PIB Headquarters
azadi ka amrit mahotsav

സുഗന്ധവ്യഞ്ജനങ്ങൾ മുതൽ കടൽവിഭവങ്ങൾ വരെ: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന GST പരിഷ്കാരങ്ങൾ

Posted On: 08 OCT 2025 10:28AM by PIB Thiruvananthpuram

സംഗ്രഹം

 

  • കശുവണ്ടി, കയർ ഉല്പന്നങ്ങളുടെ 5% GST കേരളത്തിലെ 6.7 ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യും.
  • കൈതച്ചക്ക, മാങ്ങ, വാഴപ്പഴം എന്നിവയുടെ ഉല്പന്നങ്ങള്‍ക്ക് നികുതി നിരക്ക് കുറച്ചതിലൂടെ കേരളത്തിലെ തൊഴിലാളികളില്‍ 29.5% പേർക്ക് തൊഴിൽ നൽകുന്ന ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് നേട്ടമുണ്ടാകും.
  • സംസ്കരിച്ച കടൽവിഭവങ്ങൾക്കും തേയിലയ്ക്കും 5% GST ഏർപ്പെടുത്തിയത് 1.049 ദശലക്ഷം മത്സ്യത്തൊഴിലാളികൾക്കും 4.18 ലക്ഷം തോട്ടത്തൊഴിലാളികൾക്കും ഗുണകരമാകുന്നു.
  • GST കുറച്ചതിലൂടെ സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, സംസ്കരിച്ച പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയുടെ വില 6 മുതല്‍ 11% വരെ കുറയുന്നു.
  • വിനോദസഞ്ചാര, ആയുർവേദ മേഖലകൾ 5% GST-യ്ക്ക് കീഴിൽ വിപുലീകരിക്കാനൊരുങ്ങുന്നു. ഇത് ആഗോള സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തെ അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്നു.

 

ആമുഖം

 

‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന നിലയില്‍ ആഘോഷിക്കപ്പെടുന്ന കേരളം കൃഷിയിലും സമുദ്ര വിഭവങ്ങളിലും തോട്ടവിളകളിലും കരകൗശല ഉല്പാദനത്തിലും ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ഈ മേഖലകളോരോന്നും നിരവധി പേർക്ക് ഉപജീവനമാർഗമൊരുക്കുന്നു. പ്രധാന വ്യവസായ മേഖലകളിലെ നികുതി നിരക്കുകളിൽ ഗണ്യമായ കുറവ് വരുത്തിയ സമീപകാല GST പരിഷ്കാരങ്ങൾ ഉല്പന്നങ്ങളും സേവനങ്ങളും കൂടുതൽ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുകയും കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കുകയും മൂല്യശൃംഖലകളിലുടനീളം വരുമാന സാധ്യത ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഇടുക്കിയിലെയും വയനാട്ടിലെയും സുഗന്ധവ്യഞ്ജന തോട്ടങ്ങൾ മുതല്‍ ആലപ്പുഴയിലെ കയർ ഫാക്ടറികൾ വരെയും കൊച്ചിയിലെയും കണ്ണൂരിലെയും മത്സ്യബന്ധന സംഘങ്ങള്‍ മുതല്‍ കൊല്ലത്തെ കശുവണ്ടി ഇടനാഴികള്‍ വരെയും കേരളം മുഴുനീളെ ഈ പരിഷ്കാരങ്ങളുടെ നേട്ടം കൊയ്യാനൊരുങ്ങുകയാണ്. ഉല്പന്നങ്ങൾക്കപ്പുറം വിനോദസഞ്ചാരം, ആയുർവേദം, ആരോഗ്യപരിപാലന മേഖല എന്നിവയുൾപ്പെടെ വിവിധ സേവന മേഖലകൾക്കും നികുതി ഇളവുകൾ ലഭിക്കുന്നത് കേരളത്തിൻ്റെ ആകർഷകത്വം വര്‍ധിപ്പിക്കുകയും ആഗോളതലത്തില്‍ സംസ്ഥാനത്തെ കൂടുതല്‍ പ്രാപ്യമാക്കുകയും ചെയ്യുന്നു.

