രാജ്യരക്ഷാ മന്ത്രാലയം
പ്രഥമ ഇന്ത്യ- എത്യോപ്യ സംയുക്ത പ്രതിരോധ സഹകരണ യോഗം ന്യൂഡൽഹിയിൽ
ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ അധ്യായത്തിന് തുടക്കം
Posted On:
15 OCT 2025 10:36PM by PIB Thiruvananthpuram
പ്രഥമ ഇന്ത്യ- എത്യോപ്യ സംയുക്ത പ്രതിരോധ സഹകരണ യോഗം 2025 ഒക്ടോബർ 15-ന് ന്യൂഡൽഹിയിൽ നടന്നു. ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ വിപുലീകരിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ് ഈ യോഗം. പ്രതിരോധ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി (അന്താരാഷ്ട്ര സഹകരണം) ശ്രീ അമിതാഭ് പ്രസാദും പ്രതിരോധ വിദേശകാര്യ, സൈനിക സഹകരണ ഡയറക്ടർ ജനറൽ മേജർ ജനറൽ ടെഷോം ഗെമെച്ചുവും യോഗത്തിൽ സഹ-അധ്യക്ഷത വഹിച്ചു.
യോഗത്തിൽ, നിലവിലുള്ള പ്രതിരോധ സഹകരണം സംബന്ധിച്ച് ഇരുപക്ഷവും അവലോകനം നടത്തുകയും പരിശീലനം, സംയുക്ത സൈനികാഭ്യാസം, മെഡിക്കൽ, പ്രതിരോധ വ്യവസായ മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു. പ്രതിരോധ സഹകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും ഇരു പ്രതിനിധികളും തീരുമാനിച്ചു. 2025-ൽ ഇന്ത്യ-എത്യോപ്യ പ്രതിരോധ മന്ത്രിമാർ ഒപ്പുവച്ച പ്രതിരോധ സഹകരണ ധാരണാപത്രത്തിന് (MoU) കീഴിൽ സൃഷ്ടിച്ച സ്ഥാപനപരമായ സംവിധാനത്തിൻ്റെ ഭാഗമാണ് ഈ യോഗം. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിവ് വിവരവിനിമയത്തിനും തന്ത്രപരമായ സംഭാഷണങ്ങൾക്കുമായി ഘടനാപരമായ ഒരു ചട്ടക്കൂട് ഈ ധാരണാപത്രത്തിലൂടെ സ്ഥാപിച്ചു.
ആഫ്രിക്കയിലെ ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളികളിലൊന്നായ എത്യോപ്യയുമായി 1958 മുതൽക്കെ പ്രതിരോധ സഹകരണം തുടർന്നുവരുന്നു. 2025 ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സൈനിക സംഭാവനാ രാജ്യങ്ങളുടെ (UNTCC) ചീഫ്‌സ് കോൺക്ലേവിൽ എത്യോപ്യയുടെ കരസേനാ മേധാവി പങ്കെടുക്കുന്നത് ഇതിൻ്റെ പ്രതിഫലനമാണ്.
പ്രതിരോധത്തിനപ്പുറം, ഇന്ത്യയും എത്യോപ്യയും തമ്മിൽ 2,000 വർഷത്തിലേറെ നീളുന്ന ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങൾ പങ്കിടുന്നു. 1950-ലാണ് ഇരു രാജ്യങ്ങളും തമ്മിൽ പൂർണ്ണ തോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചത്. വ്യാപാരം, സംസ്ക്കാരം, വിദ്യാഭ്യാസം, വികസനം എന്നീ മേഖലകളിൽ ഊർജ്ജസ്വലമായ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുണ്ട്.
*****
(Release ID: 2179753)
Visitor Counter : 9