമയുടെ വിഹിതം, പലിശ (സെക്ഷൻ 7-ക്യു), ഭരണനിര്‍വഹണ ചാർജുകൾ, 100 രൂപ പിഴത്തുക എന്നിവ മാത്രം അടച്ചാൽ മതിയാകും. ഒരു സ്ഥാപനത്തിന് 100 രൂപ ആകെ പിഴത്തുക മൂന്ന് ഇപിഎഫ് പദ്ധതികളിലേക്കും പരിഗണിക്കും.  

സെക്ഷൻ 7-എ, ഖണ്ഡിക 26-ബി, 1995-ലെ ഇപിഎസ് ഖണ്ഡിക 8 എന്നിവ പ്രകാരം അന്വേഷണങ്ങൾ നേരിടുന്ന സ്ഥാപനങ്ങൾക്കും പദ്ധതിയിൽ പങ്കെടുക്കാൻ അർഹതയുണ്ട്. പിഴത്തുക 100 രൂപയായി പരിമിതപ്പെടുത്തും. പദ്ധതിയുടെ ആനുകൂല്യം നേടുന്ന തൊഴിലുടമകൾക്കെതിരെ ഇപിഎഫ്ഒ സ്വമേധയാ നിയമ നടപടികളൊന്നും സ്വീകരിക്കില്ല.  

മുൻകാല പിഴവുകൾ ലളിതമായി പരിഹരിക്കാൻ തൊഴിലുടമകള്‍ക്ക് അവസരം നൽകുന്ന ഈ സംരംഭം ഇപിഎഫ് പരിരക്ഷ വർധിപ്പിക്കാനും തൊഴിലാളികളെ ഔപചാരികവല്‍ക്കരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. "എല്ലാവർക്കും സാമൂഹ്യ സുരക്ഷ" എന്ന ലക്ഷ്യം ശക്തിപ്പെടുത്തുന്നതിലും ഓരോ തൊഴിലാളിയും ഇന്ത്യയുടെ സംഘടിത സാമൂഹ്യ സുരക്ഷാ ശൃംഖലയുടെ ഭാഗമാണെന്ന് ഉറപ്പാക്കുന്നതിലും വലിയ കുതിച്ചുചാട്ടമാണിത്.  

***


(Release ID: 2185324) Visitor Counter : 68