 

വളർച്ചയുടെ പ്രയോജനങ്ങൾ ഉല്പാദകരിലും ഉപഭോക്താക്കളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്ന ഈ പരിഷ്കാരങ്ങൾ കേരളത്തിൻ്റെ പരമ്പരാഗത ശക്തികളെ പുനരുജ്ജീവിപ്പിക്കുകയും സമഗ്ര സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

കൃഷിയും കാർഷികോല്പന്ന സംസ്കരണവും

കശുവണ്ടി സംസ്കരണം - വറുത്തതും/ഉപ്പിട്ടതും/ആവരണം ചെയ്തതുമായ നട്സ്

 

കൊല്ലം കശുവണ്ടി ഇടനാഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ കശുവണ്ടി സംസ്കരണ വ്യവസായം ചെറുകിട കേന്ദ്രങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും തോടുപൊളിക്കൽ, തൊലികളയൽ, തരംതിരിക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 3 ലക്ഷം തൊഴിലാളികൾക്ക് ജോലി നൽകുന്നു. 12 ശതമാനമോ 18 ശതമാനമോ ആയിരുന്ന കശുവണ്ടി സംസ്കരണത്തിന്റെ GST 5 ശതമാനത്തിലേക്ക് കുറച്ചത് പഴയ നികുതിഘടനയുടെ അടിസ്ഥാനത്തില്‍ ഏകദേശം 6 മുതല്‍ 11% വരെ ചെലവ് കുറയ്ക്കും.

 

പരിഷ്കരിച്ച GST നിരക്കുകളിലൂടെ ആഭ്യന്തര ലഘുഭക്ഷണ - സമ്മാന വിപണികള്‍ക്ക് ഈ മേഖല കൂടുതൽ താങ്ങാവുന്ന നിരക്കില്‍ ഉല്പന്നങ്ങള്‍ ലഭ്യമാക്കുന്നു. ജിസിസി, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ചില്ലറ വിപണികളിലേക്ക് കയറ്റുമതി വർധിപ്പിക്കുന്നത് സ്വകാര്യ കരാറുകാര്‍ തുടരുന്നു. നിരക്ക് കുറച്ചത് ലാഭവിഹിതവും മത്സരക്ഷമതയും മെച്ചപ്പെടുത്തി കേരളത്തിലെ കശുവണ്ടി സംസ്കരണ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നു.

വയനാടൻ റോബസ്റ്റ കാപ്പി

ഇന്‍സ്റ്റന്റ് കാപ്പിയുടെയും അതിൻ്റെ ഉല്പന്നങ്ങളുടെയും GST നിരക്ക് 18%-ത്തിൽ നിന്ന് 5%-ത്തിലേക്ക് കുറച്ചതോടെ കേരളത്തിലെ വയനാടൻ കാപ്പി മേഖല കൂടുതൽ ശക്തവും മത്സരക്ഷമവുമാകാനൊരുങ്ങുകയാണ്. സംസ്ഥാനത്തെ കാപ്പി ഉല്പാദനം പ്രധാനമായും നിയന്ത്രിക്കുന്നത് ചെറുകിട, നാമമാത്ര കർഷകരാണ്. വിളവെടുപ്പിലും പൾപ്പിങ് ജോലികളിലും ഏര്‍പ്പെട്ട ഏകദേശം 50,000 തൊഴിലാളികൾക്ക് പുറമെ ഇൻസ്റ്റന്റ് കാപ്പി മിശ്രിതങ്ങളും കാപ്പി അധിഷ്ഠിത ഉല്പന്നങ്ങളും നിർമിക്കുന്ന ചെറുകിട സംരംഭകർക്കും വറുത്തെടുക്കുന്ന തൊഴിലാളികള്‍ക്കും ഈ മേഖല ജോലി നൽകുന്നു.

 

പുതിയ GST നിരക്കുകൾ ഏകദേശം 11% ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24-ൽ 70,354 മെട്രിക് ടൺ കാപ്പി ഉല്പാദിപ്പിച്ച കേരളത്തില്‍ വയനാടാണ് ഏറ്റവും വലിയ ഉല്പാദന ജില്ല. ഇന്ത്യയുടെ ആകെ കാപ്പി കയറ്റുമതിയിൽ കേരളത്തിന് സുപ്രധാന പങ്കുണ്ട്. GST കുറച്ചത് GI-ടാഗോടുകൂടിയ കേരളത്തിൻ്റെ റോബസ്റ്റ കാപ്പിയെ ആഭ്യന്തര, കയറ്റുമതി വിപണികളിൽ കൂടുതൽ മത്സരക്ഷമമാക്കും.

