ആയുഷ്
2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരങ്ങൾ സമ്മാനിച്ച് ആയുഷ് മന്ത്രാലയം
Posted On:
02 OCT 2025 3:51PM by PIB Thiruvananthpuram
ആയുർവേദത്തിന് നല്കിയ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ ഭാവന പ്രശേർ എന്നിവർ പുരസ്കാരം കരസ്ഥമാക്കി.
അക്കാദമിക്,പരമ്പരാഗത,ശാസ്ത്രീയ മേഖലകളിലുടനീളം ആയുർവേദ മേഖലയ്ക്ക് നല്കിയ മികച്ച സംഭാവനകളെ അംഗീകരിച്ച് പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ ഭാവന പ്രശേർ എന്നിവർക്ക് ആയുഷ് മന്ത്രാലയം 2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ആയുർവേദത്തിൻ്റെ പ്രചാരത്തിനും സംരക്ഷണത്തിനും പുരോഗതിക്കും ഫലപ്രദമായ സംഭാവനകൾ നല്കുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് പുരസ്‌കാരങ്ങൾ നല്കുന്നത്.ശാസ്ത്രീയ പാരമ്പര്യം,ജീവന്തമായ പാരമ്പര്യം,ശാസ്ത്രീയ നവീകരണം എന്നിവയുടെ സവിശേഷമായ സംയോജനമാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ പ്രതിനിധീകരിക്കുന്നത്.
പ്രൊഫ.ബൻവാരി ലാൽ ഗൗർ: ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും ആയുർവേദത്തെ ശക്തിപ്പെടുത്തുന്നു
പ്രശസ്ത പണ്ഡിതനും അക്കാദമിക് വിദഗ്ധനുമായ പ്രൊഫ.ബൻവാരി ലാൽ ഗൗർ ആയുർവേദ വിദ്യാഭ്യാസത്തിനും സംസ്കൃത പാണ്ഡ്യത്തിനും ആറ് പതിറ്റാണ്ടിലേറെ സംഭാവന നൽകിയിട്ടുണ്ട്. സംസ്കൃതത്തിൽ 319 പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ 31 പുസ്തകങ്ങളും മുന്നൂറിലധികം അക്കാദമിക് കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ 24 പി.എച്ച്.ഡി പണ്ഡിതരേയും 48 ബിരുദാനന്തര ബിരുദധാരികളേയും ആയുർവേദത്തിൻ്റെ അക്കാദമിക് ഭാവി രൂപപ്പെടുത്തുന്നതിന് സജ്ജരാക്കി.ആയുർവേദ സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്കിയ സംഭാവനകൾക്ക് രാഷ്ട്രപതി സമ്മാൻ ഉൾപ്പെടെ നിരവധി ദേശീയ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ബഹുമതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രൊഫ.ഗൗർ പറഞ്ഞു, "2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്കാരം ആയുർവേദത്തിൻ്റേയും സംസ്കൃതത്തിൻ്റേയും കൂട്ടായ ആത്മാവിൻ്റെ പ്രതിഫലനമായി ഞാൻ
ഏറ്റവും വിനയത്തോടെ സ്വീകരിക്കുന്ന ഒരു ബഹുമതിയാണ്.എൻ്റെ ആജീവനാന്ത സംഭാവനകളെ അംഗീകരിച്ചതിനും ആയുർവേദത്തിൻ്റെ അക്കാദമിക്-സാഹിത്യ മേഖലകളെ പരിപോഷിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധതയ്ക്കും ആയുഷ് മന്ത്രാലയത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.ഈ പുരസ്കാരം വ്യക്തിപരമായ അംഗീകാരം മാത്രമല്ല മറിച്ച് നമ്മുടെ പങ്കിട്ട പാരമ്പര്യത്തിൻ്റെ ആഘോഷമാണ്. ആയുർവേദത്തിൻ്റെ ദീപം തീക്ഷ്ണതയോടും ആത്മാർത്ഥതയോടും അറിവിനോടുള്ള ആദരവോടും കൂടി മുന്നോട്ട് കൊണ്ടുപോകാൻ യുവ പണ്ഡിതന്മാരെ ഇത് പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി: കേരളത്തിൻ്റെ ചികിത്സാ പാരമ്പര്യത്തിൻ്റെ സൂക്ഷിപ്പുകാരൻ
വൈദ്യരത്നം ഗ്രൂപ്പിൻ്റെ തലവനായ വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി. 200 വർഷം പഴക്കമുള്ള ആയുർവേദ പാരമ്പര്യമുള്ള ഒരു കുടുംബത്തിൻ്റെ എട്ടാമത്തെ തലമുറയെ പ്രതിനിധീകരിക്കുന്നു.നൂറിലധികം വൈദ്യന്മാരടങ്ങുന്ന സംഘത്തെ അദ്ദേഹം നയിക്കുന്നു.കേരളത്തിൻ്റെ പരമ്പരാഗത ആയുര്‍വേദ സമ്പ്രദായങ്ങളെ ദേശീയ,ആഗോള തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് അദ്ദേഹം മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. മർമ്മായനം, വജ്ര തുടങ്ങിയ സാമൂഹിക ആരോഗ്യ പരിപാടികളും പഞ്ചകർമ്മയെക്കുറിച്ചുള്ള പ്രായോഗിക കൈപ്പുസ്തകവും അദ്ദേഹത്തിൻ്റെ സംഭവനകളിൽ ഉൾപ്പെടുന്നു.
