ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

സമുദ്ര മത്സ്യബന്ധന സെൻസസ് 2025 പൂർണ്ണമായും ഡിജിറ്റലാകുന്നു; വ്യാസ് ആപ്പുകൾ തത്സമയ, ജിയോ റഫറൻസ് ഡാറ്റ ശേഖരണം സാധ്യമാക്കും

മത്സ്യത്തൊഴിലാളികൾ NFDP പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ; മത്സ്യബന്ധനമേഖലയെ പരിവർത്തനം ചെയ്യുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമെന്നും മന്ത്രി

Posted On: 31 OCT 2025 2:02PM by PIB Thiruvananthpuram
സമുദ്ര മത്സ്യബന്ധന സെൻസസ് (MFC) 2025 ഗാർഹിക കണക്കെടുപ്പിനും  വ്യാസ് - ഭാരത്, വ്യാസ് - സൂത്ര ആപ്പുകൾക്കും കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഇന്ന് കൊച്ചിയിൽ തുടക്കം കുറിച്ചു. ദേശീയ സ്ഥിതിവിവരക്കണക്ക് പ്രക്രിയയുടെ സമ്പൂർണ്ണവും ചരിത്രപരവുമായ ഡിജിറ്റൽ പരിവർത്തനത്തെയാണ് MFC 2025 ന്റെ സമാരംഭം അടയാളപ്പെടുത്തുന്നത്. പരമ്പരാഗത കടലാസധിഷ്ഠിത രീതികൾ പൂർണ്ണമായും ഒഴിവാക്കി, നാളിതുവരെയുള്ള സമഗ്രവും, സൂക്ഷ്മവും, ഭൂമിശാസ്ത്രപരവുമായ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കാൻ സജ്ജമായ ഇത് പ്രമാണീകരണം ആധാരമാക്കിയുള്ള ആസൂത്രണത്തിന് ശക്തമായ അടിത്തറ പാകുന്നു. മത്സ്യത്തൊഴിലാളികൾക്ക്  സഹായകമാം വിധം ട്രാൻസ്‌പോണ്ടറുകൾ, ആമകൾ വലയിൽ കുരുങ്ങുന്നത് ഒഴിവാക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയ വിവിധ ശാസ്ത്രീയ ഉപാധികൾ സർക്കാർ സൗജന്യമായി സ്ഥാപിക്കുന്നുണ്ടെന്ന് സമുദ്രമേഖലയിലെ പങ്കാളികളെ അഭിസംബോധന ചെയ്യവേ ശ്രീ ജോർജ്ജ് കുര്യൻ പറഞ്ഞു. സർക്കാരിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി NFDP പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം മത്സ്യത്തൊഴിലാളികളോടും മത്സ്യകർഷകരോടും അഭ്യർത്ഥിച്ചു.
 

MFC 2025: മത്സ്യത്തൊഴിലാളി ക്ഷേമത്തിലേക്കുള്ള ചരിത്രപരമായ ഡിജിറ്റൽ കുതിച്ചുചാട്ടവും സാങ്കേതിക മുന്നേറ്റവും

മാതൃകാപരമായ പരിവർത്തനം:

പൂർണ്ണമായും ഡിജിറ്റൽ, ജിയോ-റഫറൻസ്ഡ് സെൻസസ്:


MFC–2025 മുൻ സെൻസസുകളിൽ നിന്നുള്ള  (ഉദാഹരണത്തിന്, 2005, 2010, 2016) അദ്‌ഭുതകരമായ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. ആൻഡമാൻ, നിക്കോബാർ ദ്വീപു സമൂഹവും ലക്ഷദ്വീപും ഉൾപ്പെടെ 13 തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 5,000 ഗ്രാമങ്ങളിലെയും/ആവാസ വ്യവസ്ഥകളിലെയും ഏകദേശം 1.2 ദശലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ മുഴുവൻ കണക്കെടുപ്പും പൂർണ്ണമായും ഡിജിറ്റലും കടലാസ് രഹിതവുമായിരിക്കും.

 

കണക്കെടുപ്പ് കാലയളവ്:

പ്രധാന ഗാർഹിക വിവരശേഖരണം 2025 നവംബർ 3 മുതൽ ഡിസംബർ 18 വരെ 45 ദിവസത്തെ വിപുലീകൃത കാലയളവിലേക്ക് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു.

