രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ മലിനീകരണ പ്രതികരണാഭ്യാസത്തിൻ്റെ പത്താം പതിപ്പും ദേശീയ എണ്ണച്ചോർച്ച ദുരന്ത നിവാരണ പദ്ധതിയുടെ 27-ാമത് ആസൂത്രണ യോഗവും സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

प्रविष्टि तिथि: 04 OCT 2025 9:06PM by PIB Thiruvananthpuram

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആഭിമുഖ്യത്തില്‍ 27-ാമത് ദേശീയ എണ്ണച്ചോർച്ച ദുരന്ത നിവാരണ ആസൂത്രണ - തയ്യാറെടുപ്പ്  യോഗത്തിനൊപ്പം ദേശീയതല മലിനീകരണ പ്രതികരണാഭ്യാസത്തിൻ്റെ  പത്താം പതിപ്പ് 2025 ഒക്ടോബർ 5, 6 തീയതികളില്‍ തമിഴ്‌നാട്ടിലെ ചെന്നൈ തീരത്ത്  നടത്തും.  

കേന്ദ്ര മന്ത്രാലയങ്ങളും തീരദേശ സംസ്ഥാന സർക്കാരുകളും പ്രധാന തുറമുഖങ്ങളും എണ്ണ കൈകാര്യം ചെയ്യുന്ന ഏജൻസികളും സമുദ്ര സംഘടനകളും രണ്ടുദിവസത്തെ പരിപാടിയുടെ ഭാഗമാകും.  സമുദ്ര മലിനീകരണ പ്രതികരണ രംഗത്തെ വർധിച്ചുവരുന്ന അന്താരാഷ്ട്ര പ്രാധാന്യം പ്രകടമാക്കി 32 രാജ്യങ്ങളിലെ 100-ലേറെ ദേശീയ പ്രതിനിധികളും 40-ലധികം  വിദേശ നിരീക്ഷകരും പരിപാടിയില്‍ പങ്കെടുക്കും.  ഇന്ത്യയുടെ  സമുദ്ര എണ്ണച്ചോർച്ച പ്രതികരണ തയ്യാറെടുപ്പുകള്‍ വിലയിരുത്താനും എൻ‌ഒ‌എസ്‌ഡി‌സി‌പി  ചട്ടക്കൂടിന് കീഴില്‍ വിവിധ ഏജൻസികൾ തമ്മിലെ ഏകോപന കാര്യക്ഷമത പരിശോധിക്കാനും  രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി ലക്ഷ്യമിടുന്നു.  

ഇന്ത്യയുടെ പ്രവർത്തനശേഷി പ്രദർശിപ്പിക്കാന്‍ സമുദ്ര മലിനീകരണ നിയന്ത്രണ കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെ വിവിധ മലിനീകരണ പ്രതികരണ സംവിധാനങ്ങള്‍ ഇന്ത്യൻ കോസ്റ്റ് ഗാർഡ്  വിന്യസിക്കും.  ഐസിജിയുടെ വിവിധ തലങ്ങളിലെ പ്രതികരണ തന്ത്രങ്ങള്‍ പ്രദർശിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങള്‍  ദേശീയ, അന്തര്‍ദേശീയ പങ്കാളികൾക്കിടയിലെ സമുദ്ര ഏകോപന പ്രവർത്തനങ്ങളുടെ പ്രാധാന്യത്തിന് അടിവരയിടും.  

ദേശീയതല മലിനീകരണ പ്രതികരണാഭ്യാസത്തിൻ്റെ പത്താം പതിപ്പ് (NATPOLREX-X 2025) സമുദ്ര പരിസ്ഥിതി സംരക്ഷണത്തോട് ഇന്ത്യ കൈക്കൊള്ളുന്ന  പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നു. സുസ്ഥിര വികസനത്തിലും  പാരിസ്ഥിതിക ഉത്തരവാദിത്തത്തിലും രാജ്യത്തിന്റെ വിശാല കാഴ്ചപ്പാടിനെ ഇത് പ്രതിഫലിപ്പിക്കുന്നു. വിവിധ ഏജൻസികൾ തമ്മിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും മികച്ച രീതികളെ പ്രോത്സാഹിപ്പിക്കാനും സമുദ്ര പരിസ്ഥിതി പരിപാലനം, സാങ്കേതിക സംയോജനം എന്നിവയിൽ പുതിയ മാതൃകകൾ രൂപീകരിക്കാനും പരിപാടി വഴിയൊരുക്കും. 

************


(रिलीज़ आईडी: 2174941) आगंतुक पटल : 28
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी