ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അന്യായമായ പ്രവര്‍ത്തന രീതികൾക്കും ദീക്ഷാന്ത് ഐഎഎസ്, അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
Posted On:
01 NOV 2025 12:58PM by PIB Thiruvananthpuram
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിനും അന്യായ പ്രവര്‍ത്തനരീതികൾ പിന്തുടര്‍ന്നതിനും 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനും ദീക്ഷാന്ത് ഐഎഎസ്, അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സാധന സാമഗ്രികളുടെയോ സേവനങ്ങളുടെയോ പേരിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്.
രണ്ട് കേസുകളിലും യുപിഎസ്‍സി പരീക്ഷയിൽ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ പേരും ചിത്രങ്ങളും അവരുടെ സമ്മതമില്ലാതെ ഉപയോഗിച്ച് വിജയത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പരസ്യങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അവലോകനം ചെയ്തു. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ അതോറിറ്റി ചീഫ് കമ്മീഷണർ ശ്രീമതി നിധി ഖരെ, കമ്മീഷണർ ശ്രീ അനുപം മിശ്ര എന്നിവരുടെ നേതൃത്വത്തില്‍ ദീക്ഷാന്ത് ഐഎഎസ്, അഭിമനു ഐഎഎസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചു.
ദീക്ഷാന്ത് ഐഎഎസ് കേസ്:
2021-ലെ യുപിഎസ്‍സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 96-ാം റാങ്ക് നേടിയ ശ്രീമതി മിനി ശുക്ലയുടെ പരാതി സിസിപിഎ-യ്ക്ക് ലഭിച്ചു. പേരും ചിത്രവും സ്ഥാപനത്തിൻ്റെ പ്രചാരണ സാമഗ്രികളിൽ സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നതായിരുന്നു പരാതി. ദീക്ഷാന്ത് ഐഎഎസുമായി ബന്ധമില്ലെന്നും ചഹൽ അക്കാദമിയിൽ നടത്തിയ മാതൃകാ അഭിമുഖത്തില്‍ മാത്രമാണ് പങ്കെടുത്തതെന്നും ഇത് ദീക്ഷാന്ത് ഐഎഎസുമായി ചേർന്ന് നടത്തിയതാണെന്ന് പിന്നീട് അറിഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.
"2021-ലെ യുപിഎസ്‍സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 200-ലധികം ഫലങ്ങൾ" എന്ന് അവകാശപ്പെട്ട് ദീക്ഷാന്ത് ഐഎഎസ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതായി സിസിപിഎ കണ്ടെത്തി. വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ പഠിച്ച പ്രത്യേക കോഴ്സുകൾ വെളിപ്പെടുത്താതെ അവരുടെ ചിത്രങ്ങളും പേരുകളും ഉപയോഗിച്ചു. ഒന്നിലധികം അവസരങ്ങൾ നൽകിയിട്ടും ഈ അവകാശവാദം വിശ്വസനീയമായ തെളിവുകൾ സഹിതം തെളിയിക്കാന്‍ സ്ഥാപനത്തിനായില്ല.
ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖ മാര്‍ഗനിര്‍ദേശക പരിപാടിയില്‍ (ഐജിപി) പങ്കെടുത്തുവെന്നും ഇത് ചഹൽ അക്കാദമിക്കൊപ്പം സംയുക്തമായി സംഘടിപ്പിച്ചതാണെന്നും ദീക്ഷാന്ത് ഐഎഎസ് അവകാശപ്പെട്ടു. എങ്കിലും ‘200ലേറെ ഫലങ്ങൾ’ എന്ന അവകാശവാദം തെളിയിക്കാന്‍ 116 ഉദ്യോഗാര്‍ത്ഥികളെ ചേര്‍ത്ത ഫോമുകൾ മാത്രമാണ് ദീക്ഷാന്ത് ഐഎഎസിന് ഹാജരാക്കാൻ സാധിച്ചതെന്നും അതോറിറ്റി കണ്ടെത്തി. ചഹൽ അക്കാദമിയുമായി രൂപീകരിച്ച കരാറോ സംയുക്തമായി നടത്തിയ പരിപാടിയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചതിന് തെളിവോ സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിജയിച്ച ഉദ്യോഗാർത്ഥികൾ പഠിച്ച പ്രത്യേക കോഴ്സുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ച് പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും "2021-ലെ യുപിഎസ്‍സി സിവില്‍ സര്‍വീസ് പരീക്ഷ” എന്ന നിലയില്‍ 200-ലേറെ ഫലങ്ങൾ നേടിയതിൻ്റെ മുഴുവൻ ക്രെഡിറ്റും അവകാശപ്പെടാന്‍ ശ്രമിച്ചതായി കണ്ടെത്തി.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കൾക്ക് സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. യുക്തിസഹമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഈ അവകാശം ഹനിക്കുകയും ഉപഭോക്തൃ താല്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് പരീക്ഷാ തയ്യാറെടുപ്പിന് ഉദ്യോഗാര്‍ത്ഥികള്‍ വിലപ്പെട്ട സമയവും പരിശ്രമവും പണവും നിക്ഷേപിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ ഇത് കൂടുതൽ ഗൗരവകരമാണ്. കേസിലെ വസ്തുതകൾ പ്രകാരം വിജയിച്ച ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുത്ത കോഴ്‌സുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചും മാതൃകാ അഭിമുഖ പരിപാടിയുടെ സംയുക്ത സ്വഭാവം വെളിപ്പെടുത്താതെയും നിയമത്തിലെ സെക്ഷൻ 2(28), 2(47) എന്നിവ എതിർകക്ഷി ലംഘിച്ചതായി സ്ഥിരീകരിച്ചു.
വിജയിച്ച ഉദ്യോഗാർത്ഥികൾ ചേര്‍ന്ന കോഴ്‌സ് സംബന്ധിച്ച നിർണായക വിവരങ്ങൾ പരസ്യങ്ങളില്‍ മനഃപൂർവം മറച്ചുവെച്ചതായി അന്വേഷണത്തിൽ വെളിപ്പെട്ടു. ഇതുവഴി ഉദ്യോഗാർത്ഥികളുടെ യുപിഎസ്‌സി തയ്യാറെടുപ്പിലുടനീളം ദീക്ഷാന്ത് ഐഎഎസ് സംഭാവന നൽകിയെന്ന തെറ്റായ ധാരണ സൃഷ്ടിച്ചു. യഥാര്‍ത്ഥത്തില്‍ അവരുടെ പങ്ക് അഭിമുഖ ഘട്ടത്തിൽ മാത്രമായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം അവകാശവാദങ്ങൾ പരീക്ഷാ തയ്യാറെടുപ്പിൽ വലിയ സമയവും പണവും നിക്ഷേപിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ തെറ്റായി സ്വാധീനിക്കാനിടയുണ്ട്.
അഭിമനു ഐഎഎസ് കേസ്:
2022-ലെ യുപിഎസ്‍സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 175-ാം റാങ്ക് നേടിയ ശ്രീമതി നടാഷ ഗോയലിൻ്റെ പരാതി അവര്‍ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണെന്ന് സ്ഥാപനം തെറ്റായി അവകാശപ്പെടുകയും പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുകയും ചെയ്തുവെന്നാണ്.
മാതൃകാ അഭിമുഖത്തിനായി നല്‍കിയ വിശദമായ അപേക്ഷാ ഫോമിൻ്റെ അടിസ്ഥാനത്തിൽ സ്ഥാപനം ഒരു ചോദ്യബാങ്ക് പങ്കുവെച്ചിരുന്നുവെന്നും എന്നാല്‍ മാതൃകാ അഭിമുഖം ഒരിക്കലും നടന്നില്ലെന്നും തെളിവുകൾ സൂചിപ്പിക്കുന്നു. ഇതിനുപുറമെ സ്ഥാപനം അവരുടെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിച്ചത് വഞ്ചനാപരവും അന്യായവുമാണെന്ന് വിലയിരുത്തിയ സിസിപിഎ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് കണ്ടെത്തുകയും ചെയ്തു.
