രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം (JAIMEX) – 2025

Posted On: 22 OCT 2025 5:02PM by PIB Thiruvananthpuram
ഇന്ത്യ  തദ്ദേശീയമായി നിർമ്മിച്ച ശിവാ‍ലിക്-ക്ലാസ് ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ നാവിക സേനയുടെ INS സഹ്യാദ്രി, 2025 ഒക്ടോബർ 16 മുതൽ 18 വരെ നടന്ന ജപ്പാൻ-ഇന്ത്യ നാവിക അഭ്യാസമായ JAIMEX-25യുടെ സമുദ്രഘട്ട അഭ്യാസത്തിൽ പങ്കെടുത്തു. തുടർന്ന് തുറമുഖ ഘട്ട അഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി 2025 ഒക്ടോബർ 21-ന് കപ്പൽ ജപ്പാനിലെ യോകോസുക്ക തുറമുഖത്ത് നങ്കൂരമിട്ടു.

യോകോസുക തുറമുഖത്തെത്തുന്നതിന് മുമ്പ്, INS സഹ്യാദ്രിയും ജപ്പാൻ മാരിറ്റൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ (JMSDF) കപ്പലുകളായ അസാഹി, ഔമി, സബ്മറൈൻ ജിൻറ്യൂ എന്നിവയും ചേർന്ന് JAIMEX–25ന്റെ സമുദ്രഘട്ടത്തിൽ പങ്കെടുത്തു. ഈ ഘട്ടത്തിൽ, ആധുനിക അന്തർവാഹിനിവിരുദ്ധ യുദ്ധപരിശീലനങ്ങളും മിസൈൽ പ്രതിരോധ അഭ്യാസങ്ങളും നടത്തി. പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കലും  വ്യോമാഭ്യാസങ്ങളും  മുഖേന ഇരു നാവികസേനകളുടെയും കൂട്ടായ പ്രവർത്തന ശേഷി വിപുലീകരിച്ചു .ജൈമെക്സ്–25, 2014-ൽ ഇന്ത്യയും ജപ്പാനും കൈക്കൊണ്ട  ‘പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തം’ എന്ന ബന്ധത്തിന്റെ അടിസ്‌ഥാനത്തിൽ  ശക്തമായി  വളർന്നുകൊണ്ടിരിക്കുന്ന നാവിക–നാവിക ബന്ധങ്ങളെ ഈ കൂട്ടായ്മ  പ്രതിഫലിപ്പിക്കുന്നു. ഈ പങ്കാളിത്തം  ഇൻഡോ–പസഫിക് സമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണ്ണായക സ്തംഭമായി വർത്തിക്കുന്നു

യോകോസുകയിലെ സമുദ്ര ഘട്ടത്തിൽ, INS സഹ്യാദ്രിയുടെയും ജപ്പാൻ മാരിറ്റൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ യൂണിറ്റുകളുടെയും സംഘങ്ങൾ വിവിധ പ്രൊഫഷണൽ, സാംസ്കാരിക കൈമാറ്റങ്ങളിൽ ഏർപ്പെടും. ഇതിൽ ക്രോസ്–ഡെക്ക് സന്ദർശനങ്ങൾ, സംയുക്ത പ്രവർത്തന ആസൂത്രണം, മികച്ച രീതികൾ  പങ്കിടൽ, സൗഹൃദവും ഐക്യവും വളർത്തുന്ന സംയുക്ത യോഗാ സെഷൻ എന്നിവ ഉൾപ്പെടും. ഇന്തോ–പസഫിക് മേഖലയിലേക്കുള്ള കപ്പലിന്റെ ദീർഘദൂര വിന്യാസത്തിന്റെ ഭാഗമായ ഈ തുറമുഖ സന്ദർശനം, ഇരുരാജ്യങ്ങളുടെയും  സംയുക്തനാവികബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നത്തിനുള്ള  സുപ്രധാന ഘട്ടമായി കണക്കാക്കുന്നു.

2012-ൽ കമ്മീഷൻ ചെയ്ത INS സഹ്യാദ്രി, ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ വികസനത്തിലെ തുടർച്ചയായ മുന്നേറ്റത്തിന്റെയും ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്ന രാജ്യത്തിന്റെ ദർശനത്തിന്റെയും തെളിവാണ്. ഈ ബഹുമുഖ സ്റ്റെൽത്ത് ഫ്രിഗേറ്റ്, വിവിധ പ്രവർത്തന വിന്യാസങ്ങളിലും ദ്വിപക്ഷ-ബഹുമുഖ അഭ്യാസങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ദീർഘകാലമായി അതിശക്തമാണ്; പ്രത്യേകിച്ച് പ്രതിരോധത്തിലും സമുദ്ര സഹകരണത്തിലും ഇത്  ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വതന്ത്രവും വിശാലവും  എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന സംയുക്ത  കാഴ്ചപ്പാടോടെ വളർന്നുവരുന്ന ഈ പങ്കാളിത്തത്തിൽ, ഇന്ത്യൻ നാവികസേനയും JMSDF-ഉം  മുൻപന്തിയിലാണ്.
 
 
 
 
*****

(Release ID: 2181707) Visitor Counter : 12