ആയുഷ്‌
azadi ka amrit mahotsav

2025 ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത്-ൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ദ്വിദിന ദേശീയ ഹോമിയോപ്പതി സമ്മേളനം സംഘടിപ്പിച്ചു


‘ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സേവനങ്ങളിലേക്കുള്ള പ്രവേശനം - മാനസികാരോഗ്യം’ എന്ന വിഷയം സമ്മേളനം ഉയർത്തിക്കാട്ടി

ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള സംയോജിതവും ഗവേഷണാധിഷ്ഠിതവുമായ സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിലുടനീളമുള്ള വിദഗ്ധർ ദ്വിദിന ഹോമിയോപ്പതി സമ്മേളനത്തിൽ ഒത്തുകൂടി

Posted On: 13 OCT 2025 1:40PM by PIB Thiruvananthpuram

ആയുഷ് മന്ത്രാലയത്തിൻ്റെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (CCRH) ന് കീഴിലുള്ള ഒരു ഉന്നത സ്ഥാപനമായ കോട്ടയത്തെ നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത്, (NHRIMH) 2025 ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ ദേശീയ ഹോമിയോപ്പതി സമ്മേളനം സംഘടിപ്പിച്ചു. 2025 ഒക്ടോബർ 10 മുതൽ 11 വരെ കോട്ടയത്തെ NHRIMH ഓഡിറ്റോറിയത്തിൽ 'സേവനങ്ങളിലേക്കുള്ള പ്രവേശനം - ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസികാരോഗ്യം' എന്ന വിഷയം പ്രമേയമാക്കിയായിരുന്നു പരിപാടി നടന്നത്.

ഹോമിയോപ്പതി, മാനസികാരോഗ്യ മേഖലകളിൽ നിന്ന് രാജ്യത്തുടനീളമുള്ള പ്രമുഖ വിദഗ്ധരെയും ഗവേഷകരെയും പ്രാക്ടീഷണർമാരെയും സമ്മേളനം ഒരുമിച്ച് കൊണ്ടുവന്നു. മാനസിക അടിയന്തരാവസ്ഥകളിൽ ഹോമിയോപ്പതിയുടെ വർദ്ധിച്ചുവരുന്ന പ്രസക്തിയിൽ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചു,ഒപ്പം മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നൂതന ഗവേഷണങ്ങളും സംയോജിത സമീപനങ്ങളും കൂടി പര്യവേക്ഷണം ചെയ്യപ്പെട്ടു.

ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സംയോജിത മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷൻ,  രാജ്യത്തുടനീളമുള്ള പ്രധാന വിശിഷ്ട വ്യക്തികളുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെ കോട്ടയത്തെ NHRIMH-ൽ നടന്നു.

ന്യൂഡൽഹിയിലെ സി.സി.ആർ.എച്ച്. ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശിക് സമ്മേളനത്തെ വെർച്വലായി അഭിസംബോധന ചെയ്തു. ശക്തമായ ഗവേഷണ തെളിവുകളുടെ അടിസ്ഥാനത്തിൽ, പ്രത്യേകിച്ച് ദുരന്താനന്തര പുനരധിവാസത്തിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും, ഹോമിയോപ്പതിയെ മാനസിക സാമൂഹിക പരിചരണ ചട്ടക്കൂടുകളിലേക്ക് സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോട്ടയം ജില്ലാ കളക്ടർ ശ്രീ ചേതൻ കുമാർ മീണ, ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംയോജിത മാനസികാരോഗ്യ സംരക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൻ.എച്ച്.ആർ.ഐ.എം.എച്ച് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മാനസികാരോഗ്യ സേവനങ്ങളുടെ വിശാലമായ ലഭ്യത ഉറപ്പാക്കുന്നതിന് ദുരന്ത പ്രതികരണ തന്ത്രങ്ങളിൽ ഹോമിയോപ്പതി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

കോട്ടയം എൻ.എച്ച്.ആർ.ഐ.എം.എച്ച്. അസിസ്റ്റന്റ് ഡയറക്ടറും (എച്ച്) ഓഫീസർ-ഇൻ-ചാർജുമായ ഡോ. ദേബദത്ത നായക് സ്വാഗത പ്രസംഗം നടത്തി. സമ്മേളന വിഷയത്തിന്റെ ആഗോള പ്രസക്തിയും ദുരന്ത-അടിയന്തര സാഹചര്യങ്ങളിൽ പ്രാപ്യമായ മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യകതയും അദ്ദേഹം അടിവരയിട്ടു.

കോട്ടയം NHRIMH പ്രിൻസിപ്പൽ ഡോ. ആർ. സിദ്ധാർത്ഥൻ , പരിപാടിയുടെ വിജയത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് എല്ലാ വിശിഷ്ട വ്യക്തികൾക്കും, പ്രഭാഷകർക്കും, പങ്കെടുത്തവർക്കും, സംഘാടക സംഘാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഔപചാരികമായ നന്ദി പ്രകാശിപ്പിച്ചു.

