രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ – കൊറിയ നാവികസേന ഉഭയകക്ഷി അഭ്യാസത്തിന്റെ ഉദ്ഘാടനപ്പതിപ്പ്

Posted On: 14 OCT 2025 6:33PM by PIB Thiruvananthpuram

ദക്ഷിണ ചൈനാ കടലിലും  ഇൻഡോ-പസഫിക് മേഖലയിലും വിന്യാസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേന കപ്പല്‍ ഐഎൻഎസ് സഹ്യാദ്രി   ഇന്ത്യൻ – കൊറിയന്‍ നാവികസേനകളുടെ പ്രഥമ ഉഭയകക്ഷി അഭ്യാസത്തിൽ പങ്കെടുക്കുന്നതിന് 2025 ഒക്ടോബർ 13-ന് ദക്ഷിണ കൊറിയയിലെ ബുസാൻ നാവിക തുറമുഖത്തെത്തി.  

ഐഎൻഎസ് സഹ്യാദ്രിയ്ക്ക്  കൊറിയന്‍ നാവികസേന നല്‍കിയ ഊഷ്മള സ്വീകരണം ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലെ വർധിച്ചുവരുന്ന നാവികസേന സഹകരണത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും അടിവരയിടുന്നു.

തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മിച്ച്  2012-ൽ നാവികസേനയുടെ ഭാഗമായ   ഐഎൻഎസ് സഹ്യാദ്രി,  ശിവാലിക് ക്ലാസ് ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ മൂന്നാമത്തെ കപ്പലാണ്. ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' കാഴ്ചപ്പാടിൻ്റെ തിളക്കമാർന്ന ഉദാഹരണമായ ഈ കപ്പൽ നിരവധി ഉഭയകക്ഷി - ബഹുമുഖ അഭ്യാസങ്ങളുടെയും പ്രവർത്തന വിന്യാസങ്ങളുടെയും ഭാഗമായിട്ടുണ്ട്. പൂര്‍വ നാവിക കമാൻഡിന് കീഴിലെ ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമായി വിശാഖപട്ടണത്താണ് ഈ കപ്പൽ നിലയുറപ്പിച്ചിരിക്കുന്നത്.    

സന്ദർശന വേളയിൽ കപ്പലിലെ ജീവനക്കാർ ഇന്ത്യ -  കൊറിയ ഉഭയകക്ഷി അഭ്യാസത്തിൻ്റെ ഉദ്ഘാടനപ്പതിപ്പില്‍  തുറമുഖ  - സമുദ്ര ഘട്ടങ്ങളില്‍ പങ്കെടുക്കും. തുറമുഖ ഘട്ടത്തിൻ്റെ ഭാഗമായി ഇന്ത്യൻ നാവികസേനയിലെയും കൊറിയൻ നാവികസേനയിലെയും ഉദ്യോഗസ്ഥർ പരസ്പരം കപ്പലുകൾ സന്ദർശിക്കുകയും മികച്ച പ്രവർത്തന രീതികൾ പങ്കുവെക്കുകയും  പരസ്പര പരിശീലന സെഷനുകളും  കായിക മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.  കപ്പലിന്റെ കമാൻഡിങ് ഓഫീസർ കൊറിയൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രാദേശിക പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. തുറമുഖ ഘട്ടത്തിന് ശേഷം ആരംഭിക്കുന്ന സമുദ്രഘട്ടത്തില്‍  ഐഎൻഎസ് സഹ്യാദ്രിയും ആർഒകെഎസ് ഗ്യോങ്നാമും സംയുക്താഭ്യാസങ്ങളിൽ ഏർപ്പെടും.

ഭൗമരാഷ്ട്ര സമുദ്രമേഖലയിൽ ഇൻഡോ-പസഫിക്കിൻ്റെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തില്‍  പരസ്പര താല്പര്യങ്ങളെ അടിസ്ഥാനമാക്കി പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുരാജ്യങ്ങളും തിരിച്ചറിയുന്നു. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലെ നാവികസേനാ സഹകരണം  ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തോടൊപ്പം സമീപ വർഷങ്ങളിൽ ഗണ്യമായി വളർന്നു. ഇരുസേനകളും തമ്മില്‍ വർഷങ്ങളായി നടത്തിവരുന്ന ചർച്ചകളുടെയും ആസൂത്രണത്തിന്റെയും പരിസമാപ്തിയാണ്   പ്രഥമ  ഉഭയകക്ഷി നാവികാഭ്യാസം.

ഐഎൻഎസ് സഹ്യാദ്രിയുടെ ദക്ഷിണ ചൈന കടലിലെയും ഇൻഡോ-പസഫിക്കിലെയും  പ്രവർത്തന വിന്യാസം ഉത്തരവാദിത്തപൂര്‍ണ സമുദ്ര പങ്കാളിയെന്ന നിലയിലും പ്രധാന സുരക്ഷാ പങ്കാളിയെന്ന നിലയിലും ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നു.  

GG


(Release ID: 2179224) Visitor Counter : 4