തെരഞ്ഞെടുപ്പ് കമ്മീഷന്‍
2025-ലെ ബിഹാർ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും: നിശബ്ദപ്രചാരണവേളയിലും എക്സിറ്റ് പോളിലും തെരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനു നിരോധനം
Posted On:
26 OCT 2025 3:58PM by PIB Thiruvananthpuram
ബിഹാർ നിയമസഭയിലേക്കുള്ള 2025-ലെ പൊതുതെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ 8 നിയമസഭാമണ്ഡലങ്ങളി ലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെയും സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ (ECI) 2025 ഒക്ടോബർ ആറിനു പ്രഖ്യാപിച്ചു. ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് 2025 നവംബർ ആറിനും രണ്ടാംഘട്ടം 2025 നവംബർ 11-നും നടക്കും.
1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 126 (1)(b) പ്രകാരം, ഏതെങ്കിലും പോളിങ് ഏരിയയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് (നിശബ്ദപ്രചാരണവേള), ടെലിവിഷൻ അല്ലെങ്കിൽ സമാനമായ ഉപകരണങ്ങൾ ഉപയോഗിച്ച്, ഏതെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണസാമഗ്രികൾ പ്രദർശിപ്പിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി.
മുകളിൽ സൂചിപ്പിച്ച വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന 48 മണിക്കൂർ കാലയളവിൽ ടിവി/റേഡിയോ ചാനലുകളും കേബിൾ ശൃംഖലകളും സംപ്രേഷണം ചെയ്യുന്ന/പ്രക്ഷേപണം ചെയ്യുന്ന/പ്രദർശിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കത്തിൽ, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർഥിയുടെയോ സാധ്യത പ്രോത്സാഹിപ്പിക്കുന്നതോ മുൻവിധിയോടെ കാണുന്നതോ, അതല്ലെങ്കിൽ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയി വ്യാഖ്യാനിക്കാവുന്ന വിവരങ്ങളേതും അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവർത്തിച്ചു. ഏതെങ്കിലും അഭിപ്രായ വോട്ടെടുപ്പു വിവരങ്ങൾ പ്രദർശിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 A പ്രകാരം, 2025 നവംബർ 6 (വ്യാഴം) രാവിലെ 7 മുതൽ 2025 നവംബർ 11 (ചൊവ്വ) വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകൾ നടത്തുന്നതും അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി അവയുടെ ഫലങ്ങൾ പ്രചരിപ്പിക്കുന്നതും നിരോധിച്ചിതായി കമ്മീഷൻ അറിയിച്ചു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 ലംഘിക്കുന്നത് രണ്ടുവർഷംവരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ്.
എല്ലാ മാധ്യമ സ്ഥാപനങ്ങളും ഈ മനോഭാവം ഉൾക്കൊണ്ട് ഇക്കാര്യത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു.
***
AT
(Release ID: 2182647)
Visitor Counter : 21