മലബാർ കുരുമുളക്

മലബാർ കുരുമുളകിൻ്റെ GST 18% ത്തിൽ നിന്ന് 5% ആയി കുറച്ചത് 11 ശതമാനത്തോളം ചെലവ് കുറയ്ക്കുമെന്നും കേരളത്തിലെ സുഗന്ധവ്യഞ്ജന സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം നൽകുമെന്നും പ്രതീക്ഷിക്കുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചെറുകിട, നാമമാത്ര മലയോര കർഷകരാണ് പ്രധാനമായും കുരുമുളക് കൃഷി ചെയ്യുന്നത്. അതത് സീസണുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും സുഗന്ധവ്യഞ്ജനങ്ങളുടെ വൃത്തിയാക്കൽ, ഉണക്കൽ, പാക്കിങ് ജോലികളില്‍ ഏർപ്പെട്ട വനിതാ തൊഴിലാളികൾക്കും ഇത് പിന്തുണ നൽകുന്നു.

 

മസാല മിശ്രിതങ്ങളുടെയും സുഗന്ധവ്യഞ്ജന ദ്രവ്യങ്ങളുടെയും പ്രധാന ഘടകമാണ് കേരളത്തിലെ ഏറ്റവും മൂല്യമേറിയ GI-ടാഗോടുകൂടിയ ഉല്പന്നങ്ങളിലൊന്നായ മലബാർ കുരുമുളക്. 2022-23-ൽ 87 ദശലക്ഷം യുഎസ് ഡോളറായിരുന്ന ഇന്ത്യയുടെ ആകെ കുരുമുളക് കയറ്റുമതി മൂല്യത്തില്‍ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ്. ഇത് യൂറോപ്യന്‍ യൂണിയനിലെയും യുഎസിലെയും ഒലിയോറെസിൻ ഉപഭോക്താക്കള്‍ക്കാണ് വിതരണം ചെയ്യുന്നത്. GST പരിഷ്കാരങ്ങൾ കേരളത്തിലെ കുരുമുളകിന്റെ വില ആഗോള വിപണികളിൽ കൂടുതൽ മത്സരക്ഷമമാക്കുമെന്നും സുഗന്ധവ്യഞ്ജന മൂല്യശൃംഖലയിൽ ചെറുകിട കർഷകരുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

 

ആലപ്പുഴ പച്ച ഏലം

ഇടുക്കിയിലെ ചെറുകിട തോട്ട കർഷകരാണ് പ്രധാനമായും കേരളത്തില്‍ GI -ടാഗോടുകൂടിയ പച്ച ഏലം കൃഷി ചെയ്യുന്നത്. ചെറുകിട കർഷക കൂട്ടായ്മകളുടെയും ഏലം ഉണക്കുകയും സംസ്കരിക്കുകയും ചെയ്യുന്നവരുടെയും ഏലത്തിൻ്റെ ഒലിയോറെസിൻ/എസൻഷ്യൽ ഓയിൽ, മസാല മിശ്രിതം എന്നിവയുടെ ഗ്രേഡിംഗ്, പാക്കിങ്, സംസ്കരണം എന്നിവയിൽ ഏർപ്പെട്ട തൊഴിലാളികളുടെയും ശൃംഖലയെ ഇത് നിലനിർത്തുന്നു. ആലപ്പുഴ പച്ച ഏലം സംസ്ഥാനത്തെ പ്രസിദ്ധമായ തനത് ബ്രാൻഡാണ്.

 

മസാല മിശ്രിതങ്ങളുടെ GST 18% ത്തിൽ നിന്ന് 5% ആയി കുറച്ചത് 11% ചെലവ് കുറയ്ക്കാന്‍ വഴിയൊരുക്കുമെന്നും കേരളത്തിലെ സുഗന്ധവ്യഞ്ജന സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു. 2023-ൽ ഇന്ത്യയുടെ 102.43 ദശലക്ഷം യുഎസ് ഡോളറിന്റെ ആകെ ഏലം കയറ്റുമതി മൂല്യത്തില്‍ സുപ്രധാന ഭാഗം കേരളത്തില്‍നിന്നാണ്. GST കുറച്ചതോടെ കയറ്റുമതിക്കാർക്ക് കൂടുതൽ മത്സരക്ഷമമായ വില നൽകാനാവും. ഒപ്പം ചെറുകിട കർഷകര്‍ക്കും തൊഴിലാളികൾക്കും സംസ്കരണ കേന്ദ്രങ്ങള്‍ക്കും മെച്ചപ്പെട്ട വരുമാന സുരക്ഷയിലൂടെ പ്രയോജനം നേടാനും സാധിക്കും.

