വാണിജ്യ വ്യവസായ മന്ത്രാലയം
100 ബില്യൺ യുഎസ് ഡോളർ നിക്ഷേപവും പത്ത് ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്ന ഇന്ത്യ–EFTA TEPA പ്രാബല്യത്തിൽ വന്നു
Posted On:
01 OCT 2025 10:16PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന പ്രോസ്‌പെരിറ്റി ഉച്ചകോടിയോടെ ഇന്ത്യ-EFTA വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രാബല്യത്തിൽ വന്നു. 15 വർഷത്തിനുള്ളിൽ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപവും ഇന്ത്യയിൽ പത്ത് ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതും, സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നീ രാജ്യങ്ങളിൽ ചരക്കുകളും സേവനങ്ങളും ലഭ്യമാക്കുന്നതും ഈ കരാറിന്റെ ഭാഗമാണ്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ തയ്യാറെടുക്കുമ്പോൾ, അതിനുള്ള ശക്തമായ അടിത്തറ പാകാൻ സാമ്പത്തിക രംഗത്തെ ഈ മുന്നേറ്റം വഴിയൊരുക്കും.
ഇന്ത്യ-EFTA വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (TEPA) വിജയകരമായ പര്യവസാനത്തെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു-പരസ്പര ബഹുമാനത്തിലും സംവേദനക്ഷമതയിലും കെട്ടിപ്പടുത്ത "സുഹൃത്തുക്കൾ തമ്മിലുള്ള വിശ്വസനീയമായ പങ്കാളിത്തത്തെ" പ്രതിനിധീകരിക്കുന്ന ഈ കരാറിനെ യൂറോപ്പുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സഹകരണത്തിലെ നിർണ്ണായക മുഹൂർത്തമായി വീക്ഷിക്കാവുന്നതാണ്.
TEPA യുടെ സവിശേഷതകൾ മന്ത്രി എടുത്തുപറഞ്ഞു. ഉറച്ച നിക്ഷേപ പ്രതിബദ്ധത ഉൾക്കൊള്ളുന്ന ആദ്യ വ്യാപാര കരാറാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുവഴി ഇരുപക്ഷത്തിന്റെയും താത്പര്യങ്ങൾ സന്തുലിതമായി ഉൾക്കൊള്ളുകയും നീതി ഉറപ്പാക്കുകയും ചെയ്യുന്നു. നാല് EFTA രാജ്യങ്ങളിലെ അകെ ജനസംഖ്യ, മുംബൈ നഗരത്തിലെ ജനസംഖ്യയേക്കാൾ കുറവാണെന്നും, എന്നിരുന്നാലും EFTA മേഖലയുടെ "വിശാല ഹൃദയവും വമ്പിച്ച സാധ്യതകളും" ആണ് പങ്കാളിത്തത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയദശമിയോടനുബന്ധിച്ചുള്ള നവമി ദിനത്തിൽ കരാറിന് തുടക്കം കുറിക്കുന്നത് സമൃദ്ധി, വ്യക്തത, അധർമ്മത്തിനെതിരായ ധമ്മത്തിന്റെ വിജയം എന്നിവയുടെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ ഗോയൽ, കരാർ നിലവിൽ വന്ന ശുഭകരമായ സമയത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു. ആഗോളതലത്തിൽ നിലനിൽക്കുന്ന വ്യാപാര അസ്ഥിരത, അവ്യക്തത, തടസ്സങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ സ്ഥിരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ദീപസ്തംഭമെന്നാണ് TEPA യെ അദ്ദേഹം വിശേഷിപ്പിച്ചത്. ജീവശാസ്ത്രം, ശുദ്ധമായ ഊർജ്ജം, പ്രിസിഷൻ എഞ്ചിനീയറിംഗ്, ഭക്ഷ്യ സംസ്ക്കരണം, സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി, അക്കൗണ്ടൻസി, നഴ്സിംഗ്, വിദ്യാഭ്യാസം, ഓഡിയോ-വിഷ്വൽ സേവനങ്ങൾ, സംസ്ക്കാരം, വിനോദസഞ്ചാരം, വിനോദം, ജിയോതെർമൽ ഊർജ്ജം എന്നീ മേഖലകളിൽ ഇന്ത്യ ഐസ്‌ലാൻഡുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു. നോർവേയുടെ പങ്കാളിത്തത്തോടെ കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, കണ്ടെയ്നർ നിർമ്മാണം, സമുദ്ര സേവനങ്ങൾ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്വിസ്, ലിച്ചെൻസ്റ്റൈൻ കമ്പനികളുമായി സഹകരിച്ച് നൂതനാശയങ്ങൾ, ഗവേഷണ വികസനം, നൂതന ഉത്പാദനം എന്നിവ ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ വ്യാവസായിക അന്തരീക്ഷം തുറന്നതും സുതാര്യവും നിക്ഷേപക സൗഹൃദപരവുമാണെന്നും മിക്കവാറും എല്ലാ മേഖലകളിലും 100% FDI അനുവദനീയമാണെന്നും EFTA രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് സംരംഭകരെ ക്ഷണിച്ചുകൊണ്ട് ശ്രീ ഗോയൽ ഉറപ്പ് നൽകി. ഇന്ത്യയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിവിധ തരത്തിലുള്ള പങ്കാളിത്തങ്ങൾ - ഓഹരി, സാങ്കേതിക സഹകരണങ്ങൾ, സഹകരണ ചട്ടക്കൂടുകൾ - അദ്ദേഹം മുന്നോട്ടു വച്ചു. നിക്ഷേപകർക്ക് സുഗമവും വേഗതയേറിയതും കാര്യക്ഷമവുമായ സഹായങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
TEPA എന്നത് കേവലം നിരക്കുകളിലെ ഇളവും നിക്ഷേപ പ്രതിബദ്ധതയും മാത്രമല്ല, നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതും, അനിശ്ചിതത്വം മൂലമുള്ള ചെലവുകൾ കുറയ്ക്കുന്നതും, ഇന്ത്യയും EFTAയും സുസ്ഥിര വളർച്ചയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് ലോകത്തിന് സൂചന നൽകുന്നതുമാണ്. ഒപ്പം സ്ഥിരതയാർന്നതും ഉറച്ചതും വിശ്വസനീയവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിന്റെ സൂചനകൂടിയയാണിതെന്നും ശ്രീ ഗോയൽ പറഞ്ഞു.
സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള അവസാന വ്യക്തിയിലേക്കും അഭിവൃദ്ധിയുടെ ഗുണഫങ്ങൾ എത്തിച്ചേരണമെന്ന് വ്യക്തമാക്കവേ, ഇന്ത്യയുടെ അന്ത്യോദയ (ഇന്റഗ്രൽ ഹ്യൂമനിസം) ദർശനത്തിന് അനുപൂരകമാണ് കരാറെന്ന് അദ്ദേഹം അറിയിച്ചു. EFTA രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം മികച്ച ജീവിത നിലവാരം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, സുസ്ഥിരത, ശക്തമായ ആഗോള സാമ്പത്തിക ക്രമം എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കരാർ ഒരു നിയമപ്രകാരമുളള ഒരു രേഖ മാത്രമല്ലെന്ന് സ്വിസ് സ്റ്റേറ്റ് സെക്രട്ടറി ഫോർ ഇക്കണോമിക് അഫയേഴ്‌സ് ശ്രീമതി ഹെലീൻ ബഡ്‌ലിഗർ ആർട്ടിഡ പറഞ്ഞു. “കരാറിലേർപ്പെട്ട ഇരുപക്ഷത്തിനും കരാറിലുൾപ്പെട്ട രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ പങ്കാളിത്തമാണ് ഇത്. സ്വിറ്റ്‌സർലൻഡിൽ നിന്നും മറ്റ് EFTA രാജ്യങ്ങളിൽ നിന്നുമുള്ള കമ്പനികളുടെ, പ്രോസ്പെരിറ്റി ഉച്ചകോടിയിലെ ശക്തമായ സാന്നിധ്യം ഇത് തെളിയിക്കുന്നു. ഇന്ത്യയിൽ വിശ്വസിക്കുകയും വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നതിനാലാണ് ഈ ബിസിനസ് സഥാപനങ്ങൾ ഇവിടെ എത്തിയത്. അവർ സാധ്യതകൾ കാണുന്നു, നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു, ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. സ്വിറ്റ്‌സർലൻഡ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥകൾ പരസ്പര പൂരകങ്ങളാണ്. സ്വിറ്റ്‌സർലൻഡിനും ഇന്ത്യയ്ക്കും പ്രയോജനകരമായ TEPA പരസ്പര പൂരകമായി വർത്തിക്കും”.
സ്വിറ്റ്‌സർലൻഡ് സ്റ്റേറ്റ് സെക്രട്ടറി ശ്രീമതി ഹെലീൻ ബഡ്‌ലിഗർ ആർട്ടിഡ; നോർവേ അംബാസഡർ ശ്രീമതി മേ-എലിൻ സ്റ്റെനർ; ലിച്ചെൻസ്റ്റൈൻ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ക്രിസ്റ്റീൻ ലിംഗ്; ഐസ്‌ലാൻഡ് വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ശ്രീമതി റാഗ്നർ ക്രിസ്റ്റാൻസൺ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. നോർവേ മന്ത്രി ശ്രീമതി സിസിലി മിർസെത്ത് പ്രത്യേക വീഡിയോയിലൂടെ ആശംസ അറിയിച്ചു.
എഞ്ചിനീയറിംഗ്, ഔഷധം, മെഡ്-ടെക്, ഭക്ഷ്യ സംസ്‌ക്കരണം, തുണിത്തരങ്ങൾ/വസ്ത്രങ്ങൾ, സമുദ്ര മേഖല എന്നിവയിൽ മേഖലാ തല രൂപരേഖകൾ തയ്യാറാക്കുന്നതിലൂടെയും കയറ്റുമതി വർദ്ധിപ്പിക്കുന്നതിലൂടെയുമാണ് TEPA നിർവ്വഹണം. മികച്ച ഫലത്തിനായി ഗുണനിലവാരം, പാക്കേജിംഗ്, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട മാച്ച് മേക്കിംഗ്, സ്കിൽ മൊഡ്യൂളുകൾ ഉപയോഗിച്ച് MSME കളെ പരിഷ്‌ക്കരിക്കാനുള്ള പ്രത്യേകശ്രമങ്ങളും ഉണ്ടാകും. തുറമുഖ കാലതാമസം പരിഹരിക്കുന്നതിനും ഗതാഗത സമയം ചുരുക്കുന്നതിനും ലോജിസ്റ്റിക്സ് സുഗമമാക്കുന്നതിനും ഊന്നൽ നൽകും. FTA വിനിയോഗം, നിക്ഷേപങ്ങളുടെ വികാസം, സേവന ഫലങ്ങൾ എന്നിവ ഇരു പക്ഷവും നിരീക്ഷിക്കും.
പരസ്പര പൂരകത്വവും സ്വന്തം ഉത്തരവാദിത്തങ്ങളും വ്യക്തമായി നിർവ്വചിക്കപ്പെട്ട "പവർ ഓഫ് ഫൈവ് (പാഞ്ച്)" ആശയത്തിന്റെ സാക്ഷാത്ക്കരമാണ് TEPA. വൈപുല്യം, ആവശ്യകത, തൊഴിൽ നൈപുണ്യം എന്നീ ഘടകങ്ങൾ ഇന്ത്യ മുന്നോട്ടു വയ്ക്കുന്നു. കൃത്യതയുള്ള നിർമ്മാണം, ധനകാര്യം, മൂലധന വസ്തുക്കൾ എന്നിവ സ്വിറ്റ്സർലൻഡ് മുന്നോട്ടു വയ്ക്കുന്നു. നോർവേ സമുദ്ര ശേഷിയും ശുദ്ധമായ ഊർജ്ജവും മുന്നോട്ടു വയ്ക്കുന്നു. ഐസ്‌ലാൻഡ് ശുദ്ധമായ ഊർജ്ജവുമായി ബന്ധപ്പെട്ട കേന്ദ്രീകൃത സാങ്കേതികവിദ്യകൾ (niche clean-tech), ഡിജിറ്റൽ മികവ് എന്നിവ മുന്നോട്ടു വയ്ക്കുന്നു. ലിച്ചെൻസ്റ്റൈൻ ഉന്നത മൂല്യമുള്ള നിർമ്മാണവും എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യവും മുന്നോട്ടു വയ്ക്കുന്നു. അടുത്ത രണ്ടോ മൂന്നോ ദശകങ്ങളിൽ വ്യാപാരം, നിക്ഷേപം, സാങ്കേതിക വിനിമയം എന്നിവ സമന്വയിപ്പിക്കാൻ ഈ പങ്കാളിത്തം സഹായകമാകും.
വിപണി പ്രവേശനത്തിനുള്ള സ്വാതന്ത്ര്യവും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഇന്ത്യൻ കർഷകർക്കും, MSME കൾക്കും, സംരംഭകർക്കുമായി EFTA രാജ്യങ്ങളുടെ വാതായനങ്ങൾ തുറന്നിടുന്നതിൽ കലാശിക്കും. കർഷകർക്കും കാർഷിക-സമുദ്ര കയറ്റുമതി സ്ഥാപനങ്ങൾക്കും നിരക്കിളവുകളോടൊപ്പം സ്പെഷ്യാലിറ്റി കോഫി, സമുദ്രോത്പന്നങ്ങൾ, തിരഞ്ഞെടുക്കപ്പെട്ടതും പുതിയതും സംസ്ക്കരിച്ചതുമായ ഭക്ഷണ സാധനങ്ങൾ എന്നിവയ്ക്കുള്ള പ്രീമിയം-മാർക്കറ്റും ലഭ്യമാകും. മാനദണ്ഡ സഹകരണത്തിൽ നിന്നും ലാബ്-ഓൺ ബോർഡിംഗിൽ നിന്നും MSME-കൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഡ്യൂപ്ലിക്കേറ്റീവ് ടെസ്റ്റിംഗും അനുവർത്താന ചെലവുകളും കുറയ്ക്കും. ഉത്പന്നങ്ങളോ സേവനങ്ങളോ ആവശ്യമുള്ളവരെ അത് നൽകാൻ കഴിയുന്ന വിതരണക്കാരുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയും നൈപുണ്യ പിന്തുണയും MSME-കൾക്ക് കൂടുതൽ പ്രയോജനകരമാകും. പ്രൊഫഷണലുകൾക്കുള്ള പരസ്പര അംഗീകാര കരാറുകൾ മുഖേന സേവന കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ ഡെലിവറി (മോഡ് 1), വാണിജ്യ സാന്നിധ്യം (മോഡ് 3), പ്രവചിക്കാവുന്ന പ്രൊഫഷണൽ മൊബിലിറ്റി (മോഡ് 4) എന്നിവയിൽ കൂടുതൽ വ്യക്തത ലഭിക്കുകയും സാദ്ധ്യതകൾ തുറക്കുകയും ചെയ്യുന്നു.
****
(Release ID: 2174113)
Visitor Counter : 6