രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സാങ്കേതിക വിദ്യയും പരിശീലനവും മുഖ്യാധാരയാക്കി എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ സജ്ജരാകണമെന്ന് സൈനികരോട് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ ആഹ്വാനം.

Posted On: 01 OCT 2025 9:59PM by PIB Thiruvananthpuram

വിജയദശമിയുടെ ശുഭദിനത്തിൽ ഗുജറാത്തിലെ ഭുജിൽ നടന്ന പരമ്പരാഗത ബരാഖാനയിൽ സായുധ സേനയിലെ സൈനികർക്കൊപ്പം രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ന് പങ്കെടുത്തു. ചടങ്ങിൽ സംസാരിക്കവെ, ലോകത്തിന്റെ അതിവേഗമാറ്റത്തെയും ദിനംപ്രതി ഉയർന്നുവരുന്ന സങ്കീർണ്ണമായ വെല്ലുവിളികളെയും അദ്ദേഹം എടുത്തുപറഞ്ഞു. "ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യയുടെ ഘടന നിരന്തരം വികസിച്ചുകൊണ്ടിരിക്കുക്കയാണ് . ഇന്നലത്തെ ആധുനിക സാങ്കേതികവിദ്യകൾ ഇന്ന്  കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്," രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

 പരമ്പരാഗത ഭീഷണികൾക്കൊപ്പം  ഭീകരവാദം, സൈബർ ആക്രമണം, ഡ്രോൺ യുദ്ധം,  തുടങ്ങിയ പുതിയ വെല്ലുവിളികളും പലതരം ഭീഷണികളും ഇന്ന്  ഉയർന്നുവരുന്നുണ്ട് .ഇവയെ ആയുധങ്ങളിലൂടെ മാത്രം നേരിടാനാകില്ല. മാനസിക ശക്തി, നവീനമായ അറിവ്, അതിവേഗമുള്ള പൊരുത്തപ്പെടൽ എന്നിവയും ഇവയെ നേരിടാൻ  അത്യന്താപേക്ഷിതമാണെന്നും എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


തിന്മയ്ക്കെതിരെ  നന്മയുടെയും, അസത്യത്തിനെതിരെ  സത്യത്തിന്റെയും, അനീതിക്കെതിരെ  നീതിയുടെയും വിജയത്തെ പ്രതിനിധാനം ചെയ്യുന്ന ഉത്സവമാണ്‌ ഇതെന്ന് വിജയദശമി ദിനത്തെ രക്ഷാമന്ത്രി വിശേഷിപ്പിച്ചു. ധൈര്യത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട ഭൂമിയായ ഭുജിൽ സൈനികർക്കിടയിൽ ഈ ദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൈനികർ നിരന്തരപരിശീലനം നേടാനും, നവീന സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനും തയ്യാറാകണമെന്ന് പറഞ്ഞ  രക്ഷാമന്ത്രി , ഏതു  സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും സൈനികരോട് ആഹ്വാനം ചെയ്തു.


സൈനികരുടെ ക്ഷേമത്തിനും, സായുധസേനയുടെ ആധുനികവത്കരണത്തിനും, മുൻസൈനികരോടുള്ള  ബഹുമാനത്തിനും, സൈനികരുടെ കുടുംബങ്ങളുടെ സുരക്ഷയ്ക്കും സർക്കാർ പൂർണമായും  പ്രതിജ്ഞാബദ്ധമാണെന്നും  രക്ഷാമന്ത്രി സൈനികർക്ക്  ഉറപ്പുനൽകി.“നമ്മുടെ സൈനികരുടെ ക്ഷേമം വിട്ടുവീഴ്ചയ്ക്കതീതമായ വിഷയമാണ് ,” അദ്ദേഹം ആവർത്തിച്ചു.

ശക്തവും, സ്വാശ്രയവും, വികസിതവുമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം നമ്മുടെ സൈനികരുടെ കൈകളിൽ സുരക്ഷിതമാണെന്ന് രക്ഷാ മന്ത്രി ഉറപ്പിച്ചു പറഞ്ഞു. അവരുടെ സമർപ്പണത്തിലൂടെയും ത്യാഗത്തിലൂടെയുമാണ് ഈ സ്വപ്നം  സാക്ഷാത്കരിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു .

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ യുഗമെന്ന് വിശേഷിപ്പിച്ച ശ്രീ രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം പ്രതിരോധസ്വയംപര്യാപ്തതയിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് പറഞ്ഞു. സായുധ സേനയുടെ പ്രതിബദ്ധതയിൽ , ലോകത്തിലെ മുൻനിര സൈന്യങ്ങളിലൊന്നായി ഇന്ത്യ ഉടൻ മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

******


(Release ID: 2174044) Visitor Counter : 12
Read this release in: English , Urdu , Hindi , Gujarati