 

വാഴക്കുളം കൈതച്ചക്ക

 

സംസ്കരിച്ച കൈതച്ചക്ക ഉല്പന്നങ്ങളുടെ GST 12% ത്തിൽ നിന്ന് 5% ആയി കുറച്ചത് എറണാകുളം, തൃശ്ശൂർ മേഖലകളിലുള്‍പ്പെടെ കേരളത്തിൻ്റെ GI-ടാഗോടുകൂടിയ വാഴക്കുളം കൈതച്ചക്കയ്ക്ക് മികച്ച ഉത്തേജനം നൽകാൻ വഴിയൊരുക്കുന്നു. ചെറുകിട കർഷകര്‍, വിളവെടുപ്പിലും പാക്കേജിങിലും ഏർപ്പെട്ടിരിക്കുന്ന ദിവസക്കൂലി തൊഴിലാളികള്‍, ചെറുകിട സംസ്കരണ കേന്ദ്രങ്ങളിലും കർഷക ഉൽപാദക സംഘടനകളിലും സഹകരണ സംസ്കരണശാലകളിലും ജോലി ചെയ്യുന്ന മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഈ വ്യാവസായിക മേഖലയിലുൾപ്പെടുന്നു. കേരളത്തിലെ ആകെ തൊഴിലിൻ്റെ 29.5% നല്‍കുന്ന ഭക്ഷ്യ സംസ്കരണ മേഖല അതിൻ്റെ സാമൂഹ്യ-സാമ്പത്തിക പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു.

 

നിലവിൽ പ്രതിദിനം 1,500 ടൺ പഴങ്ങൾ വിതരണം ചെയ്യുന്ന വാഴക്കുളം കൈതച്ചക്ക വിപണി ആഭ്യന്തര വിപണിയുടെ ഏകദേശം 98% ആവശ്യകത നിറവേറ്റുന്നു. അതേസമയം കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പുതിയതും ഉണങ്ങിയതുമായ കൈതച്ചക്ക ഈ വിഭാഗത്തില്‍ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിൻ്റെ 44% വരും.

 

പുതിയ 5% GST നിരക്കില്‍ ചെലവ് ഏകദേശം 6.25% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പൾപ്പ്, ജാം, ടിന്നിലടച്ച പഴങ്ങൾ തുടങ്ങിയ കൈതച്ചക്ക അധിഷ്ഠിത ഉല്പന്നങ്ങൾ ആഭ്യന്തര വിപണികളിൽ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മത്സരക്ഷമമാക്കാനും നികുതിനിരക്കിലെ ഈ കുറവ് സഹായിക്കും.

 

തിരൂർ വെറ്റില

 

മൂല്യവർധിത മൗത്ത് ഫ്രഷ്‌നറുകളുടെയും പേസ്റ്റുകളുടെയും നികുതി നിരക്ക് 18% ൽ നിന്ന് 5% ആയി കുറച്ചതോടെ മലപ്പുറത്തെ തിരൂർ വെറ്റില പുതിയ GST ഘടനയ്ക്ക് കീഴിൽ ശക്തമായ ഉത്തേജനം കൈവരിക്കാനൊരുങ്ങുകയാണ്. കുടുംബ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന ചെറുകിട കർഷകര്‍ ദിവസക്കൂലിക്കാരായ വിളവെടുപ്പ് തൊഴിലാളികളുടെയും സീസണുകളില്‍ ജോലിയ്ക്കെത്തുന്ന പാക്കിങ് തൊഴിലാളികളുടെയും പിന്തുണയോടെയാണ് പ്രധാനമായും ഈ വിള കൃഷി ചെയ്യുന്നത്.

 

വെറ്റില ഉല്പന്നങ്ങൾ ജനപ്രിയമായി തുടരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ഇതിന് ആവശ്യകത. അതേസമയം ഇ-വാണിജ്യ സംവിധാനങ്ങളും വിപണി സാധ്യത വർധിപ്പിക്കുന്നത് തുടരുന്നു. പുതിയ നികുതി നിരക്കുകൾ മൗത്ത് ഫ്രഷ്‌നറുകളും പേസ്റ്റുകളുമടക്കം മൂല്യവർധിത ഉല്പന്നങ്ങളുടെ ചെലവ് ഏകദേശം 11% കുറയ്ക്കുന്നു.

