രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുർമു ഗുജറാത്ത് വിദ്യാപീഠം ബിരുദദാന ചടങ്ങിൽ സന്നിഹിതയായി
Posted On:
11 OCT 2025 7:10PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 ഒക്ടോബർ 11-ന്) അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് വിദ്യാപീഠത്തിൻ്റെ 71-ാമത് ബിരുദദാന ചടങ്ങിൽ സംബന്ധിച്ചു.

രാഷ്ട്രനിർമ്മാണത്തിൻ്റെയും സ്വാശ്രയത്വത്തിൻ്റെയും സജീവ ആദർശങ്ങളുടെ ചരിത്ര പ്രതീകമാണ് ഗുജറാത്ത് വിദ്യാപീഠമെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യസമരത്തിൻ്റെ ആദർശങ്ങളുടെ പുണ്യഭൂമിയാണ് ഗുജറാത്ത് വിദ്യാപീഠമെന്നും അവർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പവിത്രമായ സ്മരണയ്ക്ക് മുന്നിൽ രാഷ്ട്രപതി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

രാഷ്ട്രപതി ഗുജറാത്ത് വിദ്യാപീഠത്തിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെ, ഇന്ത്യയുടെ ദേശീയപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കുചേരണമെന്ന് ബാപ്പു പ്രതീക്ഷിച്ചിരുന്നുവെന്ന കാര്യം ഓർക്കണമെന്ന് ആഹ്വാനം ചെയ്തു. ബാപ്പുവിൻ്റെ പ്രതീക്ഷകൾക്ക് അനുസൃതമായി, രാജ്യവികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അവർ മുൻനിര പങ്കാളികളാകണമെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റെടുക്കണമെന്നും അവർ ഉപദേശിച്ചു.

ഗുജറാത്തിൽ സ്വയംതൊഴിൽ സംസ്കാരം ഏറെ നാളായി നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രപതി നിരീക്ഷിച്ചു. സ്വയംതൊഴിലും സ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്ന ഈ ഗുജറാത്തി സംസ്‌കാരം രാജ്യവ്യാപകമായി പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ അവർ ഊന്നിപ്പറഞ്ഞു. ഗുജറാത്ത് വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ ഈ സ്വയംപര്യാപ്ത സംസ്‌കാരത്തിൻ്റെ മുൻനിര പ്രചാരകരായിത്തീരുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കേണ്ടത് നമ്മുടെ ദേശീയ മുൻഗണനയാണെന്നും, വിദ്യാർത്ഥികൾ സ്വദേശി പ്രസ്ഥാനത്തിൽ സജീവ പങ്കാളികളാകണമെന്നും അവർ ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസം സമൂഹ പുനർനിർമ്മാണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ ഈ ലക്ഷ്യത്തിന് ഉത്തമ മാതൃകകൾ സൃഷ്ടിക്കണമെന്ന് അവർ ഗുജറാത്ത് വിദ്യാപീഠത്തിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും ഉപദേശിച്ചു. വ്യക്തിത്വ രൂപീകരണവും ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കലുമാണ് വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങളെന്ന് അവർ പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തി, വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം പ്രായോഗികമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ ഗുജറാത്തിലെ ദ്വാരകയിലുള്ള ദ്വാരകാധീഷ് ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി.
Please click here to see the President's Speech-
****
(Release ID: 2177936)
Visitor Counter : 9