യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

പാരാ സ്പോർട്സിലെ ഇന്ത്യയുടെ വളർച്ചയിൽ ആഗോള പാരാ സംഘടനകളുടെ തലവന്മാർക്ക് മതിപ്പ്

ന്യൂഡൽഹിയിൽ നടക്കുന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനെ പ്രശംസിച്ച് ആഗോള പാരാ സംഘടനകളുടെ തലവന്മാരായ പാർസൺസും ഫിറ്റ്‌സ്‌ജെറാൾഡും

Posted On: 01 OCT 2025 5:25PM by PIB Thiruvananthpuram
ഇന്ത്യയുടെ പാരാലിമ്പിക് പ്രസ്ഥാനം സമീപ വർഷങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2025 ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാജ്യം ഇപ്പോൾ ആതിഥേയത്വം വഹിക്കുന്നു. ഇത് ഇന്ത്യയുടെ വളർച്ചയുടേയും അഭിലാഷങ്ങളുടേയും തെളിവാണ്.
 

 

ആഗോള പാരാ അത്‌ലറ്റിക് സംഘടനകളുടെ രണ്ട് വിശിഷ്ട വ്യക്തികൾ - ലോക പാരാ അത്‌ലറ്റിക്‌സ് മേധാവി പോൾ ഫിറ്റ്‌സ്‌ജെറാൾഡും അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻ്റ്  ആൻഡ്രൂ പാർസൺസും ഈ ചരിത്ര വേദിയിൽ നിന്ന് ബുധനാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പാരാ സ്‌പോർട്‌സ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ സമീപ വർഷങ്ങളിൽ ഇന്ത്യ കൈവരിച്ച വളർച്ചയെ അവർ പ്രശംസിച്ചു.
 


ഇപ്പോൾ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പ് വിവിധ മേഖലകളിൽ മികച്ച അവസരമാണ് പ്രദാനം ചെയ്യുന്നതെന്ന് ഫിറ്റ്‌സ്‌ജെറാൾഡ് പറഞ്ഞു. "ലോകമെമ്പാടുമുള്ള 1.2 ബില്യൺ ഭിന്നശേഷിക്കാരായ ആളുകൾക്ക് സാധ്യമായ കാര്യങ്ങൾ ലോകത്തിന് മുഴുവൻ കാണിച്ചുകൊടുക്കാനുള്ള അവസരമാണ് ഓരോ ലോക ചാമ്പ്യൻഷിപ്പും. കൂടാതെ മികവ്, ഉയർന്ന പ്രകടനം എന്നിവ പ്രകടിപ്പിക്കുന്നതിനും ഒരു സമൂഹമെന്ന നിലയിൽ പരസ്പരം ബന്ധപ്പെടാനുള്ള അവസരം കൂടിയാണിത്” -അദ്ദേഹം കൂട്ടിച്ചേർത്തു.
 

“കഴിഞ്ഞ വർഷം കോബെയിൽ ഇന്ത്യ 17 മെഡലുകൾ നേടി. 2015 ൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടിയിരുന്നു. ഇപ്പോൾ നടക്കുന്നതിൽ ഇതിനകം തന്നെ നിരവധി മെഡലുകൾ നേടിക്കഴിഞ്ഞു, മെഡൽ പട്ടികയിൽ ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്".

“ഇന്ത്യൻ സർക്കാർ വളരെയധികം പിന്തുണ നല്കിയിട്ടുണ്ട്. കായിക സൗകര്യങ്ങളിലുടനീളം നവീകരണം നടക്കുകയാണ്. വരും തലമുറയ്ക്ക് പ്രചോദനമേകുന്ന മികച്ച അവസരമാണ് ഈ പരിപാടി” -അദ്ദേഹം കൂട്ടിച്ചേർത്തു.
 


ഇപ്പോൾ നടക്കുന്ന ഈ ചാമ്പ്യൻഷിപ്  ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നല്ലെന്ന് 2022 മുതൽ ലോക പാരാ അത്‌ലറ്റിക്‌സ് മേധാവിയായി പ്രവർത്തിക്കുന്ന ഫിറ്റ്‌സ്‌ജെറാൾഡ് ഉറപ്പിച്ചു പറഞ്ഞു. “ഇത് തീർച്ചയായും ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമല്ല. ഇവിടെ നവീകരണത്തിന് മുമ്പ് ഒരു ഗ്രാൻഡ് പ്രിക്സ് നടത്തിയിരുന്നു. അടുത്ത മൂന്ന് വർഷത്തേക്ക് ഓരോ വർഷവും ഗ്രാൻഡ് പ്രിക്സ്  നടത്താനുള്ള കരാർ ഞങ്ങൾക്കുണ്ട്. ഇന്ത്യയിലുടനീളമുള്ള പാരാ സമൂഹത്തിനുള്ളിൽ ഞങ്ങൾക്ക് ലഭിക്കുന്ന വ്യാപ്തി പ്രധാനമാണ്” -അദ്ദേഹം പറഞ്ഞു.

അടുത്തിടെ മൂന്നാം തവണയും അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പാർസൺസ് ഈ വിഷയത്തെക്കുറിച്ചുള്ള തൻ്റെ വിലയിരുത്തൽ പങ്കുവെച്ചു. “ഈ മേഖലയിൽ ഇന്ത്യയ്ക്ക് വളർച്ചയുണ്ട്. സർക്കാരിൽ നിന്ന് തീർച്ചയായും നല്ല പിന്തുണയുമുണ്ട്. ഇന്ത്യയിലെ പാരാ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്”- അദ്ദേഹം പറഞ്ഞു.

"ഇന്ത്യയുടെ വളർച്ചയ്ക്ക് തീർച്ചയായും വേഗതയുണ്ട്. അത് സാമ്പത്തികമായി വളരുകയാണ്. ഒരു ബ്രസീലിയൻ പൗരൻ എന്ന നിലയിൽ 2016 ലെ റിയോ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ രാജ്യത്തിൻ്റെ നേതാവ് ഇവയിൽ താത്പ്പര്യം കാണിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇന്ത്യയിലും അങ്ങനെ തന്നെയാണ്" -അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡലുകൾ നേടുക എന്നതിലുപരി വ്യക്തിഗത മികവുകൾ കൈവരിക്കേണ്ടതിൻ്റെ പ്രാധാന്യവും ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്  വലിയ കാര്യങ്ങളുടെ തുടക്കമാണെന്നും ഫിറ്റ്‌സ്‌ജെറാൾഡ് ഊന്നിപ്പറഞ്ഞു. "ഇന്ത്യയ്ക്ക് വലിയ ജനസംഖ്യയുണ്ട്. പങ്കെടുക്കാൻ നിരവധി കായിക താരങ്ങളുമുണ്ട്. പക്ഷേ മത്സരബുദ്ധി പുലർത്തുക എന്നത് മെഡലുകൾ നേടുന്നതിനേക്കാൾ പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ മികവാണ് പ്രധാനം. അതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നല്കാൻ കഴിയും. ഈ മത്സരങ്ങളെ യഥാർത്ഥ പ്രവേശനയിടങ്ങളായി ഞാൻ കണക്കാക്കുന്നു" -അദ്ദേഹം പറഞ്ഞു.
*******************

(Release ID: 2173941) Visitor Counter : 3
Read this release in: English , Urdu , Hindi