 

കുറ്റിയാട്ടൂർ മാങ്ങ

GI-ടാഗോടുകൂടിയ കുറ്റിയാട്ടൂർ മാങ്ങ കൃഷി ചെയ്യുന്നത് 1 മുതല്‍ 3 വരെ ഏക്കർ ഭൂമി സ്വന്തമായ ചെറുകിട തോട്ട ഉടമകളാണ്. ദിവസക്കൂലി തൊഴിലാളികളുടെ സഹായത്തോടെ വിളവെടുപ്പ് നടത്തുന്ന ഈ മാങ്ങ ചെറുകിട സംസ്കരണ കേന്ദ്രങ്ങള്‍ ജാമുകളും അച്ചാറുകളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

 

ജാമുകൾ, പൾപ്പ്, അച്ചാറുകൾ എന്നിവയുടെ GST 12% ത്തിൽ നിന്ന് 5% ആയി കുറച്ചത് 6.25% ചെലവ് കുറയ്ക്കാന്‍ വഴിയൊരുക്കുമെന്ന് കരുതുന്നു. ഇത് കണ്ണൂരിലെ കർഷക ഉല്പാദക സംഘങ്ങള്‍ക്കും സംസ്കരണ കേന്ദ്രങ്ങള്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും. 2024-ൽ 18.81 ബില്യൺ യുഎസ് ഡോളറായിരുന്ന സംസ്കരിച്ച മാങ്ങ ഉല്പന്നങ്ങളുടെ ആഗോള വിപണി മൂല്യം ആവശ്യകതയുടെ സാധ്യതാ തോത് സൂചിപ്പിക്കുന്നു. വിവിധ ഭക്ഷ്യ ബ്രാൻഡുകളും അച്ചാർ ബ്രാൻഡുകളും പ്രവാസി മലയാളികളായ ഓൺലൈൻ വിപണി ഉപഭോക്താക്കളും ഇത് വാങ്ങുന്നു. GST കുറച്ചത് ഈ വ്യാവസായികമേഖലയുടെ ലാഭവിഹിതം മെച്ചപ്പെടുത്താനും കുറ്റിയാട്ടൂർ മാങ്ങ ഉല്പന്നങ്ങളെ ആഭ്യന്തര, കയറ്റുമതി വിപണികളിൽ കൂടുതൽ മത്സരക്ഷമമാക്കാനും സഹായിക്കുന്നു.

 

മത്സ്യബന്ധനവും കടൽവിഭവ സംസ്കരണവും

കൊച്ചി, കൊല്ലം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മത്സ്യബന്ധന മേഖല പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളെ പിന്തുണയ്ക്കുന്നു. പുരുഷന്മാർ പ്രധാനമായും മത്സ്യബന്ധനത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകൾ ഇതിന് ശേഷം ഉണക്കൽ, തൊലികളയൽ, തരംതിരിക്കൽ, പാക്കേജിങ് എന്നീ ജോലികളില്‍ പ്രധാന പങ്കുവഹിക്കുന്നു. കേരളത്തിലെ 1.049 ദശലക്ഷം മത്സ്യത്തൊഴിലാളി ജനസംഖ്യ ഈ മേഖലയെ ആശ്രയിക്കുന്നവരുടെ ജീവിതോപാധിയുടെ തോതിനെ എടുത്തു കാണിക്കുന്നു.

മത്സ്യബന്ധനത്തിന്റെയും കടൽവിഭവ സംസ്കരണത്തിന്റെയും GST 5% ആയി കുറച്ചത് 6 മുതല്‍ 11% വരെ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും കേരളത്തിൻ്റെ തീരദേശ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രയോജനകരമാകുമെന്നും പ്രതീക്ഷിക്കുന്നു. 2022-23-ൽ സംസ്ഥാനത്തെ കടൽ മത്സ്യോല്പാദനം 6.87 ലക്ഷം ടൺ ആയിരുന്നു. ഇത് കേരളത്തിൻ്റെ ആഭ്യന്തര ഉത്പാദനത്തിൽ ഏകദേശം 1.80% സംഭാവന നൽകുന്നു. ഇതേ വർഷം 8,285.03 കോടി രൂപയുടെ 2,18,629 ടൺ കടൽ ഉല്പന്നങ്ങളാണ് കേരളം കയറ്റുമതി ചെയ്തത്. GST കുറച്ചത് കയറ്റുമതിയുടെ മത്സരക്ഷമത വർധിപ്പിക്കാനും ഈ മേഖലയിലെ വരുമാന സ്ഥിരത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും കുടിൽ വ്യവസായങ്ങളും

പായ്ക്ക് ചെയ്ത മസാല മിശ്രിതങ്ങൾ

കൊച്ചി, ഇടുക്കി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ പായ്ക്ക് ചെയ്ത മസാല മിശ്രിത വ്യവസായം പ്രധാനമായും ചെറുകിട കർഷകരെയാണ് പിന്തുണയ്ക്കുന്നത്. ഈ മേഖലയില്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉണക്കുക, വൃത്തിയാക്കുക, തരംതിരിക്കുക തുടങ്ങിയ ജോലികളില്‍ നിരവധി വനിതാ തൊഴിലാളികൾ പ്രവര്‍ത്തിക്കുന്നു. പുറ്റടിയിലെ സുഗന്ധവ്യഞ്ജന പാർക്ക് ഉള്‍പ്പെടെ ശക്തമായ അടിസ്ഥാന സൗകര്യ പിന്തുണയോടെ രാജ്യത്തെ വളരുന്ന സുഗന്ധവ്യഞ്ജന സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവനയായി കേരളം തുടരുന്നു.

 

പായ്ക്ക് ചെയ്ത മസാല മിശ്രിതങ്ങളുടെ GST 18% ത്തിൽ നിന്ന് 5% ആയി കുറച്ചതിലൂടെ ഇവയുടെ വില ഏകദേശം 11% കുറയുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൻ്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കുന്ന ഈ നടപടി സംസ്ഥാനത്തിന്റെ സുഗന്ധവ്യഞ്ജന ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യും.

 

തേയിലയുടെ മൂല്യ ശൃംഖല

തേയില ഉല്പന്നങ്ങളുടെ GST 18% ത്തിൽ നിന്ന് 5% ആയി കുറച്ചത് ഇടുക്കി-മൂന്നാർ മേഖലയിലെ തേയിലത്തോട്ടങ്ങൾക്കും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പായ്ക്കിങ് തൊഴിലാളികള്‍ക്കും ലേലക്കാർക്കും പ്രയോജനകരമാകും. തേയില നുള്ളൽ, കൃഷിയിട പരിപാലനം എന്നിവയിൽ ഏർപ്പെട്ട തോട്ടം തൊഴിലാളികൾ, ചെറുകിട കർഷകർ, ഫാക്ടറി തൊഴിലാളികൾ, ഇടനിലക്കാര്‍ എന്നിവരടക്കം ഏകദേശം 4.18 ലക്ഷം തൊഴിലാളികൾക്ക് ഈ മേഖല ജോലി നൽകുന്നു.

 

സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന തോട്ടവിളകളുടെ ആകെ മൂല്യം ഈ മേഖലയിലെ ഇന്ത്യയുടെ കയറ്റുമതി മൂല്യത്തിൻ്റെ ഏകദേശം 23.27% സംഭാവന ചെയ്യുന്നു. GST കുറച്ചത് പായ്ക്ക് ചെയ്ത/ഇൻസ്റ്റൻ്റ്/ആര്‍ടിഡി ചായയുടെ ചെലവ് ഏകദേശം 11% കുറയ്ക്കുന്നു. ഇന്ത്യയുടെ തേയില വ്യവസായത്തില്‍ കേരളത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഈ നടപടി തേയില കൃഷി ചെയ്യുന്ന പ്രദേശങ്ങളിലുടനീളം സുസ്ഥിര ഉപജീവനമാർഗങ്ങള്‍ ഉറപ്പാക്കുന്നു.

 

ചെങ്ങാലിക്കോടൻ (ചങ്ങാലിക്കോടൻ) നേന്ത്രപ്പഴം

GI-ടാഗോടുകൂടിയ ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാനമായും സംസ്കരിക്കുന്നത്. ചെറുകിട കർഷക കുടുംബങ്ങളുടെയും വീടുകളും ക്ലസ്റ്ററുകളും കേന്ദ്രീകരിച്ച് വറുത്തകായ നിർമിക്കുന്നവരുടെയും പാക്കിങ് തൊഴിലാളികളുടെയും വലിയ കുടിൽ വ്യവസായ ശൃംഖലയെ ഇത് പിന്തുണയ്ക്കുന്നു. വറുക്കൽ, മസാല ചേർക്കൽ, പാക്കിങ്, ചെറുകിട ചരക്കുനീക്കം എന്നിവയിൽ തൊഴിൽ നൽകുന്ന ഈ വ്യവസായം സംസ്ഥാനത്തെ എംഎസ്എംഇ - ലഘുഭക്ഷണ മേഖലകളുടെ സുപ്രധാന ഭാഗമാണ്. ഏകദേശം 750 കോടി രൂപ മൂല്യംവരുന്ന കേരളത്തിലെ വറുത്തകായ വ്യവസായം എയർപോർട്ട് ചില്ലറവില്പന, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ വില്പനശാലകള്‍, വിനോദസഞ്ചാര വിപണികൾ എന്നിവയുടെ ആവശ്യകത നിറവേറ്റുന്നു.

