പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി ശ്രീ കീർത്തി വർധൻ സിംഗ് അബുദാബിയിൽ നടന്ന IUCN ലോക പ്രകൃതിസംരക്ഷണ കോൺഗ്രസിൽ ഇന്ത്യയുടെ ഇടപെടലിന് നേതൃത്വം നൽകി

प्रविष्टि तिथि: 10 OCT 2025 2:08PM by PIB Thiruvananthpuram

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ കീർത്തി വർധൻ സിംഗ്, അബുദാബിയിൽ ഇന്ന് നടന്ന IUCN ലോക പ്രകൃതിസംരക്ഷണ കോൺഗ്രസിൽ  IUCN പ്രസിഡൻ്റ്  H.E. റസാൻ ഖലീഫ അൽ മുബാറക്കുമായുള്ള ഉന്നതതല വട്ടമേശ സംഭാഷണത്തിൽ ഇന്ത്യയുടെ ഇടപെടലിന് നേതൃത്വം നൽകി. 'കാലാവസ്ഥയ്ക്കും ജനങ്ങൾക്കും വേണ്ടിയുള്ള പ്രകൃതിയുടെ വാഗ്ദാനം:  ബെലെമിലേക്കും അതിനപ്പുറവുമുള്ള  പരിപാലന  സമൂഹത്തിൽ നിന്നുള്ള ആഹ്വാനവും പ്രതിബദ്ധതയും' എന്ന സമ്മേളന വിഷയത്തെക്കുറിച്ച് സംസാരിക്കവെ, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് ശാസ്ത്ര അറിവും പരമ്പരാഗത  ജ്ഞാനവും എങ്ങനെ മികച്ച രീതിയിൽ സംയോജിപ്പിക്കാമെന്ന് മന്ത്രി ചർച്ച ചെയ്തു .

പ്രകൃതിദത്ത വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനുമുള്ള പ്രാധാന്യം ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും ആഴത്തിൽ വേരൂന്നിയതാണെന്ന് പറഞ്ഞുകൊണ്ട് ശ്രീ സിംഗ് തൻ്റെ പ്രസ്താവനകൾക്ക് തുടക്കം കുറിച്ചു. പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും സ്വാഭാവിക ലോകവുമായുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധവുമാണ് ഈ പാരമ്പര്യങ്ങളുടെ കാതൽ. "സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പദങ്ങൾ ആധുനിക ശാസ്ത്രം ഉപയോഗിക്കുമ്പോൾ, പ്രായോഗികവും പ്രകൃതിയുമായി ഇണങ്ങിച്ചേർന്നതുമായ ജീവിതത്തിലൂടെ ഇന്ത്യ ഏറെക്കാലമായി ഈ തത്വങ്ങൾ ഉൾക്കൊള്ളുന്നു", അദ്ദേഹം പറഞ്ഞു.

ഈ പൂർവ്വിക ജ്ഞാനത്തെ ഇന്ത്യ എങ്ങനെ വളർത്തിയെടുത്തുവെന്നും, മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ഒരു  ഭാവിക്കായി ശാസ്ത്രീയ സമീപനങ്ങളുമായി അതിനെ എങ്ങനെ സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മേളനത്തെ അറിയിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച 'മിഷൻ ലൈഫ്', കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും പരിസ്ഥിതി നശീകരണത്തിൻ്റെയും അടിയന്തര വെല്ലുവിളികളെ നേരിടുന്നതിനായി കാലാതീതമായ ജ്ഞാനത്തെ പ്രവർത്തിയിലേക്ക്  പരിവർത്തനം ചെയ്യുന്ന ജനകീയ നേതൃത്വത്തിലുള്ള ഒരു  ആഗോള സംരംഭമാണെന്ന്  മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത ധാർമ്മികതയിൽ/ അറിവിൽ വേരൂന്നിയ പരിസ്ഥിതി ബോധമുള്ള പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ളതാണ് പ്രധാനമന്ത്രിയുടെ 'ലൈഫ്' ദർശനം.  തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും, സമത്വം അടിസ്ഥാനമാക്കിയുള്ളതും, സാംസ്കാരികമായി വേരൂന്നിയതുമായ ഒരു നയപരമായ  ചട്ടക്കൂടാണ്  പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന  മാതൃക എന്ന്  ശ്രീ സിംഗ് പറഞ്ഞു.

ശാസ്ത്രവും പരമ്പരാഗത അറിവും  പരസ്പരം മത്സരിക്കുന്നവയല്ല മറിച്ച് പരസ്പരപൂരകങ്ങളാണെന്നാണ്  ഇന്ത്യയുടെ ധാർമ്മികത വിശ്വസിക്കുന്നതെന്ന് ഈ ആശയം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ആയതിനാൽ, ശാസ്ത്രവും  സംസ്കാരവു൦, പാരമ്പര്യവും നൂതനാശയങ്ങളു൦ പരസ്പരം  ഒത്തുചേരുന്ന ഈ മേഖലയിൽ സഹകരണത്തിന് വലിയ സാധ്യതകളുണ്ട്. കാലാവസ്ഥാ അനുരൂപീകരണത്തിൻ്റെയും  ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെയും ഔപചാരിക സംവിധാനങ്ങളിലേക്ക്  തദ്ദേശീയ രീതികളെ രേഖപ്പെടുത്താനും സാധൂകരിക്കാനും സംയോജിപ്പിക്കാനും ഇന്ത്യ പ്രവർത്തിക്കുകയാണെന്ന്  അദ്ദേഹം അറിയിച്ചു. നീലഗിരിയിലെ തോട ഗോത്ര വിഭാഗങ്ങൾ  ഉറുമ്പുകളുടെ കൂടു നിർമ്മാണ൦  നിരീക്ഷിച്ച് കാലവർഷം പ്രവചിക്കുന്നത്തിൻ്റെയും, ആൻഡമാനിലെ  ജറാവകൾ ആഴം കുറഞ്ഞ വെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ ചലനത്തെ അടിസ്ഥാനമാക്കി ചുഴലിക്കാറ്റുകൾ പ്രവചിക്കുന്നത്തിൻ്റെയും ഉദാഹരണങ്ങൾ മന്ത്രി തൻ്റെ പ്രസംഗത്തിൽ നൽകി. രാജസ്ഥാനിലെ 'സ്റ്റെപ്പ് കിണറുകൾ', 'സിൽവർ ഡ്രോപ്സ്'  തുടങ്ങിയ സുസ്ഥിര ജലസംരക്ഷണ രീതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ശാസ്ത്രം പാരമ്പര്യത്തെ വിസ്തൃതമാക്കുകയും, പാരമ്പര്യം ശാസ്ത്രവുമായി സംയോജിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ദർശനത്തെ ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ശ്രീ സിംഗ് തൻ്റെ പ്രസ്താവന  ഉപസംഹരിച്ചത്. പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ  മുന്നോട്ട് കൊണ്ടുപോകുന്നത് IUCN തുടരുമ്പോൾ,  ഈ സംഭാഷണത്തെ കൂടുതൽ ആഴത്തിൽ ഉള്ളതാക്കുക എന്നതാണ്  മുന്നിലുള്ള ഉദ്യമം. ആധുനിക ശാസ്ത്രത്തിൻ്റെയും പരമ്പരാഗത അറിവിൻ്റെയും നൂലുകൾ ഒന്നിച്ച്  നെയ്യുന്നത്   അമൂർത്തമായ ആശയങ്ങളിൽ നിന്ന് മൂർത്തമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ സഹായിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.


LPSS

******

(रिलीज़ आईडी: 2177406) आगंतुक पटल : 27
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil