വാണിജ്യ വ്യവസായ മന്ത്രാലയം
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിൻ്റെ ബ്രസ്സൽസ് സന്ദർശനം 2025 ഒക്ടോബർ 27, 28 തിയതികളിൽ
Posted On:
26 OCT 2025 2:17PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ 2025 ഒക്ടോബർ 27-28 തീയതികളിൽ ബെൽജിയം തലസ്ഥാനമായ ബ്രസ്സൽസ് സന്ദർശിക്കും. യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും യൂറോപ്യൻ വ്യാപാര കമ്മീഷണറുമായ മരോഷ് ഷെഫ്കോവിച്ചുമായി ശ്രീ ഗോയൽ ഉന്നതതല ചർച്ച നടത്തും.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറുമായി (FTA) ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കെയാണ് ഈ സന്ദർശനം. സമഗ്രവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇരുപക്ഷവും ഊർജിതമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം നടന്ന 14-ാം വട്ട ചർച്ചകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, ചർച്ചകൾക്ക് തന്ത്രപരമായ ദിശാബോധവും രാഷ്ട്രീയ പിന്തുണയും നൽകുക എന്നതാണ് മന്ത്രിയുടെ സന്ദർശനത്തിൻ്റെ ലക്ഷ്യം.
നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിലെ സുപ്രധാന മേഖലകളായ വിപണി പ്രവേശനം, തീരുവ ഇതര നടപടികൾ, നിയന്ത്രണ സംവിധാനങ്ങളിലെ സഹകരണം എന്നിവ ചർച്ചകളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുന്നതിനും അഭിപ്രായ രൂപീകരണം ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഈ സന്ദർശനം സഹായിക്കും.
മന്ത്രി ഗോയലിൻ്റെ ബ്രസ്സൽസിലെ പരിപാടികളിൽ കമ്മീഷണർ ഷെഫ്‌കോവിച്ചുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും തുടർന്ന് നടക്കുന്ന വർക്കിംഗ് ഡിന്നറും - വ്യാപാര കേന്ദ്രീകൃത അത്താഴ വിരുന്ന് - ഉൾപ്പെടും. തദവസരത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര, സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അഭിലാഷം ഇരു നേതാക്കളും ഊട്ടിയുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷമാദ്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ഇന്ത്യ-EU പങ്കാളിത്തം പൂർവ്വാധികം ശക്തി പ്രാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം സമൃദ്ധി, സുസ്ഥിരത, നൂതനാശയങ്ങൾ എന്നിവയിൽ ഇരുപക്ഷത്തിനും അഭികാമ്യമായ പുരോഗതി സാധ്യമാകുന്ന, ഭാവി സജ്ജമായ വ്യാപാര ബന്ധത്തിൻ്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു വ്യക്തമാക്കി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിൻ്റെ ബ്രസ്സൽസ് സന്ദർശനം സമാന കാഴ്ചപ്പാടുകളെ മൂർത്തമായ ഫലങ്ങളാക്കി പരിവർത്തനം ചെയ്യുന്നതിൽ
സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായ യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും, സ്ഥിരതയാർന്ന വിതരണ ശൃംഖലകൾ, സുസ്ഥിര വളർച്ച, നിയമാനുസൃതമായ ആഗോള വ്യാപാര സംവിധാനം എന്നിവയ്ക്ക് സംഭാവന നൽകുന്ന ഒരു കരാർ സുസാധ്യമാക്കുന്നതിനുമുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
******
(Release ID: 2182718)
Visitor Counter : 8