PIB Headquarters
ജനകീയ ആസൂത്രണ പരിപാടി : ഗ്രാമീണ മേഖലയിലെ ഭരണം ശക്തിപ്പെടുത്തിക്കൊണ്ട് എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
വികസിത ഭാരതത്തിനായി വികസിത പഞ്ചായത്തുകൾ
Posted On:
05 OCT 2025 5:46PM by PIB Thiruvananthpuram

ആമുഖവും പശ്ചാത്തലവും
ത്രിതല പഞ്ചായത്തിരാജ് സംവിധാനത്തിൻ്റെ അടിസ്ഥാന ഘടകമായ ഗ്രാമപഞ്ചായത്തിന് ഗ്രാമഭരണത്തിലും വികസനത്തിലും പ്രധാന പങ്കുണ്ട്. ഗ്രാമീണ മേഖലയിലെ പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1992-ലെ 73-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെയാണ് ഈ സംവിധാനം പ്രാബല്യത്തിൽ വന്നത്. ഗ്രാമ പഞ്ചായത്തുകൾ പ്രാദേശിക തലത്തിൽ അവശ്യ സേവനങ്ങളും വികസനവും നല്കുക മാത്രമല്ല മറിച്ച് സംഘർഷ പരിഹാരം,സാമൂഹിക യോഗങ്ങൾ,സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും സുപ്രധാന പങ്കു വഹിക്കുന്നു.
അതിനാൽ വികസിത ഭാരതത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് പഞ്ചായത്തുകളുടെ വികസനം അത്യന്താപേക്ഷിതമാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 243G പ്രകാരം പഞ്ചായത്തുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി അംഗീകരിക്കുകയും സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കാൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. ജനങ്ങളോട് ഏറ്റവും അടുത്ത സർക്കാർ തലമായതിനാൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അടിസ്ഥാന സേവനങ്ങളുടെ ഫലപ്രദമായ വിതരണം ഉറപ്പാക്കുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് ഉത്തരവാദിത്തമുണ്ട്.
ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP)
ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടി ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP) തയ്യാറാക്കാൻ ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പങ്കാളിത്ത പ്രക്രിയയെ അടിസ്ഥാനമാക്കി GPDP ആസൂത്രണ പ്രക്രിയ സമഗ്രമായിരിക്കണം. കൂടാതെ പദ്ധതികളുടെ ഫലപ്രദവും കാര്യക്ഷമവുമായ നടപ്പാക്കലിൽ പഞ്ചായത്തുകൾക്ക് സുപ്രധാന പങ്കുണ്ട്.
ഘടനാപരമായതും ഉൾക്കൊള്ളുന്നതുമായ ആസൂത്രണ പ്രക്രിയയാണ് പഞ്ചായത്ത് പ്രവർത്തനത്തിൻ്റെ കാതൽ. ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP) സമൂഹത്തിൻ്റെ ആവശ്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കുകയും ലഭ്യമായ വിഭവങ്ങളുമായി അവയെ സംയോജിപ്പിക്കുകയും ന്യായവും സുതാര്യവും പങ്കാളിത്തപരവുമായ രീതിയിൽ തയ്യാറാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് വികസന പദ്ധതികൾ (PDP) സമഗ്രവും പങ്കാളിത്തപരവുമായിരിക്കണം. ഭരണഘടനയുടെ പതിനൊന്നാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 29 വിഷയങ്ങൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്തുകൾ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ(GPDPs) തയ്യാറാക്കുമ്പോൾ, ബ്ലോക്ക് പഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതികളും(BPDPs) ജില്ലാ പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്ത് വികസന പദ്ധതികളും(DPDPs) തയ്യാറാക്കുന്നു.
