യു.പി.എസ്.സി
azadi ka amrit mahotsav

യു പി എസ് സി യുടെ ശതാബ്ദി ദർശനവുമായി ചെയർമാൻ ഡോ. അജയ് കുമാർ; സമഗ്ര ഉൾപ്പെടുത്തലിനും ഡിജിറ്റൽ പരിവർത്തനത്തിനും ആഹ്വാനം

Posted On: 01 OCT 2025 5:27PM by PIB Thiruvananthpuram

 

യുപിഎസ്‌സിയുടെ ശതാബ്ദി വാർഷികാരംഭത്തിൽ, രാഷ്ട്രനിർമ്മാണത്തിൽ കമ്മീഷൻ്റെ പങ്കിനെക്കുറിച്ചുള്ള ഭാവി കാഴ്ചപ്പാട് ചെയർമാൻ ഡോ. അജയ് കുമാർ വിശദീകരിച്ചു. ശതാബ്ദി വാർഷികം കമ്മീഷൻ്റെ പൈതൃകം ആഘോഷിക്കുന്നതിനുള്ള സമയം മാത്രമല്ല, പരിഷ്കരണ, പ്രചാരണ പ്രവർത്തനങ്ങൾക്ക് ആക്കം പകരാനുള്ള ഒരു ചുവടുവെയ്പ്പ് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. "മൈ യുപിഎസ്‌സി ഇൻ്റർവ്യൂ" എന്ന പോർട്ടൽ വഴി ഉദ്യോഗാർത്ഥികളുമായുള്ള ഇടപെടൽ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം യുപിഎസ്‌സിയുടെയും ശതാബ്ദി ആഘോഷത്തിൻ്റെയും പുതിയ ലോഗോ അനാച്ഛാദനം ചെയ്തു. ആധുനികവൽക്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിവ്, സുതാര്യത, സേവനം എന്നിവ ഭാവിയിലും നിലനിൽക്കുന്ന പ്രതിജ്ഞാബദ്ധതയാണെന്ന് ഉറപ്പാക്കിക്കൊണ്ട് പരീക്ഷാ സംവിധാനങ്ങൾക്കപ്പുറം യുവാക്കളുമായി ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിന് കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാപനപരമായ പരിഷ്കാരങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു സമയം കൂടിയാണ് ശതാബ്ദി വാർഷികം എന്നും ഡോ. കുമാർ അഭിപ്രായപ്പെട്ടു. യുപിഎസ്‌സി, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുമെന്നും മികച്ച രീതികൾ പങ്കിടുമെന്നും, അഭിപ്രായങ്ങൾ അറിയിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഉൾപ്പെടുത്തൽ, ഡിജിറ്റൽ പരിവർത്തനം, പുതിയ തലമുറയിലെ ഉദ്യോഗാർത്ഥികളുമായുള്ള ഇടപെടൽ എന്നിവ മുൻഗണനാ മേഖലകളായി അദ്ദേഹം എടുത്തുപറഞ്ഞു. ഇപ്പോൾ രണ്ടാം നിര, മൂന്നാംനിര നഗരങ്ങളിൽ നിന്നുള്ളവരാണ് വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സംവിധാനങ്ങളുടെയും നിർമ്മിത ബുദ്ധിയുടെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തോടെ, 'ജെൻ ഇസഡി'ൻ്റെയും ഭാവി ഉദ്യോഗാർത്ഥികളുടെയും പ്രതീക്ഷകൾ നിറവേറ്റാൻ യുപിഎസ് സി തയ്യാറെടുക്കുകയാണെന്നും അതേസമയം നീതി, സുതാര്യത, സമഗ്രത എന്നീ പ്രധാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ശതാബ്ദി വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി, "എൻ്റെ യുപിഎസ്‌സി അഭിമുഖം: സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്. (https://innovateindia.mygov.in/upsc/)" എന്ന പേരിൽ ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചു. സേവനത്തിലിരിക്കുന്നവരും വിരമിച്ചവരുമായ സിവിൽ സർവീസുകാരെ, അവർ യുപിഎസ്‌സി ഇൻ്റർവ്യൂ ബോർഡിന് മുന്നിൽ ഹാജരായ അനുഭവങ്ങൾ പങ്കിടാൻ ഈ സംരംഭം ക്ഷണിക്കുന്നു. 2025 ഡിസംബർ 31-നകം അപേക്ഷകൾ സമർപ്പിക്കണം. ഇത് അവരുടെ സിവിൽ സർവീസ് യാത്രയുടെ നിർണായക നിമിഷങ്ങളെ അടയാളപ്പെടുത്തും. തിരഞ്ഞെടുത്ത എൻട്രികളുടെ സമാഹാരം 2026 ലെ ശതാബ്ദി വർഷത്തിൽ പ്രസിദ്ധീകരിക്കും.

