ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

കൈത്തറി, കരകൗശല, തുണിത്തര ഉല്പന്നങ്ങളുടെ ആഭ്യന്തര ആവശ്യകത വർധിപ്പിക്കാൻ 'സ്വദേശി കാമ്പയിനു'മായി കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയം

Posted On: 04 OCT 2025 8:10PM by PIB Thiruvananthpuram
രാജ്യത്തെ കൈത്തറി, കരകൗശല, തുണിത്തര ഉല്പന്നങ്ങളുടെ ആഭ്യന്തര ആവശ്യകത വർധിപ്പിക്കാന്‍ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം സ്വദേശി കാമ്പയിന് തുടക്കം കുറിയ്ക്കുന്നു. ഈ പ്രചാരണ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഇവയാണ്:

1. ആഭ്യന്തര ആവശ്യകത ഉയര്‍ത്തുക
നഗരങ്ങളിലെ മില്ലേനിയലുകൾക്കിടയിലും ജെൻ സി വിഭാഗങ്ങള്‍ക്കിടയിലും തദ്ദേശീയ വസ്ത്രങ്ങളുടെ ഉപയോഗം വർധിപ്പിക്കുക.

2. വസ്ത്ര പൈതൃകം ദേശീയ സ്വത്വത്തിൻ്റെ ഭാഗമാക്കുക  
യുവജനങ്ങൾക്കും നഗര ഉപഭോക്താക്കൾക്കുമിടയില്‍ ഇന്ത്യൻ വസ്ത്രങ്ങളെ  അഭിമാനത്തിൻ്റെയും ഫാഷൻ്റെയും ചിഹ്നമായി ഉയർത്തിക്കാട്ടുക.

3. ഉല്പാദകരെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുക
നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും വസ്ത്ര മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വിപണി ലഭ്യത, ദൃശ്യപരത, വരുമാനം എന്നിവയ്ക്ക് അവസരങ്ങൾ വിപുലീകരിക്കുക.

4. ആത്മനിർഭർ ഭാരത് ആശയവുമായി ചേർന്നുപോകുക
വസ്ത്രങ്ങളുടെ ഉല്പാദന അനുബന്ധ പ്രോത്സാഹനം, പിഎം മിത്ര പാർക്കുകൾ, ഒരു ജില്ല ഒരു ഉല്പന്നം തുടങ്ങിയ സംരംഭങ്ങളുമായി പ്രചാരണ പരിപാടികള്‍ സംയോജിപ്പിക്കുക.

5. സ്ഥാപനതല സംഭരണം
യൂണിഫോമുകൾ, ഫർണിഷിങ് എന്നിവയിൽ ഇന്ത്യൻ നിർമിത തുണിത്തരങ്ങള്‍ ഉപയോഗിക്കാൻ മന്ത്രാലയങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും  പ്രോത്സാഹിപ്പിക്കുക.

അടുത്ത 6 മുതൽ 9 മാസം വരെ രാജ്യവ്യാപകമായി ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കും. തദ്ദേശീയ ഉല്പന്നങ്ങളുടെ സമ്പന്ന പൈതൃകത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും അറിവുപകരാനും കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നു. ഇന്ത്യൻ വസ്ത്രങ്ങളെ അഭിമാനത്തിൻ്റെയും ഫാഷൻ്റെയും ചിഹ്നമായി യുവജനങ്ങൾക്കും നഗര ഉപഭോക്താക്കൾക്കുമിടയില്‍  ഉയർത്തിക്കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം.

വിവിധ പരിപാടികൾ സംഘടിപ്പിച്ചും സാമൂഹ്യ ഇടപെടലുകൾ നടത്തിയും സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചും ബോധവല്‍ക്കരണം നടത്തും. സംസ്ഥാന സർക്കാരുകളുടെ സജീവ പങ്കാളിത്തം തേടുന്ന കാമ്പയിൻ  "स्वदेशी कपड़ा देश की शान- यही है भारत की पहचान" (സ്വദേശി വസ്ത്രം രാജ്യത്തിൻ്റെ അഭിമാനം, ഭാരതത്തിൻ്റെ അടയാളം) എന്ന മുദ്രാവാക്യത്തോടെയാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  

2024-ല്‍ 179 ബില്യൺ ഡോളറിൻ്റെതാണ് ഇന്ത്യന്‍ വസ്ത്ര വിപണി. പ്രതിവർഷം  7%ത്തിലേറെ ശരാശരി വാർഷിക നിരക്കിലാണ് വളര്‍ച്ച കൈവരിക്കുന്നത്.  

ആഭ്യന്തര വിപണിയിൽ വീടുകളിലെ ഉപഭോഗം 58% ആണ്. ഇത് 8.19% സംയുക്ത വാർഷിക നിരക്കിൽ വളര്‍ച്ച കൈവരിക്കുന്നു. അതേസമയം വീടുകളിലൂടെയല്ലാത്ത ആഭ്യന്തര വിപണിയുടെ 21% ഉപഭോഗം 6.79% സംയുക്ത വാർഷിക നിരക്കിലാണ് വളരുന്നത്.


ജിഎസ്ടി പരിഷ്കരണങ്ങൾ കാരണം നിരക്കുകളിൽ വന്ന സമീപകാല മാറ്റങ്ങൾ വീടുകൾ വഴിയും അല്ലാതെയും വസ്ത്രങ്ങളുടെ ആവശ്യകത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തെ വസ്ത്രോപഭോഗത്തെ  മികച്ച വളർച്ചാ നിരക്കിലേക്ക് നയിച്ചേക്കാം.  

വിവിധ പദ്ധതികളിലൂടെയും സ്വദേശി പ്രചാരണ പരിപാടികളിലൂടെയും സർക്കാര്‍ നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ കാരണം 2030-ഓടെ ആഭ്യന്തര ആവശ്യകത പ്രതിവർഷം 9 മുതല്‍ 10 ശതമാനം വരെ സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ ഉയര്‍ന്ന് ആകെ 250 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
******************
 

(Release ID: 2174908) Visitor Counter : 5
Read this release in: English , Urdu , Hindi , Gujarati