 

12 ശതമാനമോ 18 ശതമാനമോ ആയിരുന്ന GST നിരക്ക് 5% ത്തിലേക്ക് കുറച്ചതോടെ ചെലവ് ഏകദേശം 6% മുതല്‍ 11% വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൻ്റെ പ്രശസ്തമായ വറുത്തകായ ആഭ്യന്തര, കയറ്റുമതി വിപണികളിൽ കൂടുതൽ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാനും മത്സരക്ഷമമാക്കാനും ഇത് സഹായിക്കും.

 

കയർ മേഖല

GI-ടാഗോടുകൂടിയ ആലപ്പുഴ കയറുല്പന്നങ്ങളായ തറവിരികള്‍, കയറുകൾ, ഭൗമ തുണിത്തരങ്ങള്‍ എന്നിവയടക്കം കയർ മേഖലയുടെ GST 18% ത്തിൽ നിന്ന് 5% ആയി കുറച്ചതിലൂടെ ചെലവ് ഏകദേശം 11% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴ, കൊല്ലം, പെരിനാട്-പെരുമൺ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച ഈ വ്യവസായം തൊണ്ട് ശേഖരിക്കുന്നവരും തൊണ്ട് പൊളിക്കുന്നവരും നൂൽനൂൽപ്പ്, നെയ്ത്തുകേന്ദ്രങ്ങള്‍, ഫാക്ടറി, കയറ്റുമതി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയുമുള്‍പ്പെടെ വലിയൊരു തൊഴിലാളി വിഭാഗത്തെ പിന്തുണയ്ക്കുന്നു. കയർ വ്യവസായം ഏകദേശം 3.7 ലക്ഷം പേര്‍തക്കാണ് തൊഴിൽ നൽകുന്നത്. ആകെ തൊഴിലാളികളുടെ ഏകദേശം 80% സ്ത്രീകളാണ്.

 

ഇന്ത്യയുടെ കയർ ഉല്പാദനത്തിൻ്റെ ഏകദേശം 85% നൽകുന്ന കേരളം രാജ്യത്തിൻ്റെ ആകെ കയർ കയറ്റുമതിയ്ക്ക് പ്രധാന സംഭാവന നല്‍കുന്നു. GST കുറച്ചത് കയറ്റുമതി വർധിപ്പിക്കാനും കേരളത്തിലെ കയർ മേഖലകളിലെ ഉപജീവനമാർഗം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

വിനോദസഞ്ചാരവും ആയുർവേദവും

വിനോദസഞ്ചാരവും ഹോസ്പിറ്റാലിറ്റി മേഖലയും

കൊച്ചി, ആലപ്പുഴ, കോവളം, വർക്കല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച കേരളത്തിൻ്റെ വിനോദസഞ്ചാര - ഹോസ്പിറ്റാലിറ്റി മേഖല തീരദേശ - മലയോര സമൂഹങ്ങളിലെ യുവജനങ്ങളടക്കം വൈവിധ്യമാർന്ന തൊഴിലാളി സമൂഹത്തിന് ജോലി നൽകുന്നു. ഹോംസ്റ്റേകൾ, ആയുർവേദ ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, കരകൗശല വസ്തുക്കൾ, ഭക്ഷണ വിതരണം എന്നിവയിൽ സ്ത്രീകൾ സജീവമായി ഏർപ്പെടുന്നു. കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ഈ മേഖലയിലൂടെ 2022-ൽ ആകെ 35,168.42 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.

7,500 രൂപ വരെ നിരക്കുള്ള ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കും നിലവില്‍ 5% GST മാത്രമാണ് ഈടാക്കുന്നത്. ഒപ്പം ചമയവസ്തുക്കളും ഭക്ഷണത്തളികകളുമടക്കം സാമഗ്രികളുടെ നികുതി നിരക്ക് 18% ത്തിൽ നിന്ന് 5% ആയി കുറച്ചതിലൂടെ 11 ശതമാനത്തോളം ചെലവ് കുറയുന്നു. നികുതിനിരക്കിലെ ഈ കുറവ് താമസവും സേവനങ്ങളും കൂടുതൽ താങ്ങാവുന്നതാക്കി മാറ്റുകയും ഈ മേഖലയിലെ വ്യവസായങ്ങളുടെ ലാഭവിഹിതം മെച്ചപ്പെടുത്തുകയും മികച്ച വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ കേരളത്തിൻ്റെ ആകർഷണം വർധിപ്പിക്കുകയും ചെയ്യുന്നു.