സ്ഥാപനം തുടങ്ങിയതുമുതല്‍ "2200-ലേറെ പേര്‍ തിരഞ്ഞെടുക്കപ്പെട്ടു", "മികച്ച പത്ത് ഐഎഎസ് ഫലങ്ങളില്‍ പത്തിലേറെ പേര്‍ തിരഞ്ഞെടുക്കപ്പെട്ടു", "എച്ച്സിഎസ്/പിസിഎസ്/എച്ച്എഎസ് എന്നിവയില്‍ ഒന്നാം റാങ്ക്" എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ അഭിമനു ഐഎഎസ് പ്രസിദ്ധീകരിച്ചതായി തുടര്‍പരിശോധനയിൽ സിസിപിഎ കണ്ടെത്തി. 2023-ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ, ഹരിയാന സിവിൽ സർവീസ്, ആർബിഐ ഗ്രേഡ്-ബി, നബാർഡ് ഗ്രേഡ്-എ തുടങ്ങി വിവിധ പരീക്ഷകളില്‍ വിജയിച്ച ഉദ്യോഗാർത്ഥികളുടെ ചിത്രങ്ങളും പേരുകളും എടുത്തുകാണിച്ച പരസ്യങ്ങളില്‍ ഈ ഉദ്യോഗാർത്ഥികൾ ചേർന്ന പ്രത്യേക കോഴ്സുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചതായും കണ്ടെത്തി.
139 ഉദ്യോഗാര്‍ത്ഥികള്‍ 2023-ലെ വിവിധ പരീക്ഷകളില്‍ തിരഞ്ഞെടുക്കപ്പെട്ടതായി അവകാശപ്പെട്ടതിൻ്റെ വിശദാംശങ്ങൾ സ്ഥാപനം സമർപ്പിച്ചു. എന്നാല്‍ ഇതിൽ 88 ഉദ്യോഗാര്‍ത്ഥികളും അഭിമനു ഐഎഎസിൻ്റെ സഹായമില്ലാതെയാണ് പ്രാഥമികഘട്ട, അന്തിമഘട്ട പരീക്ഷകള്‍ വിജയിച്ചത്. സ്ഥാപനം മാതൃകാ അഭിമുഖവും വ്യക്തിഗത ചോദ്യബാങ്കുകളും മാത്രമാണ് നൽകിയത്. ഇത്തരം സുപ്രധാന വിവരങ്ങൾ മറച്ചുവെക്കുന്നത് തെറ്റിദ്ധാരണാജനകവും വഞ്ചനാപരവുമാണെന്ന് സിസിപിഎ വിലയിരുത്തി. കാര്യങ്ങള്‍ മനസ്സിലാക്കി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അവകാശത്തെ നിഷേധിക്കുന്നതിനാല്‍ ഇത് അന്യായ പ്രവര്‍ത്തന രീതിയാണ്.
മികച്ച പത്ത് ഐഎഎസുകളില്‍ പത്തിലേറെ പേര്‍ തിരഞ്ഞെടുക്കപ്പെട്ടതായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം പരിശോധിച്ച സിസിപിഎ ഇതില്‍ ഭൂരിഭാഗവും 2001-നും 2012-നും ഇടയിലെ ഫലമാണെന്നും 2018-ല്‍ രണ്ടുപേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അവര്‍ കേവലം അഭിമുഖ മാര്‍ഗനിര്‍ദേശക പരിപാടിയില്‍ മാത്രമാണ് പങ്കെടുത്തതെന്നും കണ്ടെത്തി. ‘1999 മുതൽ’ എന്ന വാചകം ഒഴിവാക്കിയതിലൂടെ സ്ഥാപനം അടുത്ത കാലത്തും പതിവായും മികച്ച പത്തില്‍ ഇടം നേടിയതായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് സിസിപിഎ വിലയിരുത്തി. ഇത്തരം തെറ്റായ വിവരങ്ങൾ ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനങ്ങളെ അന്യായമായി സ്വാധീനിക്കുന്നതായും 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(9) പ്രകാരം കാര്യങ്ങള്‍ മനസ്സിലാക്കി തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശം ലംഘിക്കുന്നതായും അതോറിറ്റി നിരീക്ഷിച്ചു.