പരമ്പരാഗത സമ്പ്രദായങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം കാലാനുസൃതമായി മാറുന്ന ജീവന്തമായ പാരമ്പര്യമെന്ന നിലയിൽ ആയുർവേദത്തിൻ്റെ തുടർച്ചയെ അദ്ദേഹത്തിൻ്റെ സംഭാവനകൾ പ്രതിനിധീകരിക്കുന്നു.
പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വൈദ്യർ മൂസ് പറഞ്ഞു,"2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്കാരം ലഭിച്ചത് വിനയാന്വിതവും ആഴത്തിൽ സംതൃപ്തി നല്കുന്നതുമാണ്.ആയുർവേദ പാരമ്പര്യത്തേയും നമ്മുടെ കുടുംബ പാരമ്പര്യത്തിൻ്റെ സംഭാവനകളേയും ആദരിച്ചതിന് ആയുഷ് മന്ത്രാലയത്തിന് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.കരുണയോടെ സേവനം തുടരുന്നതിനും യുവവൈദ്യന്മാരെ ഉപദേശിക്കുന്നതിനും ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്ന സജീവവും ചലനാത്മകവുമായ ഒരു സമ്പ്രദായമായി ആയുർവേദം തുടരുന്നുവെന്ന് ഉറപ്പാക്കാനുമുള്ള എൻ്റെ ദൃഢനിശ്ചയത്തെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നു."
വൈദ്യ ഭാവന പ്രശേർ : ആയുർവേദവും ജീനോമിക്സും സംയോജിപ്പിക്കുന്നു.
ആയുർജെനോമിക്സ് മേഖലയിലെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി CSIR–IGIB യിലെ ശാസ്ത്രജ്ഞയായ വൈദ്യ ഭാവന പ്രശേറിന് അംഗീകാരം ലഭിച്ചു.പ്രകൃതി,ത്രിദോഷ തുടങ്ങിയ പരമ്പരാഗത ആയുർവേദ ആശയങ്ങളെ ആധുനിക ജീനോമിക് ശാസ്ത്രവുമായി അവരുടെ ഗവേഷണം ബന്ധിപ്പിക്കുന്നു.ഇത് പ്രവചനാത്മകവും വ്യക്തിഗതവുമായ ആരോഗ്യ സംരക്ഷണത്തിൽ പുരോഗതി സാധ്യമാക്കുന്നു.
അവരുടെ AI,ML അധിഷ്ഠിത പ്രകൃതി വിശകലന പ്രോട്ടോക്കോളുകൾ രാഷ്ട്രീയ പ്രകൃതി പരീക്ഷണ പരിപാടി പോലുള്ള ദേശീയ പരിപാടികളുമായി സംയോജിപ്പിച്ചിട്ടുണ്ട്.ഇത് പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വൈദ്യ ഭാവന പ്രാശേർ പറഞ്ഞു,"2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.ഈ അംഗീകാരം വ്യക്തിപരമായ ബഹുമതി മാത്രമല്ല,ആയുർവേദത്തിൻ്റെ കാലാതീതമായ ജ്ഞാനവുമായി ശാസ്ത്രീയ ഗവേഷണത്തെ സംയോജിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ വീണ്ടും സ്ഥിരീകരിക്കുന്നു.നൂതന സമീപനങ്ങളിലൂടെ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും,വിവിധ പദ്ധതികളിലൂടെ പരമ്പരാഗത വൈദ്യശാസ്ത്ര പരിജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിന് ഗവേഷകർക്കും സ്ഥാപനങ്ങൾക്കും സൗകര്യമൊരുക്കുന്നതിനും ആയുഷ് മന്ത്രാലയം ദർശനപരമായ ഒരു വേദി ഒരുക്കിയിട്ടുണ്ട്.ആഗോള ആരോഗ്യത്തിൽ ആയുർവേദത്തിൻ്റെ പങ്ക് ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്ന എല്ലാ ശാസ്ത്രജ്ഞർക്കുമുള്ള കൂട്ടായ പ്രോത്സാഹനമായിട്ടാണ് ഈ പുരസ്കാരത്തെ ഞാൻ കാണുന്നത്."
ആയുർവേദത്തിലെ മികവിന് അംഗീകാരം
ആയുഷ് മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ധന്വന്തരി ആയുർവേദ പുരസ്കാരങ്ങൾ പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്ര മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ്.2025 ലെ പുരസ്കാര ജേതാക്കൾ ആയുർവേദത്തിൻ്റെ മൂന്ന് വ്യത്യസ്ത മാനങ്ങളെ പ്രതിനിധീകരിക്കുന്നു - പണ്ഡിതൻ എന്ന നിലയിൽ പ്രൊഫ. ഗൗർ,പരമ്പരാഗത വൈദ്യൻ എന്ന നിലയിൽ വൈദ്യർ മൂസ്,ശാസ്ത്രീയ നവീകരണ വിദഗ്ധ
എന്ന നിലയിൽ വൈദ്യ പ്രാശേർ.
പരമ്പരാഗതവും ആധുനികവുമായ പശ്ചാത്തലങ്ങളിൽ ആയുർവേദത്തിൻ്റെ പ്രസക്തി ഉയർത്തിക്കാട്ടിക്കൊണ്ട് ഇവർ ഒരുമിച്ച് ആയുർവേദത്തിൻ്റെ തുടർച്ചയേയും പരിണാമത്തേയും പ്രതിനിധീകരിക്കുന്നു.
***
(Release ID: 2174241)
Visitor Counter : 10