രാജ്യരക്ഷാ മന്ത്രാലയം
കൊച്ചിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലില്‍വെച്ച് ഗുരുതരമായി പരിക്കേറ്റ ഇറാനിയൻ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
प्रविष्टि तिथि:
28 OCT 2025 5:02PM by PIB Thiruvananthpuram
ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഇരുകണ്ണുകൾക്കും ആഴത്തിൽ പരിക്കേറ്റ ഇറാനിയൻ മത്സ്യത്തൊഴിലാളിയെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വിജയകരമായി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്ത് എന്‍ജിൻ തകരാറിലായ 'അൽ-ഒവൈസ്' മത്സ്യബന്ധന പായ്ക്കപ്പലിലെ അഞ്ച് ജീവനക്കാരില്‍ ഒരാളാണ് ഇദ്ദേഹം.
മത്സ്യത്തൊഴിലാളിയുടെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് ഇറാനിലെ എംആർസിസി ചാബഹാർ മുംബൈ സമുദ്ര രക്ഷാദൗത്യ ഏകോപന കേന്ദ്രത്തിന് (എംആര്‍സിസി) വിവരം നൽകിയ ഉടനെ സമീപത്തെ കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകാനും ഏകോപിത സഹായം ആരംഭിക്കാനും അന്താരാഷ്ട്ര സുരക്ഷാ ശൃംഖല പ്രവർത്തനക്ഷമമാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിദേശ വിന്യാസത്തിന് ശേഷം മടങ്ങിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ ‘സചേതി’നും കുവൈറ്റിൽ നിന്ന് മൊറോണിയിലേക്ക് പോവുന്ന മാർഷൽ ദ്വീപ് പതാക വഹിച്ച ‘എംടി എസ്‌ടിഐ ഗ്രേസ്’ എണ്ണക്കപ്പലിനും അടിയന്തര സഹായ നിർദേശം നൽകി. എണ്ണക്കപ്പലിലെ ജീവനക്കാർ അൽ-ഒവൈസുമായി ബന്ധപ്പെട്ട ശേഷം കോസ്റ്റ് ഗാര്‍ഡ് മെഡിക്കൽ ഉദ്യോഗസ്ഥരുടെ മാർഗനിർദേശപ്രകാരം ടെലി-മെഡിക്കൽ പ്രഥമശുശ്രൂഷയും ആദ്യഘട്ട പരിചരണവും നല്‍കി.
തുടർന്ന് എംടി എസ്‌ടിഐ ഗ്രേസ് കപ്പലില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഐസിജി കപ്പലായ സചേതിലേക്ക് രോഗിയെ കൈമാറി. പരിക്കേറ്റ മത്സ്യത്തൊഴിലാളി നിലവിൽ ഐസിജി കപ്പൽ സചേതിൽ തുടർചികിത്സയിലാണ്. കൂടുതൽ നടപടിക്രമങ്ങൾക്കായി കപ്പൽ ഗോവയിലേക്ക് നീങ്ങുന്നു.
രാജ്യാതിർത്തികൾക്കപ്പുറം സമുദ്ര സുരക്ഷയോടും മാനുഷിക സഹായത്തോടും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ഉദാഹരണമാണ് സങ്കീർണവും വെല്ലുവിളിയേറിയതുമായ ഈ രക്ഷാപ്രവർത്തനം. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിശ്വസ്തവും ആശ്രയയോഗ്യവുമായ സമുദ്ര തിരച്ചിൽ-രക്ഷാ ഏജൻസിയെന്ന നിലയിൽ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പങ്കിനെ ഈ ദൗത്യം അടയാളപ്പെടുത്തുന്നു.
****
(रिलीज़ आईडी: 2183438)
आगंतुक पटल : 25