ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3, 4 തീയതികളിൽ കേരളത്തിലെ കൊല്ലം, തിരുവനന്തപുരം ജില്ലകൾ സന്ദർശിക്കും

2025 നവംബർ 3ന് കേരളത്തിലെ കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും

2025 നവംബർ 4ന് കേരളത്തിലെ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉപരാഷ്ട്രപതി സന്ദർശിക്കും

Posted On: 01 NOV 2025 2:59PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3, 4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.

സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. ഈ മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫാത്തിമ മാതാ നാഷണൽ കോളേജ് അക്കാദമിക് സേവനത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നു.

കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും ശ്രീ. സി.പി. രാധാകൃഷ്ണൻ അന്നേ ദിവസം സംവദിക്കും. രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് FICEA.

2025 നവംബർ 4ന് ഉപരാഷ്ട്രപതി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സന്ദർശിക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (SCTIMST), കേന്ദ്ര സർക്കാരിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്. ഉന്നത  നിലവാരത്തിലുള്ള രോഗി പരിചരണം, വ്യാവസായിക പ്രാധാന്യമുള്ള സാങ്കേതിക വികസനം, സാമൂഹിക പ്രസക്തിയുള്ള ആരോഗ്യ ഗവേഷണ പഠനങ്ങൾ എന്നിവയിൽ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

***


(Release ID: 2185204) Visitor Counter : 43