സ്ഥാപനത്തിൻ്റെ തുടക്കം മുതല്‍ 2200-ലേറെ പേര്‍ തിരഞ്ഞെടുക്കപ്പെട്ടതായി നടത്തിയ അവകാശവാദത്തിനും തെളിവുകളില്ലെന്ന് അതോറിറ്റി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. യുപിഎസ്‍സി, എച്ച്സിഎസ്, ആര്‍ബിഐ ഗ്രേഡ്-ബി, നബാര്‍ഡ് ഗ്രേഡ്-എ തുടങ്ങിയ പരീക്ഷകളിൽ ഏതിലാണ് നേട്ടമെന്ന് പരസ്യങ്ങളിൽ വ്യക്തമാക്കിയിരുന്നില്ല. എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടത് യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയിലാണെന്ന തെറ്റിദ്ധാരണ ഇതിലൂടെ ഉദ്യോഗാർത്ഥികളിൽ സൃഷ്ടിച്ചു. വിപുലവും അയോഗ്യവുമായ ഈ അവകാശവാദം സ്ഥാപനത്തിൻ്റെ വിശ്വാസ്യത വർധിപ്പിക്കുകയും ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സമാനമായി എച്ച്സിഎസ്/പിസിഎസ്/എച്ച്എഎസ്-ൽ ഒന്നാം റാങ്ക് നേടിയെന്ന അവകാശവാദവും തെളിയിക്കാനായില്ല. നിരവധി അവസരങ്ങൾ നൽകിയെങ്കിലും മതിയായ രേഖകള്‍ സഹിതം തെളിവുകൾ ഹാജരാക്കാൻ സ്ഥാപനത്തിന് സാധിച്ചില്ല.
കാര്യങ്ങള്‍ മനസ്സിലാക്കി തീരുമാനങ്ങളെടുക്കാനുള്ള ഉപഭോക്താക്കളുടെ അവകാശത്തെ 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഉയർത്തിപ്പിടിക്കുന്നു. പരസ്യങ്ങളിലെ വസ്തുതാപരമായ തെറ്റുകൾ ഈ അവകാശത്തിൽ ഇടപെടുന്നു. കാരണം ഈ കേസിലേതുപോലെ അതിശയോക്തിപരവും തെറ്റായതുമായ വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾ (ഉദ്യോഗാര്‍ത്ഥികള്‍) സമയവും പണവും പരിശ്രമവും നിക്ഷേപിക്കാനിടയുണ്ട്. വസ്തുതാവിരുദ്ധവും, അപൂർണവും തെറ്റിദ്ധാരണാജനകവുമായ അവകാശവാദങ്ങൾ അവതരിപ്പിക്കുന്നത് അന്യായമായ പ്രവര്‍ത്തന രീതിയായതിനാല്‍ തിരുത്തൽ നടപടികൾ അനിവാര്യമാണ്.
വിജയിച്ച ഉദ്യോഗാർത്ഥികളുടെ പേരോ ചിത്രമോ തെറ്റായ പരസ്യങ്ങൾക്കോ മറ്റ് പ്രചാരണങ്ങൾക്കോ വേണ്ടി പരിശീലന കേന്ദ്രങ്ങള്‍ ഉപയോഗിച്ചാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സിസിപിഎ അഭ്യര്‍ത്ഥിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അന്യായമായ പ്രവര്‍ത്തന രീതികൾക്കും വിവിധ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ സിസിപിഎ ഇതിനകം 57 നോട്ടീസുകൾ നൽകിയിട്ടുണ്ട്. 27 പരിശീലന സ്ഥാപനങ്ങൾക്കെതിരെ 98.6 ലക്ഷം രൂപയിലധികം പിഴ ചുമത്തുകയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിർത്തലാക്കാൻ നിർദേശം നൽകുകയും ചെയ്തു.
****
(Release ID: 2185232)
Visitor Counter : 15