 

ആയുർവേദവും മരുന്നുകളും

തൃശ്ശൂർ, കോട്ടക്കൽ (മലപ്പുറം), ആലുവ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിൻ്റെ ആയുർവേദ - ഔഷധ മേഖലയിലൂടെ ഔഷധസസ്യങ്ങൾ ശേഖരിക്കുന്നവരും ആയുർവേദ ഉല്പന്ന നിർമാണ കേന്ദ്രങ്ങളിലെ ജീവനക്കാരും തെറാപ്പിസ്റ്റുകളും ചികിത്സാ കേന്ദ്രങ്ങളിലെ തൊഴിലാളികളുമടക്കം വലിയൊരു വിഭാഗം തൊഴിലാളി സമൂഹത്തിന് പിന്തുണ ലഭിക്കുന്നു. ആയുർവേദ മരുന്നുകൾ, ഉപകരണങ്ങൾ, ഉല്പന്നങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ 5% GSTയാണ് ഈടാക്കുന്നത്. ഇതിലൂടെ ചെലവ് ഏകദേശം 6 മുതല്‍ 11% വരെ കുറയുമെന്നും താങ്ങാവുന്ന നിരക്ക് ഉറപ്പാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു.

 

ആരോഗ്യപരിപാലന പാക്കേജുകൾ, വിട്ടുമാറാത്ത രോഗങ്ങളുടെ പരിചരണം, ഒടിസി ആയുർവേദം എന്നിവ ഈ വിപണിയുടെ ഭാഗമാണ്. ആഭ്യന്തര രോഗികൾക്കും വിദേശ ആരോഗ്യ വിനോദസഞ്ചാരികള്‍ക്കും സേവനം നല്‍കുന്ന ഈ മേഖലയില്‍ GST പരിഷ്കരണം പരമ്പരാഗത ആരോഗ്യ സംരക്ഷണത്തിൻ്റെയും സ്വാസ്ഥ്യത്തിന്റെയും കേന്ദ്രമെന്ന നിലയിൽ കേരളത്തിൻ്റെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഉപസംഹാരം

 

കാർഷികം, ഭക്ഷ്യ സംസ്കരണം, മത്സ്യബന്ധനം, കുടിൽ വ്യവസായങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ കേരളത്തിൻ്റെ കരുത്ത് വർധിപ്പിക്കുന്ന GST പരിഷ്കാരങ്ങൾ സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ പ്രയോജനം ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കയർ, കശുവണ്ടി, തേയില, കാപ്പി, ആയുർവേദ ഉല്പന്നങ്ങൾ എന്നിവയടക്കം അവശ്യ - മൂല്യവർധിത ഉല്പന്നങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കുന്ന ഈ പരിഷ്കാരം ഉല്പാദനച്ചെലവ് നേരിട്ട് കുറയ്ക്കുകയും വിപണി അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നു. നിരവധി ചെറുകിട കർഷകരും സഹകരണ സ്ഥാപനങ്ങളും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും നിലവിലുള്ള സംസ്ഥാനമെന്ന നിലയിൽ മെച്ചപ്പെട്ട ലാഭവിഹിതവും ഉയര്‍ന്ന വരുമാനവും രാജ്യത്തും വിദേശത്തും കൂടുതൽ മത്സരക്ഷമതയും കൊണ്ടുവരാന്‍ ഈ മാറ്റങ്ങൾ വഴിയൊരുക്കുന്നു.

 

ചുരുക്കത്തില്‍ കേരളത്തിൻ്റെ വിശാല സാമ്പത്തിക വളർച്ച ഉറപ്പാക്കുന്ന പുതിയ GST ഘടന ഇടുക്കിയിലെ കർഷകരിലേക്കും കൊല്ലത്തെ മത്സ്യത്തൊഴിലാളി വനിതകളിലേക്കും ആലപ്പുഴയിലെ നെയ്ത്തുകാരിലേക്കും കൊച്ചിയിലെ സംരംഭകരിലേക്കും തുടങ്ങി എല്ലാവ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നു.

 

*****

 

 


(Release ID: 2176396) Visitor Counter : 21
Read this release in: English , Urdu , Hindi , Tamil