ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

പി.എം വികാസ് പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിശീലന പരിപാടിയ്ക്കായി ന്യൂനപക്ഷകാര്യ മന്ത്രാലയവും കേരളത്തിലെ പാലക്കാട് ഐ.ഐ.ടിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

प्रविष्टि तिथि: 08 OCT 2025 5:29PM by PIB Thiruvananthpuram

പി.എം വികാസ് പദ്ധതിയുടെ പ്രാധാന്യത്തേക്കുറിച്ചും തൊഴിലവസരങ്ങൾ, നവീകരണം, സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കൽ എന്നിവ വർദ്ധിപ്പിക്കുന്നതിൽ പദ്ധതി വഹിക്കുന്ന പങ്കിനേക്കുറിച്ചും കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ എടുത്തുപറഞ്ഞു.


 

പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പി.എം വികാസ്) പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിശീലന പരിപാടിയ്ക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും കേരളത്തിലെ പാലക്കാട് ഐ.ഐ.ടിയും തമ്മിൽ 2025 ഒക്ടോബർ 8 ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു.

 


 

കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പി.എം വികാസ് പദ്ധതിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ, ഉയർന്നുവരുന്ന മേഖലകളിൽ ഭാവിയിൽ ഉപയോഗിക്കാൻ ആവശ്യമായ സാങ്കേതിക കഴിവുകൾ നല്കി കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വ്യക്തികളെ ശാക്തീകരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

ഈ സഹകരണത്തിന് കീഴിൽ ന്യൂനപക്ഷ സമുദായങ്ങളെ കേന്ദ്രീകരിച്ച് 400 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നല്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ നിർവ്വഹണ പങ്കാളിയായി പാലക്കാട് ഐ.ഐ.ടി പ്രവർത്തിക്കും. ജൂനിയർ ചിപ്പ് ഡിസൈനർമാരായും എംബഡഡ് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായും യഥാക്രമം 150 ട്രെയിനികൾക്ക് പരിശീലനം നല്കും. കൂടാതെ 100 ട്രെയിനികൾ ജൂനിയർ എഞ്ചിനീയർമാരായും (ഡ്രോൺ ആർ &ഡി)പരിശീലനം നേടും.

പരിശീലനത്തിൻ്റെ മുഴുവൻ ചെലവും ന്യൂനപക്ഷകാര്യ മന്ത്രാലയം വഹിക്കും. പരിശീലന പരിപാടിയുടെ നിർവ്വഹണ ചുമതലയുള്ള സ്ഥാപനമായി പാലക്കാട് ഐ.ഐ.ടി പ്രവർത്തിക്കും. പരിശീലന കാലയളവിൽ പരിശീലനാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ലഭിക്കുകയും പരിശീലനം പൂർത്തിയാകുമ്പോൾ തൊഴിൽ, സ്വയം തൊഴിൽ അവസരങ്ങൾ എന്നിവയ്ക്കുള്ള പ്ലേസ്‌മെൻ്റ് പിന്തുണ നല്കുകയും ചെയ്യും.


 

ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ.ചന്ദ്രശേഖർ കുമാർ, പാലക്കാട് ഐ.ഐ.ടി യുടെ ഡയറക്ടർ പ്രൊഫസർ എ. ശേഷാദ്രി ശേഖർ, മന്ത്രാലയത്തിലേയും ഐ.ഐ.ടിയിലേയും ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, പി.എം വികാസ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നൈപുണ്യ വികസനത്തിലൂടെയും സംരംഭകത്വ പ്രോത്സാഹനത്തിലൂടെയും ന്യൂനപക്ഷ സമുദായങ്ങളുടെ  സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ മുൻനിര സംരംഭമാണ് പി.എം വികാസ് പദ്ധതിയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ പറഞ്ഞു. ഇത്തരം സംരംഭങ്ങൾ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും, നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും, സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നല്കുകയും ചെയ്യുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

സാങ്കേതികവിദ്യ, നവീകരണം, ഇൻകുബേഷൻ എന്നിവയ്ക്ക് ഊന്നൽ നല്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ഐ.ഐ.ടി പാലക്കാട് ഈ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും ഗണ്യമായ ശക്തി നല്കുമെന്നും അതുവഴി അവരുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് സംഭാവന നല്കുമെന്നും പ്രതീക്ഷിക്കുന്നു.

***


(रिलीज़ आईडी: 2176459) आगंतुक पटल : 38
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Kannada