ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഭാഷിണി ശില്പശാല ഒക്ടോബർ എട്ടിന് തിരുവനന്തപുരത്ത്
"വോയ്സ് ഫസ്റ്റ് ഡിജിറ്റൽ ഗവേണൻസും മലയാളത്തിന്റെ ഭാഷാപരമായ ശാക്തീകരണവും" വിഷയം
Posted On:
07 OCT 2025 3:35PM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്സ് , വിവര സാങ്കേതിക മന്ത്രാലയത്തിന്റെ (MeitY) ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD), കേരള സംസ്ഥാന ഐടി മിഷനുമായി സഹകരിച്ച് ഭാഷിണി ശില്പശാല: കേരള ചാപ്റ്റർ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ എട്ടിന് രാവിലെ 9:30 മുതൽ തിരുവനന്തപുരത്ത് ഹോട്ടൽ എസ്പി ഗ്രാൻഡ് ഡേയ്‌സിൽ നടക്കുന്ന ശില്പശാലയിൽ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തന യാത്രയിൽ വോയ്സ്-ഫസ്റ്റ് ഡിജിറ്റൽ ഗവേണൻസും മലയാളത്തിന്റെ ഭാഷാപരമായ ശാക്തീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങൾ ചർച്ചയാകും. കരുത്തുറ്റ നിർമ്മിത ബുദ്ധി മാതൃകകൾ , ശബ്ദ തിരിച്ചറിയൽ സംവിധാനങ്ങൾ, മലയാളത്തിനായി രൂപകൽപ്പന ചെയ്ത ബഹുഭാഷാ ആപ്ലിക്കേഷനുകൾ എന്നിവ നിർമ്മിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനും (DIBD) കേരള ഗവൺമെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവെയ്ക്കും.
ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗം, കേരള ഗവൺമെന്റ്, എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, പങ്കാളികൾ എന്നിവർ ശില്പശാലയുടെ ഭാഗമാകും. ശബ്ദാധിഷ്ഠിത ബഹുഭാഷാ ഭരണത്തിനായി രൂപകൽപ്പന ചെയ്ത ഭാഷിണിയുടെ വിവിധ ടൂളുകളുടെ പ്രദർശനവും ഉണ്ടാകും. സംസ്ഥാനവുമായുള്ള പങ്കാളിത്തത്തോടെ വികസിപ്പിച്ച എ ഐ സൊല്യൂഷനായ മിത്ര (MITRA) പ്രോഗ്രാമും ഇതിൽ ഉൾപ്പെടുന്നു.
ഭാഷിണി സംരംഭത്തിന് കീഴിൽ മലയാള ഭാഷാ മാതൃക സ്വീകരിക്കുന്നത് സംസ്ഥാനത്തെ ഓരോ പൗരനും ഡിജിറ്റൽ ഉൾപ്പെടുത്തൽ പ്രാപ്തമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷന്റെ സിഇഒയും ഇന്ത്യ എഐ ഡയറക്ടറുമായ ശ്രീ. അമിതാഭ് നാഗ് പറഞ്ഞു. ഈ സഹകരണത്തിലൂടെ, ഒരു യഥാർത്ഥ ബഹുഭാഷാ ഡിജിറ്റൽ ഇന്ത്യയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകാനും, ഗവൺമെന്റ് സേവനങ്ങൾ, സ്റ്റാർട്ടപ്പുകൾ, പൗരന്മാർ എന്നിവരെ അവരുടെ മാതൃഭാഷയിൽ തടസ്സമില്ലാതെ ഇടപഴകാൻ ശാക്തീകരിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ഭാഷാ ദൗത്യങ്ങൾ സൃഷ്ടിക്കുന്നതിനും ഡിജിറ്റൽ ഭാഷാ സ്വീകരണത്തിന് നേതൃത്വം നൽകുന്നതിനും സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്നതിനായുള്ള "ഭാഷിണി സമുദയേ" പരിപാടിയിൽ അവതരിപ്പിക്കും. വ്യക്തികളെ മലയാളം വോയ്‌സ്, ടെക്സ്റ്റ്, ഡാറ്റ എന്നിവ സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന പൗര സംഭാവനാ വേദിയായ ഭാഷാദാനിന്റെ ഒരു തത്സമയ പ്രദർശനവും നടക്കും. ഇത് എ ഐ മാതൃകകളെ ശക്തിപ്പെടുത്തുന്നതിനും സംഭാഷണ അധിഷ്ഠിതമായ സേവനങ്ങളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ഭാഷാ സാങ്കേതികവിദ്യയെ ഭരണ പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കുന്നതിനുള്ള വകുപ്പുതല മാർഗരേഖകൾ ശില്പശാലയിൽ ചർച്ചയാകും. ഭാഷിണിയുടെ ടൂളുകൾ ഫലപ്രദമായി വിന്യസിക്കുന്നതിന് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും സാങ്കേതിക സംഘങ്ങളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിന് പരിപാടി ഊന്നൽ നൽകും. ഇത് ഡിജിറ്റൽ സേവനങ്ങൾ ഉൾക്കൊള്ളുന്നതും, പ്രാപ്യമാക്കുന്നതും, ഭാഷാപരമായി പ്രസക്തവുമാണെന്ന് ഉറപ്പാക്കുന്നു.
ഭാഷിണി ശില്പശാല മലയാളത്തെ ഇന്ത്യയുടെ ഡിജിറ്റൽ ഗവേണൻസ് ആവാസവ്യവസ്ഥയിൽ സംയോജിപ്പിക്കുന്നതിന് ശക്തമായ അടിത്തറയിടുമെന്ന് പ്രതീക്ഷിക്കുന്നു. ശബ്ദത്തിന് പ്രഥമസ്ഥാനം നൽകുന്ന സാങ്കേതികവിദ്യയും ഭാഷാപരമായ ഉൾപ്പെടുത്തലും കൈകോർക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഓരോ പൗരനും സ്വന്തം ഭാഷയിൽ ഡിജിറ്റൽ ഇന്ത്യയുമായി ഇടപഴകാൻ കഴിയുമെന്നും ഇത് ഉറപ്പാക്കുന്നു.
പശ്ചാത്തലം
ദേശീയ ഭാഷാ വിവർത്തന മിഷന്റെ കീഴിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പ്രധാന സംരംഭമായ ഭാഷിണി, എല്ലാ ഇന്ത്യൻ ഭാഷകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സേവനങ്ങൾ പ്രാപ്യമാക്കുന്ന തരത്തിൽ നിർമ്മിത ബുദ്ധി അധിഷ്ഠിത ടൂളുകൾ വികസിപ്പിച്ചുകൊണ്ട് ഭാഷാ തടസ്സങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു. മലയാളം വോയ്‌സ്, ടെക്സ്റ്റ് ഇന്റർഫേസുകൾ വഴി പൗരന്മാർക്ക് ഭരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയുമായി സംവദിക്കാൻ പ്രാപ്തരാക്കുന്നതിലും, സംസ്ഥാനത്തിന്റെ ഭാഷാപരമായ സ്വത്വം ശക്തിപ്പെടുത്തുന്നതിലും കേരള ചാപ്റ്റർ ശ്രദ്ധ കേന്ദ്രീകരിക്കും.
***
NK
(Release ID: 2175784)
Visitor Counter : 31