വിശ്വാസത്തിൻ്റെയും തുടർച്ചയുടെയും സംരക്ഷകനെന്ന നിലയിൽ യുപിഎസ്‌സിയുടെ ചുമതലയെ പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോയുടെ പ്രകാശനവും നടന്നു. അധികാരത്തെയും രാഷ്ട്രത്തിനായുള്ള സേവനത്തെയും പ്രതിനിധീകരിക്കുന്ന ദേശീയ ചിഹ്നമാണ് ഇതിൻ്റെ കാതൽ. ജ്ഞാനത്തെയും പ്രതിരോധശേഷിയെയും പ്രതീകപ്പെടുത്തുന്ന ആൽമരത്തിൻ്റെ ഇലകളാൽ ഇത് ആവൃതമായിരിക്കുന്നു. സംഘ ലോക് സേവ എന്ന് ആലേഖനം ചെയ്ത ഒരു റിബൺ കൊണ്ട് ബന്ധിതമായിരിക്കുന്ന ലോഗോ ഉത്തരവാദിത്വത്തിൻ്റെയും കടമയുടെയും മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നു.

ഇതിനു പൂരകമായി, തുടർച്ചയെയും പരിവർത്തനത്തെയും പ്രതിനിധീകരിക്കുന്ന വിധത്തിലാണ് ശതാബ്ദി ലോഗോയും രൂപകല്പന ചെയ്തിരിക്കുന്നത്. 100നെ പ്രതിഫലിപ്പിക്കുന്ന ലോഗോയിലെ തരംഗരൂപം കമ്മീഷൻ്റെ - പുരോഗമനപരവും നിതാന്തവും പൊരുത്തപ്പെടുന്നതുമായ - ഒരു ശതാബ്ദത്തിലെ യാത്രയെ സൂചിപ്പിക്കുന്നു. '100' ൻ്റെ അവസാന '0' ൽ യു പി എസ് സിയുടെ ലോഗോ ചേർത്തിരിക്കുന്നു. ഇന്ത്യയുടെ ഭരണ പരിണാമത്തിലെ ഓരോ നാഴികക്കല്ലിലും കമ്മീഷൻ്റെ കേന്ദ്ര സ്ഥാനത്തെ ഇത് എടുത്തു കാണിക്കുന്നു.

നേരത്തെ, 99-ാമത് സ്ഥാപക ദിനത്തിൽ വിശിഷ്ട വ്യക്തികളെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അതിഥികളെയും യുപിഎസ്‌സി സെക്രട്ടറി ശ്രീ ശശി രഞ്ജൻ കുമാർ സ്വാഗതം ചെയ്തു. ഭരണഘടനാ മൂല്യങ്ങളോടുള്ള അതിൻ്റെ വിശ്വസ്തതയും പൊതുസേവനത്തിനായി കഴിവും സത്യസന്ധതയും ഉള്ള വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വവുമാണ് കമ്മീഷൻ്റെ ഒരു നൂറ്റാണ്ടിലെ യാത്രയെ നിർവചിക്കുന്നത്. യുപിഎസ്‌സി, 100-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, സവിശേഷമായ ഭൂതകാലത്തെ അനുസ്മരിക്കാൻ മാത്രമല്ല, ഭാവിയിലേക്ക് പ്രതിജ്ഞാബദ്ധരാകാനും കൂടിയുള്ളതാണ് ഈ അവസരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സ്ഥാപനത്തിൻ്റെ പൈതൃകത്തെ ആദരിക്കുന്നതിനോടൊപ്പം ഭരണത്തിൽ ഉരുത്തിരിയുന്ന ദേശീയ, ആഗോള വെല്ലുവിളികളുമായി പൊരുത്തപ്പെടാനുള്ള അതിൻ്റെ ദൃഢനിശ്ചയം പ്രതിഫലിപ്പിക്കുന്നതിനുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സെക്രട്ടറി പരാമർശിച്ചു.

 1919 ലെ ഇന്ത്യാ ഗവൺമെൻ്റ് ആക്ടിലെ വ്യവസ്ഥകൾക്കും ലീ കമ്മീഷൻ്റെ ശുപാർശകൾക്കും അനുസൃതമായി 1926 ഒക്ടോബർ 1 ന് സ്ഥാപിതമായ യുപിഎസ്‌സി, ഏകദേശം ഒരു നൂറ്റാണ്ടോളമായി ഇന്ത്യയുടെ മെറിറ്റ് അധിഷ്ഠിത സിവിൽ സർവീസ് മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നു. ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കവേ, ഭാവിയിലേക്കായി പുതിയ വെല്ലുവിളികളും അവസരങ്ങളും സ്വീകരിക്കുന്നതിനൊപ്പം അതിൻ്റെ പൈതൃകമുയർത്തിപ്പിടിക്കാനും കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്.

 

Screenshot 2025-09-30 at 2.28.33 PM

Centenary Logo:

Screenshot 2025-09-30 at 2.26.40 PM

*********************


(Release ID: 2173893) Visitor Counter : 8
Read this release in: English , Urdu , Hindi