ഡിജിറ്റൽ ആർക്കിടെക്ചർ:

നോഡൽ ഏജൻസിയായ ICAR–സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI)  കണക്കെടുപ്പിനായി വികസിപ്പിച്ച, ബഹുഭാഷാ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളാണ് ഈ പ്രക്രിയയ്ക്ക് കരുത്ത് പകരുന്നത് - VyAS–NAV (മത്സ്യബന്ധന ഗ്രാമങ്ങളുടെയും തുറമുഖങ്ങളുടെയും സാധൂകരണത്തിനായി), VyAS–BHARAT (ഗാർഹിക, അടിസ്ഥാന സൗകര്യ കണക്കെടുപ്പ്), VyAS–SUTRA (വീടുകളുടെയും കണക്കെടുപ്പുകാരുടെയും തത്സമയ മേൽനോട്ടത്തിനും നിരീക്ഷണത്തിനും).

കാര്യക്ഷമതയും കൃത്യതയും:

 ഡിജിറ്റൽ സമീപനം തത്സമയ, ജിയോ-റഫറൻസ് ചെയ്ത ഡാറ്റ ശേഖരണം സാധ്യമാക്കുന്നു, മാനുഷികമായ പിഴവുകൾ ഇല്ലാതാക്കുന്നു, ഡാറ്റ പ്രോസസ്സിംഗ് ഗണ്യമായി ത്വരിതപ്പെടുത്തുന്നു.

പരിശോധനയും മേൽനോട്ടവും:

സെൻസസ് മാനേജ്മെന്റിന്റെ സമസ്ത തലങ്ങളിലും തത്സമയ പുരോഗതി നിരീക്ഷണം, ഡാറ്റ കൃത്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് മൾട്ടി-ടയർ വെബ് ഡാഷ്‌ബോർഡുകളും ഒരു സൂപ്പർവൈസറി ആപ്പും മുഖേന മുഴുവൻ പ്രവർത്തനവും നിരീക്ഷിക്കുന്നു.

സമഗ്രമായ തയ്യാറെടുപ്പുകളും സാങ്കേതിക സമന്വയവും:

MFC –2025 ന്റെ തയ്യാറെടുപ്പ് ഘട്ടം വിപുലമായിരുന്നു. അതിൽ സെൻസസിന് മുന്നോടിയായുള്ള  ശില്പശാലകളും കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റ് 2025 പോലുള്ള ഉന്നതതല ഏകോപന യോഗങ്ങളും ഉൾപ്പെടുന്നു. അന്തിമ പ്രവർത്തന തന്ത്രം രൂപീകരിക്കുന്നതിനും ഏകോപനത്തിനുമുള്ള നിർണ്ണായകമായ ദേശീയ ശില്പശാല ഇന്ന് കൊച്ചിയിലെ ICAR–CMFRI യിൽ നടന്നു. സെൻസസിന് സമാന്തരമായി, സമുദ്ര മത്സ്യബന്ധന ഡാറ്റ ശേഖരണത്തിൽ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നത് ഡ്രോൺ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് മത്സ്യബന്ധന വകുപ്പും CMFRI യും പിന്തുണ നൽകുന്നു. ട്രോളിംഗ് നിരോധന കാലയളവിൽ ആകാശ മാർഗ്ഗം മത്സ്യബന്ധന കപ്പലുകളുടെ കണക്കെടുപ്പ് നടത്താൻ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങളായ വിശാഖ പട്ടണം, കാക്കിനാഡ, തൂത്തുക്കുടി (ഏപ്രിൽ മുതൽ ജൂൺ വരെ) - പശ്ചിമ തീരത്തെ പ്രധാന കേന്ദ്രങ്ങളായ മംഗളൂരു, ബേപ്പൂർ, പുതിയപ്പ (ജൂൺ മുതൽ ജൂലൈ വരെ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിധ തരം യാനങ്ങളുടെ (യന്ത്രവത് ക്കരിക്കപ്പെട്ട, മോട്ടോറൈസ്ഡ് - ഓൺബോർഡ്, മോട്ടോറൈസ്ഡ് - ഔട്ട്ബോർഡ്) ഡ്രോൺ അധിഷ്ഠിത ആകാശ ദൃശ്യങ്ങൾ ഉപയോഗിച്ച് കണക്കെടുത്ത്, ഭൂതല ഡാറ്റ ശേഖരണത്തെ പിന്തുണയ്ക്കുന്നതിനുള്ള നിഷ്പക്ഷവും പരിശോധനാത്മകവുമായ ഉറവിടമായി ഇത് വർത്തിക്കുന്നു.

ലക്ഷ്യവേധിയായ ക്ഷേമത്തിനായി ഗ്രാനുലാർ ഡാറ്റ:

തീരദേശ ജനതയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആഴത്തിലുള്ളതും സൂക്ഷ്മവുമായ ധാരണ രൂപപ്പെടുത്തുന്നതിനായി MFC–2025 ന്റെ വ്യാപ്തി ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. ഭാവിയിലെ സർക്കാർ ഇടപെടലുകൾ കൂടുതൽ കൃത്യവും ഫലപ്രദവുമാണെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.

