ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ദേശീയ കാലാവസ്ഥാ വകുപ്പ് ആസ്ഥാനത്ത് മുൻകൂട്ടിയുള്ള ബഹുവിധ അപായ മുന്നറിയിപ്പ് ഡി.എസ്.എസും 'മൗസംഗ്രാമും' അവലോകനം ചെയ്തു

Posted On: 12 OCT 2025 5:41PM by PIB Thiruvananthpuram
കേന്ദ്ര ശാസ്ത്ര സാങ്കേതിക-ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ സ്വതന്ത്രചുമതല വഹിക്കുന്ന സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ - പൊതുജന പരാതി, പെൻഷൻ, ആണവോർജ-ബഹിരാകാശ മന്ത്രാലയങ്ങളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിങ് ദേശീയ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) സന്ദർശിക്കുകയും, വകുപ്പ് വികസിപ്പിച്ച വെബ്-ജി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള ബഹുവിധ അപായ മുന്നറിയിപ്പ് തീരുമാന പിന്തുണാ സംവിധാനം (ഡി.എസ്.എസ്) അവലോകനം ചെയ്യുകയും ചെയ്തു.
 
 
ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള പൊതുസുരക്ഷ വർധിപ്പിക്കുന്നതിനുമായി തദ്ദേശീയവും സാങ്കേതികവിദ്യാധിഷ്ഠിതവും പൗരകേന്ദ്രീകൃതവുമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ വകുപ്പ് കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെ മന്ത്രി അഭിനന്ദിച്ചു.
 
വിദേശ കച്ചവടക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിലൂടെ 250 കോടി രൂപ ലാഭിക്കുകയും, 5.5 കോടി രൂപയുടെ വാർഷിക അറ്റകുറ്റപ്പണികൾ ഒഴിവാക്കുകയും അതുവഴി 'ആത്മനിർഭര ഭാരത' സംരംഭത്തിന് കീഴിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഡി.എസ്.എസ് സംവിധാനത്തെ ബഹുമാനപ്പെട്ട മന്ത്രി അഭിനന്ദിച്ചു.
 
 
ഗ്രാമതലം വരെ അങ്ങേയറ്റം പ്രാദേശികവും സ്ഥലാധിഷ്ടിതവുമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്ന ഒരു അതുല്യ പൗര കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ 'മൗസംഗ്രാം' (ഹർ ഹർ മൗസം, ഹർ ഘർ മൗസം) സംവിധാനവും ഡോ. ജിതേന്ദ്ര സിംഗ് അവലോകനം ചെയ്തു. ഈ സംവിധാനം അടുത്ത 36 മണിക്കൂറിനുള്ള മണിക്കൂർ തോറുമുള്ള കാലാവസ്ഥാ പ്രവചനങ്ങൾ, അടുത്ത അഞ്ച് ദിവസത്തിനുള്ള മൂന്ന് മണിക്കൂർ തോറുമുള്ള പ്രവചനങ്ങൾ, കൂടാതെ പത്ത് ദിവസത്തേക്ക് ആറ് മണിക്കൂർ തോറുമുള്ള പ്രവചനങ്ങൾ എന്നിവ ലഭ്യമാക്കുന്നു. പൗരന്മാർക്ക് പിൻ കോഡ്, സ്ഥല നാമം എന്നിവയിലൂടെയോ അല്ലെങ്കിൽ അവരുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെയോ എളുപ്പത്തിൽ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകും.
എല്ലാ ഔദ്യോഗിക ഇന്ത്യൻ ഭാഷകളിലും ലഭ്യമായ 'മൗസംഗ്രാം', ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് അവരുടെ പ്രദേശത്തിന് അനുയോജ്യമായ കൃത്യവും സമയബന്ധിതവുമായി കാലാവസ്ഥാ സംബന്ധമായ പുതുവിവരങ്ങൾ (അപ്‌ഡേറ്റുകൾ) ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
 
