തെരഞ്ഞെടുപ്പ് കമ്മീഷന്‍
2025-ലെ ബിഹാർ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും: ECINet-ലെ C-Vigil ആപ്ലിക്കേഷൻ ഉപയോഗിച്ചു പൗരന്മാർക്കു തെരഞ്ഞെടുപ്പുലംഘനങ്ങൾ റിപ്പോർട്ടുചെയ്യാം
Posted On:
21 OCT 2025 7:23PM by PIB Thiruvananthpuram
ബിഹാർ നിയമസഭയിലേക്കുള്ള 2025-ലെ പൊതുതെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ 8 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെയും സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. മാതൃകാപെരുമാറ്റച്ചട്ടം (MCC) നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്മെന്റുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.
പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിഹാറിലുടനീളം 824 ഫ്ലൈയിങ് സ്ക്വാഡുകൾ വിന്യസിച്ചു.
ECINET-ലെ C-Vigil ആപ്ലിക്കേഷൻ ഉപയോഗിച്ചു പൗരന്മാർക്കും രാഷ്ട്രീയ കക്ഷികൾക്കും MCC ലംഘനങ്ങൾ റിപ്പോർട്ടുചെയ്യാം.
2025 ഒക്ടോബർ 21 വരെ, ബിഹാർ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സി-വിജിൽ ആപ്ലിക്കേഷനിലൂടെ 650 പരാതികൾ സമർപ്പിക്കപ്പെട്ടു. ഇതിൽ 649 എണ്ണം തീർപ്പാക്കി. 100 മിനിറ്റിനുള്ളിൽ 612 പരാതികൾ (94%) പരിഹരിച്ചു.
പൊതുജനങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും ബന്ധപ്പെട്ട DEO/RO-യ്ക്കു പരാതി സമർപ്പിക്കാൻ കഴിയുന്ന 1950 എന്ന കോൾ സെന്റർ നമ്പർ ഉൾപ്പെടെയുള്ള പരാതിനിരീക്ഷണ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനം ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
കൂടാതെ, 2025 ഒക്ടോബർ 21 വരെ, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി വിവിധ നിർവഹണ ഏജൻസികളെ ഏകോപിപ്പിച്ചുള്ള സമീപനത്തിലൂടെ 71.32 കോടിയിലധികം രൂപയുടെ പണം, മദ്യം, മയക്കുമരുന്ന്, വിലയേറിയ ലോഹങ്ങൾ, ആനുകൂല്യങ്ങൾ നൽകുന്നതിനായുള്ള മറ്റു വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
***
NK
(Release ID: 2181334)
Visitor Counter : 7