ദുരന്ത മാനസികാരോഗ്യം: ജീവിതാനുഭവങ്ങളും ഉയർന്നുവരുന്ന പ്രവണതകളും; ജലദുരന്തങ്ങളിലെ മാനസിക പ്രതിസന്ധി: കേരളത്തിലെ വയനാട്ടിലെ കമ്മ്യൂണിറ്റി അധിഷ്ഠിത മാനേജ്മെന്റ്; ദുരന്തനിവാരണത്തിലെ ഹോമിയോപ്പതി സമീപനങ്ങൾ; പ്രതിസന്ധി സാഹചര്യങ്ങളിലെ പ്രതിരോധശേഷി; ഹോമിയോപ്പതിയിലെ *N-ഓഫ്-1 പരീക്ഷണങ്ങളും വിവർത്തന ശൃംഖലകളും; *ADHD യിലും(Attention-deficit/hyperactivity disorder)അതിന്റെ ഹോമിയോപ്പതി ചികിത്സയിലും വൈകാരിക വൈകല്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളാണ്  സമ്മേളനത്തിൻ്റെ ആദ്യ ദിവസം നടന്നത് 

( *N-ഓഫ്-1 പരീക്ഷണങ്ങൾ= ഇത് ഒരു തരം ക്ലിനിക്കൽ പരീക്ഷണമാണ്, ഇതിൽ  ഒരു രോഗിക്ക് അനുയോജ്യമായ ഇടപെടൽ നിർണ്ണയിക്കുന്നതിന്, ക്രമരഹിതമായും ക്രോസ്ഓവർ രീതിയിലും വ്യത്യസ്ത ചികിത്സകൾ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.) 

(*ADHD =Attention-deficit/hyperactivity disorder=കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മാനസിക വൈകല്യങ്ങളിൽ ഒന്നാണ് ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്ന് അറിയപ്പെടുന്ന ADHD)

രണ്ടാം ദിവസം, മാനസികാരോഗ്യ ഗവേഷണത്തിലെ രീതിശാസ്ത്ര ചട്ടക്കൂടുകൾ; ക്ലിനിക്കൽ, ലബോറട്ടറി അധിഷ്ഠിത മാനസികാരോഗ്യ വിലയിരുത്തലുകൾ; ട്രോമയോടും മാനസിക അടിയന്തരാവസ്ഥകളോടുമുള്ള മനുഷ്യന്റെ പ്രതികരണം; PTSD( post-traumatic stress disorder),ADHD, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സൈക്കോട്ടിക് ഡിസോർഡേഴ്സ്, ലഹരിവസ്തുക്കളിൽ നിന്ന് മുക്തി നേടൽ എന്നിവയെക്കുറിച്ചുള്ള കേസ് അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്ചകൾ  ചർച്ചകളിൽ  ഉൾപ്പെട്ടിരുന്നു. വ്യക്തിഗത ഹോമിയോപ്പതി ചികിത്സയിലൂടെ അക്യൂട്ട് സൈക്യാട്രിക് ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കേസ് പരമ്പരകളും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളും അവതരണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു 

NHRIMH-ൽ നിന്നുള്ള ബിരുദാനന്തര പരിശീലനം നേടിയവർ ബൈപോളാർ ഡിസോർഡർ, ഇന്റർനെറ്റ് ആസക്തി, സ്കീസോഫ്രീനിയ, മേജർ ഡിപ്രസീവ് ഡിസോർഡർ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ, ആൽക്കഹോൾ ആശ്രിതത്വം, കഞ്ചാവ് ഉപയോഗ വൈകല്യം, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ അവസ്ഥകളെക്കുറിച്ചുള്ള അവരുടെ പ്രബന്ധങ്ങൾ   അവതരിപ്പിച്ചു.

ന്യൂഡൽഹിയിലെ സി‌സി‌ആർ‌എച്ചിലെ അസിസ്റ്റന്റ് ഡയറക്ടർ (എച്ച്) ഉം  അഡ്മിൻ ഇൻ-ചാർജുമായ  ഡോ. കെ. സി. മുരളീധരൻ ഉൾപ്പെടെയുള്ള മറ്റ് വിശിഷ്ട പങ്കാളികൾ, സമൂഹാധിഷ്ഠിത മാനസികാരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചും വിവിധ വിഷയങ്ങളിലുള്ള സഹകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രത്യേക പ്രഭാഷണം നടത്തി. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും സമഗ്രവും വ്യക്തികേന്ദ്രീകൃതവുമായ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു, .

രണ്ട് ദിവസത്തെ പരിപാടി സമാപന സമ്മേളനത്തോടെ അവസാനിച്ചു, ഇത് സമ്മേളനത്തിന്റെ വിജയകരമായ പൂർത്തീകരണത്തെ അടയാളപ്പെടുത്തി. അക്കാദമിക് സംഭാഷണത്തിൽ ഏർപ്പെടാനും അടിയന്തര മാനസികാരോഗ്യ പരിചരണത്തിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുമുള്ള അവസരത്തിന് പങ്കെടുത്തവർ നന്ദി പ്രകടിപ്പിച്ചു.

തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും സംയോജിതവും പ്രാപ്യവുമായ  മാനസികാരോഗ്യ സേവനങ്ങളുടെ ആവശ്യകത സമ്മേളനം വീണ്ടും ഉറപ്പിച്ചു, കൂടാതെ മാനസിക സാമൂഹിക, ദുരന്ത മാനസികാരോഗ്യ ചട്ടക്കൂടുകളിൽ ഒരു പൂരക ഘടകമെന്ന നിലയിൽ ഹോമിയോപ്പതിയുടെ വിലപ്പെട്ട പങ്കും  സമ്മേളനം അടിവരയിട്ടു.

 

***

SK


(Release ID: 2178544) Visitor Counter : 4