വിപുലീകരിച്ച സാമൂഹിക-സാമ്പത്തിക ഡാറ്റ:

ആകെ കുടുംബ വരുമാനം, വീട്ടുടമസ്ഥത, കുടിശ്ശിക ബാധ്യതകൾ, വായ്പാ സ്രോതസ്സുകൾ തുടങ്ങിയ നിർണായക സൂചകങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇദംപ്രഥമമായി കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ദുർബലമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

ഇൻഷുറൻസ് സ്ഥിതി, പ്രധാന നാശനഷ്ടങ്ങളും ന്യൂനതകളും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ കോവിഡ്-19 മഹാമാരിയുടെ സാമൂഹിക-സാമ്പത്തിക ആഘാതങ്ങൾ, PMMSY/PM-MKSSY പോലുള്ള പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങളുടെ ലഭ്യത എന്നിവയെക്കുറിച്ചുള്ള സുപ്രധാന ഡാറ്റ കണക്കെടുപ്പിലൂടെ ശേഖരിക്കും.

സ്ഥാപന മാപ്പിംഗ് (ദൃശ്യ വിലയിരുത്തൽ):

ഡാറ്റ ശേഖരണം സുഗമമാക്കുന്നതിനും മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മത്സ്യകർഷക ഉത്പാദക സംഘടനകൾ (FFPO-കൾ), സ്വയം സഹായ സംഘങ്ങൾ (SHG-കൾ) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ ഷെഡ്യൂളുകൾ അവതരിപ്പിച്ചു.

പശ്ചാത്തലം

കേന്ദ്രത്തിന്  കീഴിലുള്ള മത്സ്യബന്ധന വകുപ്പിന്റെ പൂർണ ധനസഹായത്തോടെ, ICAR-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) നോഡൽ ഏജൻസിയും, ഫിഷറി സർവേ ഓഫ് ഇന്ത്യ (FSI) പ്രവർത്തന പങ്കാളിയുമായി നടത്തുന്ന ഒരു തീരദേശ പ്രവർത്തനമാണ് ദേശീയ സമുദ്ര മത്സ്യബന്ധന സെൻസസ് 2025 (MFC 2025).  മറൈൻ ഫിഷറീസ് സെൻസസ് അഞ്ചാം പതിപ്പിൽ 5,000 സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളിലായി 1.2 ദശലക്ഷത്തിലധികം കുടുംബങ്ങളെ ഉൾപ്പെടുത്തും. പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ സഹായത്തോടെ 1,200 ലധികം ലാൻഡിംഗ് സെന്ററുകൾ, 50 മത്സ്യബന്ധന തുറമുഖങ്ങൾ, ജെട്ടികൾ, വിപണികൾ, സംസ്‌ക്കരണ പ്ലാന്റുകൾ എന്നിവയിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധന കപ്പലുകൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ഗാർഹിക കണക്കെടുപ്പാണ് ഈ പ്രവർത്തനത്തിന്റെ മുഖമുദ്ര. 'സ്മാർട്ട് സെൻസസ്, സ്മാർട്ടർ ഫിഷറീസ്' എന്ന ആപ്തവാക്യമുയർത്തുന്ന MFC 2025, PM-MKSSY യും അടിസ്ഥാന സൗകര്യ നവീകരണവും മികച്ച രീതിയിൽ നടപ്പാക്കുന്നതിൽ സഹായകമാകും. ക്ഷേമ പദ്ധതികൾ പരിഷ്ക്കരിക്കുന്നതിനും മത്സ്യബന്ധന സമൂഹത്തിനായി ലഭ്യമാക്കുന്നതിനും, കാലാവസ്ഥയെ പ്രതിരോധിക്കുന്നതും, സർവ്വാശ്ലേഷിയായ വികസന തന്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും, പുതിയ ആധികാരിക വിവരങ്ങളുടെ ഈ സമ്പത്ത്  അടിസ്ഥാനമായിരിക്കും. ഇന്ത്യയിലെ ഡാറ്റാധിഷ്ഠിത മത്സ്യബന്ധന ഭരണനിർവ്വഹണത്തിന് MFC–2025 അക്ഷരാർത്ഥത്തിൽ ഒരു പുതുമാനദണ്ഡം സൃഷ്ടിക്കുകയാണ്. ഒപ്പം ഇത് സമൂഹം മുന്നിൽ നിന്ന് നയിക്കുന്ന വളർച്ചയ്ക്ക് സഹായിക്കുകയും തീരദേശത്തെ വനിതകളിലും യുവാക്കളിലും സംരംഭകത്വം വളർത്തുകയും ചെയ്യും.
 
SKY
 
*******

(Release ID: 2184643) Visitor Counter : 13