തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും ECI കേന്ദ്ര നിരീക്ഷകരെ നിയോഗിക്കും
നിരീക്ഷകർ പൊതു-പൊലീസ്-ചെലവ് വിഭാഗങ്ങളിൽ
Posted On:
28 SEP 2025 2:15PM by PIB Thiruvananthpuram
- ഭരണഘടനയുടെ 324-ാം അനുച്ഛേദവും 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 20 B വകുപ്പും നൽകുന്ന അധികാരങ്ങൾപ്രകാരം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുനടപടികൾ നിരീക്ഷിക്കാൻ ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്രനിരീക്ഷകരെ നിയോഗിക്കും.
- നിയമനംമുതൽ തെരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാകുന്നതുവരെയുള്ള കാലയളവിൽ കമ്മീഷന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും അച്ചടക്കത്തിലുമാണു നിരീക്ഷകരുടെ പ്രവർത്തനം.
- നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ അടിത്തറയായ തെരഞ്ഞെടുപ്പുകളുടെ നീതിയുക്തവും നിഷ്പക്ഷവും വിശ്വാസപൂർണവുമായ നടത്തിപ്പ് ഉറപ്പാക്കുക എന്ന നിർണായകവും ഗൗരവമേറിയതുമായ ഉത്തരവാദിത്വമാണു നിരീക്ഷകർക്കുള്ളത്. ഈ ഉദ്യോഗസ്ഥർ കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കുകയും, കൃത്യമായ ഇടവേളകളിലും ആവശ്യമുള്ളപ്പോഴും കമ്മീഷനു റിപ്പോർട്ടുകൾ നൽകുകയും ചെയ്യും.
- സ്വതന്ത്രവും നീതിയുക്തവും സുതാര്യവും ഏവരെയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പുകൾ നടത്തുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റാൻ നിരീക്ഷകർ കമ്മീഷനെ സഹായിക്കും. മാത്രമല്ല, വോട്ടർമാരുടെ അവബോധം വർധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പുകളിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവർ സംഭാവനയേകും.
- മെച്ചപ്പെടുത്തലുകൾ വരുത്തേണ്ട മേഖലകൾ തിരിച്ചറിയുന്നതും, നിർദിഷ്ട-പ്രായോഗിക ശുപാർശകൾ രൂപപ്പെടുത്തുന്നതുമാണു നിരീക്ഷകരുടെ പ്രധാന ലക്ഷ്യം.
- ഭരണപരമായ സേവനങ്ങളിലെ ഉയർന്നസ്ഥാനവും ദീർഘകാല പരിചയവും കണക്കിലെടുത്ത്, സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പുകൾ നടത്താൻ പൊതു-പൊലീസ് നിരീക്ഷകർ കമ്മീഷനെ സഹായിക്കും. താഴേത്തട്ടിൽ തെരഞ്ഞെടുപ്പുപ്രക്രിയയുടെ കാര്യക്ഷമവും ഫലപ്രദവുമായ നടത്തിപ്പിനും അവർ മേൽനോട്ടം വഹിക്കും.
- സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുചെലവുകൾ നിരീക്ഷിക്കാനാണു ചെലവുനിരീക്ഷകരെ നിയമിക്കുന്നത്.
- ബിഹാറിലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ജമ്മു കശ്മീർ (നിയമസഭാമണ്ഡലങ്ങൾ (AC) - ബഡ്ഗാം, നഗ്രോട്ട), രാജസ്ഥാൻ (AC - അന്ത), ഝാർഖണ്ഡ് (AC - ഘാട്‌ശില), തെലങ്കാന (AC - ജൂബിലി ഹിൽസ്), പഞ്ചാബ് (AC - തരൻ താരൻ), മിസോറം (AC - ഡമ്പ), ഒഡിഷ (AC - നുവാപഡ) എന്നിവിടങ്ങളിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കുമായി വിവിധ സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 470 ഉദ്യോഗസ്ഥരെ (320 IAS, 60 IPS, 90 IRS/IRAS/ICAS) കേന്ദ്രനിരീക്ഷകരായി (പൊതു-പൊലീസ്- ചെലവ് വിഭാഗങ്ങളിൽ) വിന്യസിക്കാൻ ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചു.
-AT-
(Release ID: 2172537)
Visitor Counter : 3