ഗ്രാമതലത്തിൽ ജലവിതരണം,ശുചിത്വം,റോഡുകൾ, ഡ്രെയിനേജ്,തെരുവ് വിളക്കുകൾ,ആരോഗ്യ സംരക്ഷണം,വിദ്യാഭ്യാസം,പോഷകാഹാരം തുടങ്ങിയ സേവനങ്ങൾ നല്കുന്നതിൻ്റെ ഉത്തരവാദിത്തം പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കാണ്. പതിനൊന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 29 വിഷയങ്ങൾ (ഇന്ത്യയിലെ പഞ്ചായത്തിരാജിൻ്റെ കീഴിൽ വരുന്ന 29 വിഷയങ്ങളും 73-ാം ഭേദഗതിയും വായിക്കാൻ https://secforuts.mha.gov.in/73rd-amendment-of-panchayati-raj-in-india/ സന്ദർശിക്കുക) സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി അടുത്ത ബന്ധമുള്ളവയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) പ്രാദേശികതലത്തിൽ നടപ്പാക്കുന്നതിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ പ്രധാനപങ്കാളികളായി നിലകൊള്ളുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഗ്രാമതലത്തിലേക്ക് എത്തിക്കുന്നതിനായി 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ ഒമ്പത് പ്രധാന വിഷയങ്ങളായി തരംതിരിക്കുന്ന ഒരു പ്രമേയപരമായ സമീപനം പഞ്ചായത്തിരാജ് മന്ത്രാലയം സ്വീകരിച്ചു. സർക്കാരിൻ്റേയും സമൂഹത്തിൻ്റേയും മൊത്തത്തിലുള്ള പങ്കാളിത്തമെന്ന ചട്ടക്കൂടിന് കീഴിൽ വികസന പദ്ധതികൾ തയ്യാറാക്കാൻ ഈ സമീപനം പഞ്ചായത്തുകളെ പ്രാപ്തമാക്കുന്നു.
ഗ്രാമതലത്തിൽ സമഗ്ര വികസനത്തിനും പ്രതിരോധശേഷിക്കും കൂടുതൽ പിന്തുണ നല്കിക്കൊണ്ട് ഗ്രാമ സമൃദ്ധി, പ്രതിരോധ പദ്ധതികൾ (VPRP) തയ്യാറാക്കുന്നതിൽ 2018 മുതൽ സ്വയം സഹായ സംഘങ്ങൾ (SHGs) ഏർപ്പെട്ടിട്ടുണ്ട്.

ജനകീയ ആസൂത്രണ പരിപാടി : സബ്കി യോജന,സബ്കാ വികാസ്
പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി 'സബ്കി യോജന,സബ്കാ വികാസ്' എന്ന പ്രമേയത്തിന് കീഴിൽ 2018 ഒക്ടോബർ 2 ന് ജനകീയ ആസൂത്രണ പരിപാടി ആരംഭിച്ചു. ഗ്രാമസഭകളുടെ ഗുണപരമായ ഫലങ്ങൾ,പങ്കാളികളുടെ ഇടപെടൽ,പങ്കാളിത്ത ആസൂത്രണം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മുൻനിര പ്രവർത്തകർ, സ്വയം സഹായ സംഘങ്ങൾ, കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകൾ, മറ്റ് പ്രാദേശിക പങ്കാളികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ തുടർന്നുള്ള വർഷങ്ങളിൽ ഈ പ്രചാരണം ദൗത്യ രൂപേണ രാജ്യവ്യാപകമായി നടത്തപ്പെട്ടു.
ലക്ഷ്യം
രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്ത്, ഇൻ്റർമീഡിയറ്റ് (ബ്ലോക്ക്) പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിൽ പങ്കാളിത്തപരവും സമഗ്രവും സംയോജിതവുമായ വികസന പദ്ധതികൾ, അതായത് ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ, ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതികൾ, ജില്ലാ പഞ്ചായത്ത് വികസന പദ്ധതികൾ എന്നിവ സമയബന്ധിതമായി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ആസൂത്രണ പരിപാടി
നയിക്കപ്പെടുന്നത്. കമ്മ്യൂണിറ്റി അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും എല്ലാ അനുബന്ധ വകുപ്പുകളിലേയും മുൻനിര ഉദ്യോഗസ്ഥരുടെ അവതരണങ്ങളോടെയുമാണ് ഘടനാപരമായ ഗ്രാമസഭ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. എൽ.എസ്.ഡി.ജികളുടെ ഒമ്പത് വിഷയാധിഷ്ഠിത സമീപനങ്ങളെ പഞ്ചായത്ത് വികസന പദ്ധതികളുമായി സംയോജിപ്പിച്ച് സ്വയം സഹായ സംഘങ്ങൾ തയ്യാറാക്കിയ ഗ്രാമ സമൃദ്ധി, പ്രതിരോധ പദ്ധതികൾ ഉൾപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഫലപ്രദമായ പ്രാദേശികവൽക്കരണം കൈവരിക്കാൻ പ്രചാരണം ശ്രമിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ,സ്വയം സഹായ സംഘങ്ങൾ,വനിതാ സമൂഹ അംഗങ്ങൾ എന്നിവരുടെ ആസൂത്രണ പ്രക്രിയയിലെ സജീവമായ പങ്കാളിത്തത്തിലൂടെ സ്ത്രീകളുടെ ഭരണപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു.കൂടാതെ,പൊതു വിവര പ്രചാരണങ്ങൾ നടത്തുന്നതിലൂടെയും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും പൊതു വിവര ബോർഡുകളിലും പദ്ധതികൾ,ധനകാര്യങ്ങൾ,പരിപാടികൾ എന്നിവയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിലൂടെയും സുതാര്യതയും ഉത്തരവാദിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നു.

ജനകീയ ആസൂത്രണ പരിപാടി 2025–26
പഞ്ചായത്തിരാജ് മന്ത്രാലയം 2025 ഒക്ടോബർ 2 ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജനകീയ ആസൂത്രണ പരിപാടി 2025–26: സബ്കി യോജന, സബ്കാ വികാസ് അഭിയാൻ ആരംഭിച്ചു. അതുവഴി 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള രാജ്യവ്യാപക പ്രക്രിയ ആരംഭിച്ചു.
പ്രചാരണം ആരംഭിക്കുന്നതിന് മുന്നോടിയായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തി.തന്ത്രങ്ങൾക്ക് അന്തിമരൂപം നല്കുന്നതിനും സുഗമമായ ഏകോപനം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരുകൾ,കേന്ദ്രഭരണ പ്രദേശങ്ങൾ,സംസ്ഥാന ഗ്രാമവികസന,പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ (SIRD&PRs) എന്നിവയുമായി മന്ത്രാലയം വെർച്വലായി ആശയവിനിമയങ്ങൾ നടത്തി. ഏകോപനവും താഴെത്തട്ടിലുള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ 20 മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ച് അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികളോട് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കാൻ മന്ത്രാലയം നിർദ്ദേശിക്കുന്നു, പ്രത്യേകിച്ച് പ്രത്യേക ഗ്രാമസഭാ യോഗങ്ങളിലൂടെ. കൂടാതെ, നോഡൽ ഓഫീസർമാരെ നിയമിക്കാനും ഫെസിലിറ്റേറ്റർമാരെ പരിശീലിപ്പിക്കാനും ഗ്രാമസഭകളുടെ സമയക്രമം നിശ്ചയിക്കാനും പൊതു വിവര ബോർഡുകൾ വ്യക്തമായി പ്രദർശിപ്പിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 2025 ഒക്ടോബർ 2-ന് ചേർന്ന പ്രത്യേക ഗ്രാമസഭകൾ രാജ്യത്തുടനീളം പ്രചാരണത്തിന് ഔപചാരികമായ തുടക്കം കുറിച്ചു.
പങ്കാളിത്തപരവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനാണ് ജനകീയ ആസൂത്രണ പരിപാടി 2025–26 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംരംഭത്തിന് കീഴിൽ, ഇ-ഗ്രാം സ്വരാജ്, മേരി പഞ്ചായത്ത് ആപ്പ്, പഞ്ചായത്ത് നിർണയ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മുൻകാല ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ അവലോകനം ചെയ്യുക എന്നതാണ് ഗ്രാമസഭകളുടെ ചുമതല. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുക,കാലതാമസം തിരിച്ചറിയുക,പൂർത്തിയാകാത്ത പദ്ധതികൾക്ക് മുൻഗണന നൽകുക(പ്രത്യേകിച്ച് ചെലവഴിക്കാത്ത കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റുകളുമായി ബന്ധപ്പെട്ടവ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആസൂത്രണ പ്രക്രിയയെ പഞ്ചായത്ത് വികസന സൂചിക നയിക്കും. അതേസമയം ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് സഭാസാർ പോലുള്ള ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കും. പഞ്ചായത്തുകളുടെ സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്നതിലും തീരുമാനമെടുക്കൽ പ്രക്രിയയിൽ ആഴത്തിലുള്ള സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ആദി കർമ്മയോഗി അഭിയാൻ്റെ കീഴിൽ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗ ശാക്തീകരണത്തിനാണ് ഈ പ്രചാരണം പ്രത്യേക ഊന്നൽ നല്കുന്നത്. പഞ്ചായത്ത് പ്രതിനിധികൾ, ലൈൻ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി അംഗങ്ങൾ, സ്വയം സഹായ സംഘങ്ങൾ, മുൻനിര പ്രവർത്തകർ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ താഴെത്തട്ടിലുള്ള ആസൂത്രണത്തിൽ സുതാര്യത, സംയോജനം, ഉത്തരവാദിത്തം എന്നിവ കൂടുതൽ ആഴത്തിലാക്കുക എന്നതാണ് പ്രചാരണത്തിൻ്റെ ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ സമൂഹങ്ങൾക്ക് ശക്തമായ സേവന വിതരണ സംവിധാനങ്ങൾ, സമഗ്ര വികസനം, മെച്ചപ്പെട്ട ഫലങ്ങൾ എന്നിവയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നേട്ടങ്ങൾ
2018-ൽ പദ്ധതി ആരംഭിച്ചതു മുതൽ, ദേശീയ മുൻഗണനകളുമായി യോജിച്ച് പ്രാദേശിക ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും ഉൾക്കൊള്ളുന്നതുമായ വികസന പദ്ധതികൾ തയ്യാറാക്കാൻ ജനകീയ ആസൂത്രണ പരിപാടി പഞ്ചായത്തുകളെ സഹായിച്ചിട്ടുണ്ട്.
ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, 2019-20 മുതൽ 2025-26 വരെ (2025 ജൂലൈ 29 വരെ) 18.13 ലക്ഷത്തിലധികം പഞ്ചായത്ത് വികസന പദ്ധതികൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 17.73 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ (GPDPs),35,755 ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതികൾ (BPDPs),3,469 ജില്ലാ പഞ്ചായത്ത് വികസന പദ്ധതികൾ (DPDPs) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉപസംഹാരം
താഴെത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമുള്ള പരിവർത്തന സംരംഭമായി ജനകീയ ആസൂത്രണ പരിപാടി ഉയർന്നുവന്നിട്ടുണ്ട്. പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കുന്നതിൽ സമൂഹങ്ങളേയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഈ പ്രചാരണം സുതാര്യത, സംയോജനം, ഉത്തരവാദിത്തം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നു. പൗരന്മാരുടെ സജീവ പങ്കാളിത്തത്തോടെയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും കൂടുതൽ പ്രതികരണശേഷിയുള്ളതും ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിന് ജനകീയ ആസൂത്രണ പരിപാടി വഴിയൊരുക്കുന്നു. ഇത് വികസിത ഭാരതമെന്ന വിശാലമായ കാഴ്ചപ്പാടിന് സംഭാവന നല്കുകയും ചെയ്യുന്നു.
അവലംബം:
****
(Release ID: 2175227)
Visitor Counter : 9