ഉപരാഷ്ട്രപതിയുടെ കാര്യാലയം
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെയും പ്രധാന സംരംഭങ്ങളെയും കുറിച്ച് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനോട് വിശദീകരിച്ചു
Posted On:
10 OCT 2025 5:33PM by PIB Thiruvananthpuram
കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി. അന്നപൂർണാ ദേവി, കേന്ദ്ര സഹമന്ത്രി ശ്രീമതി. സാവിത്രി താക്കൂർ എന്നിവരും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ന് പാർലമെൻ്റ് ഹൗസിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു. മന്ത്രാലയത്തിൻ്റെ പ്രധാന പദ്ധതികൾ, സമീപകാല സംരംഭങ്ങൾ, തന്ത്രപരമായ ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് യോഗത്തിൽ ഉപരാഷ്ട്രപതിയെ അറിയിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതവും വിശ്വാസയോഗ്യവും ആരോഗ്യകരവും ഉൽപ്പാദനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള മന്ത്രാലയത്തിൻ്റെ കൂട്ടായ ശ്രമങ്ങളെക്കുറിച്ചും ദീർഘകാല വീക്ഷണത്തെക്കുറിച്ചും ഉപരാഷ്ട്രപതിക്ക് വിശദീകരിച്ചു നൽകി.
രാജ്യത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരം, സുരക്ഷ, ശാക്തീകരണ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സക്ഷം അംഗൻവാടി, പോഷൻ 2.0, മിഷൻ വാത്സല്യ, മിഷൻ ശക്തി തുടങ്ങിയ മുൻനിര ദൗത്യങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു.
നല്ല ഭക്ഷണം, രോഗപ്രതിരോധം, ആരോഗ്യ പരിശോധനകൾ, റഫറൽ സേവനം എന്നിവയിലൂടെ പോഷകാഹാരത്തിലേക്കുള്ള ഒരു ജീവിതചക്ര സമീപനത്തോടൊപ്പം വളർച്ചാ മുരടിപ്പ്, ഭാരക്കുറവ് തുടങ്ങിയ പോഷകാഹാരക്കുറവ് സൂചകങ്ങളിൽ സ്ഥിരമായ ഇടിവും അവതരണം പ്രദർശിപ്പിച്ചു. അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങളിലും
സ്‌പോൺസർഷിപ്പ്, വളർത്തു പരിചരണം (ഫോസ്റ്റർ കെയർ), ദത്തെടുക്കൽ, 18 വയസിനു ശേഷമുള്ള പരിചരണം (ആഫ്റ്റർ കെയർ) സംവിധാനങ്ങൾ എന്നിവയുൾപ്പെടെ കുട്ടികളുടെ സ്ഥാപനപരവും അല്ലാത്തതുമായ പരിചരണത്തിലുമുള്ള സ്ഥിരമായ പുരോഗതിയും അവതരണം എടുത്തുകാട്ടി.
സ്ത്രീകളുടെ സുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടു നടപ്പാക്കിയ
വൺ സ്റ്റോപ്പ് കേന്ദ്രങ്ങൾ, ബേഠി ബച്ചാവോ ബേഠി പഠാവോ, വനിതാ ഹെൽപ്പ് ലൈൻ, നാരി അദാലത്തുകൾ, സഖി നിവാസ്, ശക്തി സദൻ തുടങ്ങിയ വിവിധ ഇടപെടലുകളെക്കുറിച്ചും ഉപരാഷ്ട്രപതിയെ അറിയിച്ചു.
ഈ പരിപാടികൾ നടപ്പിലാക്കുന്ന താഴേത്തട്ടിലുള്ള തൊഴിലാളികളെ ശരിയായി പ്രചോദിപ്പിക്കുന്നതിനൊപ്പം മന്ത്രാലയത്തിൻ്റെ സംരംഭങ്ങളുടെയും പദ്ധതികളുടെയും തുടർച്ചയായ മേൽനോട്ടത്തിൻ്റെയും നിരീക്ഷണത്തിൻ്റെയും ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
ആനുകൂല്യങ്ങൾ അർഹരായ എല്ലാ വ്യക്തികളിലേക്കും എത്തുന്നുണ്ടെന്നും ആരും പിന്നോക്കം പോയിട്ടില്ലെന്നും ഉറപ്പാക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി മന്ത്രാലയത്തിൻ്റെ ക്ഷേമ നടപടികളെക്കുറിച്ച് ഉദ്ദേശിച്ച ഗുണഭോക്താക്കളെ ഫലപ്രദമായി അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ബോധവൽക്കരണ കാമ്പെയ്‌നുകൾ പ്രദേശം അടിസ്ഥാനമാക്കിയുള്ളതും വിവിധ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും തനതായ ആവശ്യങ്ങൾക്കനുസൃതവുമായിരിക്കണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ഗവർണർ എന്ന നിലയിലുള്ള തൻ്റെ അനുഭവത്തിൽ നിന്ന് അംഗൻവാടികളുടെയും ആശാ പ്രവർത്തകരുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള തൻ്റെ നിരീക്ഷണങ്ങൾ അദ്ദേഹം പങ്കുവെക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച പ്രവർത്തനങ്ങളും നൂതന സംരംഭങ്ങളും രാജ്യവ്യാപകമായി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വ്യാപകമായി പങ്കുവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അംഗൻവാടികളും സ്വകാര്യ പ്രീ-പ്രൈമറി സ്‌കൂളുകളും തമ്മിലുള്ള ഏകോപനം വളർത്തിയെടുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും വനിതാ ശിശു വികസന മന്ത്രാലയവും നടത്തിയ സംയുക്ത ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.അത്തരം കൂടുതൽ സഹകരണ സമീപനങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ആദിവാസി സമൂഹങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി കേന്ദ്രീകൃതമായ ശ്രമങ്ങൾ നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ആനുകൂല്യങ്ങൾ അർഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും കാര്യക്ഷമമായും സുതാര്യമായും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്ന നൂതന മൊബൈൽ ആപ്ലിക്കേഷനുകളും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ള മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ അധിഷ്ഠിത സമീപനത്തെ ശ്രീ രാധാകൃഷ്ണൻ അഭിനന്ദിച്ചു.
