പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
2025 നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് 4.0 പ്രചാരണം സംഘടിപ്പിക്കും
प्रविष्टि तिथि:
13 OCT 2025 6:08PM by PIB Thiruvananthpuram
പെൻഷൻ ആൻഡ് പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW) ഇന്ത്യയിലുടനീളമുള്ള 2000 ജില്ലാ ആസ്ഥാനങ്ങളെയും, താലൂക്ക് ആസ്ഥാനങ്ങളെയും ഉൾപ്പെടുത്തി നാലാമത് ദേശീയ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) പ്രചാരണം 2025 നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ സംഘടിപ്പിക്കും
രാജ്യത്തിന്റെ വിദൂര കോണുകളിലുള്ള എല്ലാ പെൻഷൻകാരിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ, 19 പെൻഷൻ വിതരണ ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB), പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ (PWAs), CGDA, ടെലികോം വകുപ്പ്, റെയിൽവേസ്, UIDAI, ഇലക്ട്രോണിക്സ് വിവരസാങ്കേതിക വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
DLC പ്രചാരണം 3.0 (2024) കാലയളവിൽ, 800+ ജില്ലകളിലും നഗരങ്ങളിലുമായി സംഘടിപ്പിച്ച 1,900 ക്യാമ്പുകളിലായി, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ മുഖേനയുള്ള 50 ലക്ഷത്തിലധികം DLCകൾ ഉൾപ്പെടെ റെക്കോർഡ് എണ്ണത്തിൽ, അതായത് 1.62 കോടി DLC-കൾ സൃഷ്ടിക്കപ്പെട്ടു. ബാങ്കുകൾ, IPPB, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, PWA-കൾ എന്നിവയുടെ സജീവ പങ്കാളിത്തത്തിലൂടെയാണ് ഈ നേട്ടം സാധ്യമായത്.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (IPPB) 1.8 ലക്ഷം പോസ്റ്റ്‌മാൻമാരുടെയും ഗ്രാമീൺ ഡാക് സേവകരുടെയും (GDS) വിപുലമായ ശൃംഖലയിലൂടെ ഈ വർഷവും എല്ലാ ജില്ലകളിലും DLC ക്യാമ്പുകൾ സംഘടിപ്പിക്കും. ഇത് എല്ലാ വിഭാഗം പെൻഷൻകാർക്കും ബാങ്ക് ഭേദമെന്യേ വാതിൽപ്പടി DLC സേവനങ്ങൾ ഉറപ്പാക്കുന്നു. ഈ സൗകര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ippbonline.com-ൽ നിന്ന് പെൻഷൻകാർക്ക് ലഭിക്കും. വിരലടയാളവും മുഖം തിരിച്ചറിയലും അടിസ്ഥാനമാക്കിയുള്ള DLC പ്രാപ്തമാക്കുന്ന മൊബൈൽ ഉപകരണങ്ങൾ IPPB ജീവനക്കാർ സജ്ജീകരിച്ചിട്ടുണ്ട്.
19 പെൻഷൻ വിതരണ ബാങ്കുകൾ 300 നഗരങ്ങളിലായി വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രായമായവരെയും ദിവ്യാംഗരെയും രോഗികളെയും വീടുകകളിലും ആശുപത്രികളിലുമായി സന്ദർശിക്കും. രജിസ്റ്റർ ചെയ്ത 57 പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ പെൻഷൻകാരെ അണിനിരത്തുന്നതിനും ബാങ്കുകളുമായും IPPB യുമായും ഏകോപിപ്പിച്ച് ക്യാമ്പുകൾ നടത്തുന്നതിനും സഹായിക്കും.
DLC സമർപ്പണ ഓപ്ഷനുകളെക്കുറിച്ച് പെൻഷൻകാരെ അറിയിക്കുന്നതിനായി ബാങ്കുകളും IPPBയും സംയുക്തമായി SMS, വാട്ട്‌സ്ആപ്പ്, സാമൂഹ്യ മാധ്യമങ്ങൾ, ബാനറുകൾ, പ്രാദേശിക മാധ്യമങ്ങൾ എന്നിവയിലൂടെ വിപുലമായ അവബോധ പരിപാടികൾ ആരംഭിക്കും. ദൃശ്യ -ശ്രാവ്യ, അച്ചടി മാധ്യമങ്ങൾ വഴി പ്രചാരണം നൽകാൻ DD, AIR, PIB സംഘങ്ങൾ പൂർണ്ണ സജ്ജരാണ്.
പെൻഷൻകാർക്കായി ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമൂഹിക ഇടപെടലായാണ് DLC പ്രചാരണം 4.0 വിഭാവനം ചെയ്തിരിക്കുന്നത്. 2 കോടി DLC പൂർത്തിയാക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, രാജ്യത്തുടനീളമുള്ള പെൻഷൻകാർക്ക് സാർവത്രിക പ്രവേശനവും സുഗമമായ ജീവിതവും പ്രചാരണം ഉറപ്പാക്കുന്നു.
GG
(रिलीज़ आईडी: 2178743)
आगंतुक पटल : 30