രാജ്യരക്ഷാ മന്ത്രാലയം
"ഭീകരരുടെ മതം ഞങ്ങൾ അന്വേഷിക്കാറില്ല, നാം ലക്ഷ്യമിട്ടത് ഭീകരതയെയാണ്, സാധാരണക്കാരെയോ സൈനിക കേന്ദ്രങ്ങളെയോ അല്ല": രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്
Posted On:
03 OCT 2025 4:58PM by PIB Thiruvananthpuram
2016 ലെ സർജിക്കൽ സ്‌ട്രൈക്ക്, 2019 ലെ ബാലകോട്ട് വ്യോമാക്രമണം, 2025 ലെ ഓപ്പറേഷൻ സിന്ദൂർ എന്നിവ രാജ്യത്തിൻറെ അഖണ്ഡതയെയും ഇന്ത്യൻ പൗരന്മാരെയും സംരക്ഷിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ശക്തമായ പ്രകടനങ്ങളായിരുന്നുവെന്ന് ജെയിൻ ഇന്റർനാഷണൽ ട്രേഡ് കമ്മ്യൂണിറ്റി (JITO) 2025 ഒക്ടോബർ 03 ന് ഹൈദരാബാദിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവേ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. “ഇന്ത്യയുടെ അഭിമാനവും അന്തസ്സും അപകടത്തിലായ സന്ദർഭങ്ങളിൽ നാം ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തോട് ശക്തമായി പ്രതികരിച്ചപ്പോൾ, ഭീകരരുടെ മതം ഞങ്ങൾ അന്വേഷിച്ചില്ല- ഞങ്ങൾ ലക്ഷ്യമിട്ടത് സാധാരണക്കാരെയോ സൈനിക സ്ഥാപനങ്ങളെയോ അല്ല, ഭീകരതയെയാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളർന്നുവരുന്ന സൈനിക, സാമ്പത്തിക ശക്തി മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് സ്വന്തം സാംസ്‌ക്കാരിക മൂല്യങ്ങൾ, ആത്മീയ പൈതൃകം, ഭഗവാൻ മഹാവീര പഠിപ്പിച്ച മാനവിക ആദർശങ്ങൾ എന്നിവ സംരക്ഷിക്കാനാണ് എന്ന് ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയിൽ ഉണ്ടായ ദ്രുതഗതിയിലുള്ള പുരോഗതി ഉയർത്തിക്കാട്ടവേ, 2014 ൽ ഏകദേശം 600 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇന്ന് 24,000 കോടി രൂപയിലധികമായി വർധിച്ചതായി രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. 2029 ആകുമ്പോഴേക്കും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപ കവിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. "തേജസ് യുദ്ധവിമാനങ്ങൾ, ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ തുടങ്ങി ഇന്ത്യയിൽ നിർമ്മിച്ച ആയുധ സംവിധാനങ്ങൾ നമ്മുടെ സായുധ സേന കൂടുതലായി ഉപയോഗിക്കുന്നു," അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് 64% ത്തിലധികം തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന 97 ലൈറ്റ് കോംബാറ്റ് യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള സമീപകാല കരാറിനെ ആത്മനിർഭർതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ സാക്ഷ്യമെന്ന് രാജ്യ രക്ഷാ മന്ത്രി വിശേഷിപ്പിച്ചു. “ഇന്ന്, കളിപ്പാട്ടങ്ങൾ മുതൽ ടാങ്കുകൾ വരെ എല്ലാം ഇന്ത്യയിൽ നിർമ്മിക്കുന്നു. ലോകത്തിന്റെ നിർമ്മാണ കേന്ദ്രമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഫാക്ടറിയായി ഇന്ത്യ ഉയർന്നുവരുന്ന ദിനം വിദൂരമല്ല. സർക്കാരിന്റെ ഉദ്ദേശ്യങ്ങൾ സുവ്യക്തവും നയങ്ങൾ ദേശീയ താത്പര്യത്തിന് അനുസൃതവുമാണ് എന്നതിനാൽ ഇതെല്ലാം സാധ്യമാകുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചും രാജ്യ രക്ഷാമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. 2030 ആകുമ്പോഴേക്കും 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്ന ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള മുന്നേറ്റത്തിലാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ടുകൾ ഉദ്ധരിക്കവേ, ശരാശരി വളർച്ചാ നിരക്കുകൾ അടിസ്ഥാനമാക്കി, 2038 ആകുമ്പോഴേക്കും വാങ്ങൽ ശേഷിയിൽ (PPP) ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഡോ. വിക്രം സാരാഭായ്, ഡോ. ഡി.എസ്. കോത്താരി, ഡോ. ജഗദീഷ് ചന്ദ്ര ജെയിൻ, ഡോ. മീനാക്ഷി ജെയിൻ തുടങ്ങിയ മഹത്തുക്കളായ ജൈന വ്യക്തിത്വങ്ങളുടെ പൈതൃകത്തെ രാജ്യ രക്ഷാ മന്ത്രി പ്രശംസിച്ചു. അവരുടെ പ്രവർത്തനങ്ങൾ രാഷ്ട്രത്തിന് ഇന്നും പ്രചോദനമേകുന്നു. മോഷ്ടിക്കപ്പെട്ട 20-ലധികം തീർത്ഥങ്കരന്മാരുടെ വിഗ്രഹങ്ങൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവന്നതും, ജൈന ഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പ്രാകൃത ഭാഷയെ ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ചതും ഉൾപ്പെടെ ഇന്ത്യയുടെ ജൈന പൈതൃകം സംരക്ഷിക്കാനുള്ള സർക്കാരിന്റെ ഉദ്യമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. 2047 ഓടെ വികസിത രാഷ്ട്രമായി മാറാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, മഹാവീരന്റെ ഉദ്ബോധനങ്ങളിൽ നിന്നും ജൈന ധർമ്മ തത്വങ്ങളിൽ നിന്നും - പ്രത്യേകിച്ച് അഹിംസ, സത്യം, അപരിഗ്രഹം (സ്വത്ത് കൈവശപ്പെടുത്താതിരിക്കൽ) - പ്രചോദനം ഉൾക്കൊള്ളാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.
****
(Release ID: 2174644)
Visitor Counter : 8