ഫലപ്രദമായ നിർവഹണം ഫണ്ട് ചോർച്ചയും പാഴാക്കലും കുറയ്ക്കുമെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമായി കൂടുതൽ ക്ഷേമ പദ്ധതികൾ ആരംഭിക്കാൻ സർക്കാരിനെ പ്രാപ്തരാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
കുട്ടികൾക്ക് സ്ഥാപനപരവും അല്ലാത്തതുമായ പരിചരണം നൽകുന്നതിൽ ആത്മീയവും സർക്കാരിതരവുമായ സംഘടനകളുടെ പ്രധാന പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. വിപുലമായ സന്നദ്ധ ശൃംഖലകളും വൈദഗ്ധ്യവുമുള്ള ഈ സംഘടനകൾക്ക് ശക്തമായ നിരീക്ഷണ സംവിധാനങ്ങളിലൂടെ കൂടുതൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളെ ദത്തെടുക്കുന്നതിൽ അടുത്ത കാലത്തുണ്ടായ വർദ്ധനയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി ദത്തെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ദത്തെടുക്കപ്പെട്ട കുട്ടികൾ സുരക്ഷിതമായ അന്തരീക്ഷത്തിൽ പാർപ്പിക്കുന്നു എന്ന് ഉറപ്പാക്കാനും ജില്ലാ ഭരണകൂടങ്ങളുമായി മികച്ച ഏകോപനത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
സ്ത്രീകളുടെ സുരക്ഷയിലും തൊഴിലിടങ്ങളിലെ ലൈംഗിക പീഡന സംഭവങ്ങളിലും ആശങ്ക പ്രകടിപ്പിച്ച ഉപരാഷ്ട്രപതി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അടിവരയിട്ട് പറഞ്ഞു .
കോവിഡ്-19 മഹാമാരിയുടെ സമയത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പിഎം കെയേഴ്സ് ഫണ്ട് വഴി പിന്തുണച്ചതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ ഇരകളെ സഹായിക്കുന്നതിനുള്ള ഫണ്ടിന്റെ വിപുലീകരണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
ജോലി ചെയ്യുന്ന സ്ത്രീകൾക്കായി സർക്കാർ ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിനെയും അഭിനന്ദിച്ച അദ്ദേഹം അത്തരം സൗകര്യങ്ങൾ ജോലി ചെയ്യുന്ന സ്ത്രീകളുടെ താമസവും സുരക്ഷാ ആശങ്കകളും പരിഹരിക്കാൻ സഹായിക്കുമെന്നും നിരീക്ഷിച്ചു.
നേരിട്ടുള്ള ഗുണഭോക്തൃകൈമാറ്റം (ഡി.ബി.ടി)
വഴി ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജന (പി.എം.എം.വി.വൈ) പോലുള്ള പദ്ധതികൾ, ജോലിസ്ഥലത്തെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ സുഗമമാക്കുന്ന ‘ഷീ-ബോക്സ്’ പോർട്ടൽ എന്നിവയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
ശൈശവ വിവാഹ വിഷയത്തെക്കുറിച്ച് പരാമർശിക്കവേ, ഈ ആചാരം നിലനിൽക്കുന്ന സമൂഹങ്ങളിലും പ്രദേശങ്ങളിലും തീവ്രമായ അവബോധ, സംവേദനക്ഷമതാ പരിപാടികൾ നടത്തേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഈ ആചാരം ഇല്ലാതാക്കുന്നതിന് സാമൂഹികനേതാക്കൾ സജീവമായ പങ്ക് വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിർഭയ ഫണ്ടിന് കീഴിലുള്ള പദ്ധതികളുടെ ധനസഹായം വർദ്ധിപ്പിച്ചതിലും പദ്ധതികളുടെ വിജയകരമായ നിർവഹണത്തിലും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവയിൽ സ്ത്രീകൾക്കുള്ള അവസരങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രീ സി. പി. രാധാകൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു .
രാജ്യത്തുടനീളമുള്ള സ്ത്രീ-ശിശുക്ഷേമ സംരംഭങ്ങളിൽ കൂടുതൽ പുരോഗതി ഉറപ്പാക്കുന്നതിന് തുടർച്ചയായ മേൽനോട്ടത്തിൻ്റെയും പ്രചോദനത്തിൻ്റെയും സഹകരണത്തിൻ്റെയും ആവശ്യകത അദ്ദേഹം ആവർത്തിച്ചു.
*****
(Release ID: 2177626)
Visitor Counter : 9