ഉപരാഷ്ട്രപതിയുടെ കാര്യാലയം
71-ാമത് ഐഐപിഎ വാർഷിക പൊതുസമ്മേളനത്തിൽ അധ്യക്ഷനായി ഐഐപിഎ പ്രസിഡന്റായ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ
പൗരകേന്ദ്രീകൃത ഭരണനിര്‍വഹണത്തിന് സിവിൽ സർവീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടാവേണ്ട ധാര്‍മ്മിക സേവന മനോഭാവത്തിന്റെയും കർത്തവ്യ ബോധത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ് ഉപരാഷ്ട്രപതി
നിയമാധിഷ്ഠിത ഭരണത്തില്‍നിന്ന് ഉത്തരവാദിത്താധിഷ്ഠിത ഭരണത്തിലേക്കുള്ള മാറ്റം ഉയർത്തിക്കാട്ടി ശ്രീ സി.പി. രാധാകൃഷ്ണൻ
നീതിയുക്തമായ ഭരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ പൗരാണിക ജ്ഞാനം വീണ്ടെടുക്കാൻ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി
പൊതുസേവന നിലവാരം മെച്ചപ്പെടുത്താൻ ധാർമിക പാരമ്പര്യങ്ങളെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്താൻ ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു
മികച്ച നയങ്ങൾക്കും സേവനങ്ങൾക്കും നിര്‍മിതബുദ്ധി, മെഷീൻ ലേണിങ്, എൻഎൽപി തുടങ്ങിയ പരിവർത്തനാത്മക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തേണ്ടത് സംബന്ധിച്ച് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു
Posted On:
31 OCT 2025 7:29PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (ഐഐപിഎ) 71-ാമത് വാർഷിക പൊതുസമ്മേളനത്തിൽ സ്ഥാപനത്തിന്റെ പ്രസിഡന്റായ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അധ്യക്ഷനായി. കേന്ദ്രമന്ത്രിയും ഐഐപിഎ ചെയർമാനുമായ ഡോ. ജിതേന്ദ്ര സിങും ചടങ്ങില്‍ പങ്കെടുത്തു.
ഐഐപിഎ പ്രസിഡൻ്റ് എന്ന നിലയിൽ ആദ്യമായാണ് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പരിപാടിയുടെ അധ്യക്ഷപദവി അലങ്കരിക്കുന്നത്. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തില്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഏകീകരണത്തിലും കരുത്തുറ്റ അഖിലേന്ത്യാ സിവിൽ സർവീസസ് രൂപീകരണത്തിലും അദ്ദേഹം നൽകിയ സംഭാവനകളെ ഉപരാഷ്ട്രപതി അനുസ്മരിച്ചു. 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഊന്നൽ നൽകി പൗരകേന്ദ്രീകൃത ഭരണനിര്‍വഹണം നടപ്പാക്കാന്‍ സിവിൽ സർവീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടാവേണ്ട ധാർമ്മിക സേവന മനോഭാവത്തിന്റെയും കർത്തവ്യ ബോധത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുഭരണത്തിൽ ഗുണപരമായ മൂല്യങ്ങൾ ഉൾക്കൊള്ളിക്കുന്നതിൽ ഐഐപിഎ കൈവരിച്ച ജനപ്രീതിയെയും സ്വാധീനത്തെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. കേന്ദ്ര- സംസ്ഥാന - പ്രതിരോധ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏകദേശം 10,000 സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രയോജനകരമാകുന്ന 24 ഗവേഷണ പദ്ധതികളും 162 പരിശീലന പരിപാടികളും 2024-25 കാലയളവില്‍ ഐഐപിഎ പൂർത്തിയാക്കി. ജില്ലാതലത്തിലും പ്രാദേശികതലത്തിലും ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിലേക്കും സ്വകാര്യ മേഖലയിലെ നേതാക്കൾക്ക് വേണ്ടി ശില്പശാലകള്‍ സംഘടിപ്പിക്കുന്നതിലേക്കും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ വളര്‍ന്നുവരുന്ന പ്രവർത്തനതലങ്ങളുടെ സൂചനയാണിത്.
കർമയോഗി ദൗത്യത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി ഡിജിറ്റൽ സംരംഭങ്ങളുമായി ഐഐപിഎ നടത്തിയ ഏകോപനത്തെയും ഐജിഒടി ഡിജിറ്റൽ പരിശീലന സംവിധാനം അവലംബിച്ചതിനെയും അഭിനന്ദിച്ചു. നിലവിൽ 12,000-ത്തിലധികം അംഗങ്ങൾ ഈ സ്ഥാപനത്തിനുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കീഴിലെ ജില്ലാ ഘടകങ്ങളിലൂടെ യുവ ഉദ്യോഗസ്ഥർക്ക് സേവനലഭ്യത ഉറപ്പാക്കുന്നു.
പൊതുസേവനങ്ങളിലെ ധാർമ്മിക നിലവാരം മെച്ചപ്പെടുത്തുന്നതിന് ഭരണനിര്‍വഹണത്തിൽ ഇന്ത്യയുടെ പൗരാണിക ജ്ഞാനം വീണ്ടെടുക്കണമെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. വിവിധ പാരമ്പര്യങ്ങളിലെ ധാർമ്മിക തത്വങ്ങളെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. നിയമാധിഷ്ഠിത ഭരണത്തിൽ നിന്ന് ഉത്തരവാദിത്താധിഷ്ഠിത ഭരണത്തിലേക്കുള്ള മാറ്റം അദ്ദേഹം ഉയർത്തിക്കാട്ടി. നയരൂപീകരണവും ഭരണനിർവഹണവും സേവനവിതരണവും മെച്ചപ്പെടുത്തുന്നതിന് നിര്‍മിതബുദ്ധി, മെഷീൻ ലേണിങ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് തുടങ്ങിയ പരിവർത്തനാത്മക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉപരാഷ്ട്രപതി വിശദീകരിച്ചു.
പരാതി പരിഹാരം ആധുനികവൽക്കരിച്ച സിപി-ഗ്രാംസ് സംവിധാനത്തെയും എഐ ഉപയോഗിച്ച് റെയിൽവേ ടിക്കറ്റ് ബുക്കിങ് മെച്ചപ്പെടുത്തുന്ന ഐഡിയൽ ട്രെയിൻ പ്രൊഫൈൽ പദ്ധതിയെയും ബഹുഭാഷാ ഡിജിറ്റൽ ഭരണനിര്‍വഹണ സംവിധാനമായ ഭാഷിണിയെയും ശ്രീ സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു. "സദ്ഭരണത്തിന് നിര്‍മിതബുദ്ധി” എന്നതടക്കം പുതിയ ഐഐപിഎ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ ചടങ്ങില്‍ കോർപ്പറേറ്റർമാര്‍ക്കും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും തൊഴില്‍ വികസന അവസരങ്ങൾ സംബന്ധിച്ച പ്രദർശനവും സംഘടിപ്പിച്ചു.
അഭിമാനകരമായ ഐഐപിഎ വാർഷിക പുരസ്‌കാരങ്ങൾ ചടങ്ങില്‍ ശ്രീ സി.പി. രാധാകൃഷ്ണൻ വിതരണം ചെയ്തു. ഐഐപിഎ-യ്ക്കും പൊതുഭരണ മേഖലയ്ക്കും നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ച് നല്‍കുന്ന 2025 -ലെ പോൾ എച്ച്. ആപ്പിൾബി പുരസ്കാരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ശ്രീമതി മീനാക്ഷി ഹൂജയ്ക്ക് സമ്മാനിച്ചു. അക്കാദമിക രംഗത്തെ മികവിന് നല്‍കുന്ന 2025-ലെ ഡോ. രാജേന്ദ്ര പ്രസാദ് പുരസ്കാരം കട്ടക്കിലെ റാവെൻഷോ സര്‍വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. പ്രകാശ് സി. സാരംഗിക്ക് സമ്മാനിച്ചു.
71-ാമത് വാർഷിക പൊതുസമ്മേളന വേളയില്‍ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഐഐപിഎയില്‍ സ്ഥാപിച്ച അദ്ദേഹത്തിൻ്റെ പ്രതിമ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്തു.
****
(Release ID: 2184975)
Visitor Counter : 4