ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
മുഖം തിരിച്ചറിയൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള മത്സരം അവതരിപ്പിച്ച് ഇന്ത്യാഎഐ
പൊതുപരീക്ഷകളിൽ സുതാര്യതയും സമഗ്രതയും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന മത്സരത്തിൻ്റെ ആകെ സമ്മാനത്തുക 2.5 കോടിരൂപ; അപേക്ഷകൾ 2025 ഒക്ടോബർ 25 വരെ സമർപ്പിക്കാം
കൃത്യവും സുരക്ഷിതവും വിപുലവുമായ രീതിയിൽ ഫോട്ടോകൾ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ഇരട്ടിക്കൽ ഒഴിവാക്കുന്നതിനും എഐ- അധിഷ്ഠിത പരിഹാരം വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെയും കമ്പനികളെയും ക്ഷണിച്ചു. പരീക്ഷകളിലൂടെ നീതിയുക്തവും നിഷ്പക്ഷവുമായി ഉദ്യോഗാർത്ഥികളുടെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം.
Posted On:
14 OCT 2025 5:59PM by PIB Thiruvananthpuram
ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിൻ്റെ (MeitY) ഭാഗമായ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ്റെ (DIC) കീഴിലുള്ള ഒരു സ്വതന്ത്ര ബിസിനസ് ഡിവിഷനാണ് ഇന്ത്യാഎഐ. ഇന്ത്യാഎഐ ആപ്ലിക്കേഷൻ ഡെവലപ്മെൻ്റ് ഇനിഷ്യേറ്റീവ് (IADI) പദ്ധതിയുടെ ഭാഗമായി മുഖം തിരിച്ചറിയൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ചലഞ്ചിന് ഇന്ത്യാഎഐ ഇന്ന് തുടക്കം കുറിച്ചു. ചിത്രങ്ങൾ പരിശോധിച്ചു ഉറപ്പിക്കുന്നതിനും അപേക്ഷകളുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുമായി വളരെ കൃത്യവും സുരക്ഷിതവും വിപുലവുമായ രീതിയിൽ എഐ- അധിഷ്ഠിത പരിഹാരം വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെയും കമ്പനികളെയും ഈ ചലഞ്ചിലൂടെ ക്ഷണിക്കുന്നു. പൊതു പരീക്ഷകളുടെ സമഗ്രത ശക്തിപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഉദ്യോഗാർഥികളിൽ നിന്നും ന്യായ പൂർണ്ണവും നീതിയുക്തവും നിഷ്പക്ഷവുമായി മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് ഇത് ഉറപ്പാക്കുന്നു. ഇത്തരത്തിൽ വികസിപ്പിച്ചെടുക്കുന്ന പരിഹാരങ്ങൾക്ക് വിവിധ ഗവൺമെൻ്റ് വകുപ്പുകളിലും സംസ്ഥാന സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ, പ്രയോഗക്ഷമത ഉണ്ടായിരിക്കണം.
മുൻകാലങ്ങളിലെ അപേക്ഷക ഡാറ്റാബേസിൽ നിന്നും വൺ -ടു-മെനി താരതമ്യ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോ തിരിച്ചറിയലിനും ഇരട്ടിപ്പ് ഒഴിവാക്കലിനും പ്രാപ്തിയുള്ള ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കാൻ ചലഞ്ചിൽ പങ്കെടുക്കുന്നവരോട് ആവശ്യപ്പെടുന്നു. പരമ്പരാഗത യുക്തി അധിഷ്ഠിത രീതികൾക്കുപരിയായി മുഖം തിരിച്ചറിയലിനുള്ള വിപുലമായ അൽഗോരിതങ്ങൾ ഉപയോഗിച്ച്, ഇരട്ടിപ്പുകൾ യന്ത്രവൽകൃതമായി കണ്ടെത്തുന്നതാകണം ഈ എൻഡ്-ടു-എൻഡ് AI സംവിധാനം. സ്ഥാപനപരമായ സമഗ്രത സംരക്ഷിക്കുന്നതിനായി, ഓരോ അംഗീകൃത അപേക്ഷകനും ഒരൊറ്റ ഐഡി ഉറപ്പാക്കുകയാണ് ലക്ഷ്യം.
ചലഞ്ചിലെ പങ്കാളികൾക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ:
വികസിപ്പിച്ച സംവിധാനം ഒരു സാമ്പിൾ ഡാറ്റാസെറ്റിൽ പരിഷ്കരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ചുരുക്കപ്പട്ടികയിൽ ഇടം നേടിയ 10 ടീമുകൾക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും.
രണ്ട് മികച്ച ടീമുകൾക്ക്, രണ്ട് വർഷത്തെ കരാറും അന്തിമ പ്രതിവിധി മാർഗ്ഗം വികസിപ്പിക്കുന്നതിന് ഒരു കോടി രൂപ വരെയും സമ്മാനമായി ലഭിക്കും
സമഗ്ര വളർച്ചയ്ക്കും വികസനത്തിനും ഉത്തരവാദിത്വപരമായ രീതിയിൽ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുക എന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടുമായി ഈ സംരംഭം പൊരുത്തപ്പെടുന്നു. താൽപ്പര്യമുള്ള പങ്കാളികൾക്ക് ഇന്ത്യ എ ഐ വെബ്‌സൈറ്റിലെ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും indiaai.gov.in. -ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 25.
സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള AI യുടെ നേട്ടങ്ങൾ ജനാധിപത്യവൽക്കരിക്കുക, AI യിലെ ആഗോള നേതൃനിരയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക, സാങ്കേതിക സ്വാശ്രയത്വം വളർത്തുക, AI യുടെ ധാർമ്മികവും ഉത്തരവാദിത്വപരവുമായ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് ഇന്ത്യാഎഐ മിഷൻ്റെ നിർവ്വഹണ ഏജൻസിയായ ഇന്ത്യാഎഐയുടെ ലക്ഷ്യം.
****
(Release ID: 2179095)
Visitor Counter : 10