 
തത്സമ മുന്നറിയിപ്പുകൾ നൽകുകയും പ്രവചന ശേഷിയിൽ വലിയ പുരോഗതി കൈവരിക്കുകയും വഴി പ്രവചന മുന്നൊരുക്ക കാലയളവ് 5 ദിവസത്തിൽ നിന്ന് 7 ദിവസമായി വർദ്ധിപ്പിക്കുകയും, പ്രവചനം തയ്യാറാക്കാനുള്ള സമയം ഏകദേശം 3 മണിക്കൂറാക്കി കുറയ്ക്കുകയും, കൃത്യത 15 മുതൽ 20 ശതമാനം വരെ മെച്ചപ്പെടുത്തുകയും ചെയ്തതിലൂടെ കാലാവസ്ഥാ വകുപ്പ്, അവരുടെ പ്രവചന-മുന്നറിയിപ്പ് തയ്യാറാക്കൽ പ്രക്രിയയെ പൂർണ്ണമായി നവീകരിച്ചിരിക്കുന്നു.
 
കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉദ്യോഗസ്ഥരുമായി സംവദിച്ച ഡോ. ജിതേന്ദ്ര സിംഗ്, 'മൗസംഗ്രാം 'കൂടുതൽ ഉപയോക്തൃ-സൗഹൃദവും അഭിഗമ്യവുമാക്കുന്നതിന് നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു. ദുരന്തങ്ങൾ തടയാനും തയ്യാറെടുപ്പിനും സുരക്ഷയ്ക്കും മതിയായ സമയം നൽകാനും സഹായിക്കുന്ന വ്യക്തമായ, പ്രവർത്തനക്ഷമമായ മുന്നറിയിപ്പുകൾ പൗരന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബഹുവിധ അപായ മുന്നറിയിപ്പ് സംവിധാനം കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
വിശാഖപട്ടണത്ത് നടന്ന 28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിൽ 2025 ലെ ഇ-ഗവേണൻസ് ദേശീയ പുരസ്‌കാരം നേടിയതിനും ബഹുവിധ അപായ മുന്നറിയിപ്പ് സംവിധാനത്തിലൂടെ ഡിജിറ്റൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിനും ഐ.എം.ഡി സംഘത്തെ മന്ത്രി അഭിനന്ദിച്ചു. കൂടാതെ, പഴയ ഫയലുകളും ഇ-മാലിന്യങ്ങളും നിർമാർജനം ചെയ്ത് 30 ലക്ഷം രൂപ വരുമാനം ഉണ്ടാക്കിയതും 600 ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലം വൃത്തിയാക്കിയതും ഉൾപ്പെടെ സ്വച്ഛത പരിപാടിക്ക് കീഴിൽ വകുപ്പ് കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
 
നൂതന കാലാവസ്ഥാ ഉപകരണങ്ങൾ സ്ഥാപിക്കലും കമ്മീഷൻ ചെയ്യലും ഉൾപ്പെടുന്ന നിലവിലെ മിഷൻ മൗസം നടപ്പിലാക്കൽ, 2030-ഓടെ ഐ.എം. ഡിയുടെ പ്രവചന ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും, ഇത് 5 x 5 കിലോമീറ്റർ സ്‌കെയിലിൽ കഠിനമായ കാലാവസ്ഥാ പ്രവചനം, ചലനാത്മക ആഘാതം അടിസ്ഥാനമാക്കിയുള്ള പ്രവചനം, എല്ലാവർക്കും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള മുൻകൂർ മുന്നറിയിപ്പുകൾ എന്നിവ സാധ്യമാക്കും.
 
 2030 ഓടെ എല്ലാ വീടുകളിലും നേരത്തെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ എത്തുന്ന വിധത്തിൽ ''ഹർ ഹർ മൗസം, ഹർ ഘർ മൗസം'' എന്ന ദർശനം സാക്ഷാത്കരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
 
****

(Release ID: 2178211) Visitor Counter : 9